- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജദ്രോഹക്കേസ്: ഐഷ സുൽത്താനയെ ചോദ്യംചെയ്ത് വിട്ടയച്ചു; ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും; ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തത് കവരത്തിയിലെ പൊലീസ് ആസ്ഥാനത്ത്
കവരത്തി: കേന്ദ്രസർക്കാരിനെതിരായ ജൈവായുധ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. കവരത്തിയിലെ പൊലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. മൂന്ന് മണിക്കൂർ നേരം ചോദ്യം ചെയ്യൽ നീണ്ടു. അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ആവശ്യമെങ്കിൽ ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് അഭിഭാഷകനൊപ്പമാണ് ഐഷ ചോദ്യംചെയ്യലിനു കവരത്തി പൊലീസ് ഹെഡ്ക്വാട്ടേസിൽ ഹാജരായത്.പൊലീസ് സ്റ്റേഷനിൽ ഹാജരാകാനായിരുന്നു ആദ്യം നോട്ടീസ് നൽകിയിരുന്നത്. പിന്നീട് എസ് പി ഓഫീസിലേക്ക് മാറ്റുകയായിരുന്നു. ചോദ്യം ചെയ്യൽ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടക്കേണ്ടതുണ്ടെന്ന നിരീക്ഷണത്തെ തുടർന്ന് ഐഷയെ എസ് പി ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു. കളക്ടറുടെ നിർദ്ദേശപ്രകാരമാണ് തീരുമാനമെന്നാണ് സൂചന.
ചോദ്യം ചെയ്യലിന് ഹാജരാകാനായി കഴിഞ്ഞ ദിവസമാണ് ഐഷ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെത്തിയത്. നാല് ദിവസം കൂടി ആയിഷ ലക്ഷദ്വീപിൽ തുടരും. ശനിയാഴ്ച ഉച്ചയ്ക്കു 12ന്റെ വിമാനത്തിൽ കൊച്ചിയിൽനിന്നു അഗത്തിയിലെത്തിയ ഐഷയും അഭിഭാഷകനും അവിടെനിന്നു ഹെലികോപ്റ്ററിലാണ് കവരത്തിയിലെത്തിയത്.
ചാനൽ ചർച്ചയ്ക്കിടെ കേന്ദ്രസർക്കാരിനെതിരെ 'ബയോവെപ്പൺ' എന്ന പരാമർശം ഉന്നയിച്ചത് ചോദ്യം ചെയ്ത് ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ നൽകിയ പരാതിയിലാണ് നടപടി. രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പെടുന്ന 12 എ,153 ബി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റടക്കമുള്ള നടപടിയിലേക്ക് കടക്കുകയാണെങ്കിൽ 50,000 രൂപയും രണ്ട് ആൾജാമ്യത്തിലും ഐഷയ്ക്ക് താൽക്കാലിക ജാമ്യം അനുവദിക്കാമെന്നാണ് കോടതി ഉത്തരവ്.
രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും അംഗീകരിക്കുന്നതിൽ നിന്നും ജനങ്ങളെ തടയാനും കേന്ദ്ര സർക്കാരിനെതിരായ വികാരം ലക്ഷദ്വീപിലെ പ്രാദേശിക ജനസമൂഹത്തിലെ ജനങ്ങൾക്കിടയിൽ ഇളക്കിവിട്ടു. ലക്ഷദ്വീപിലെ ജനങ്ങൾക്കുമേൽ കൊറോണ വൈറസിനെ ബയോ വെപ്പണായി ഉപയോഗിച്ചു എന്ന് വ്യാജമായി പറഞ്ഞതിലൂടെ ലക്ഷദ്വീപിലെ ജനങ്ങൾക്ക് രാജ്യത്തെ മറ്റിടങ്ങളിലെ ജനങ്ങളോട് അസഹിഷ്ണുതയും ശത്രുതാമനോഭാവവും ഉടലെടുക്കാൻ കാരണമായതായി എഫ്.ഐ.ആറിൽ പറയുന്നു.
പൊലീസ് എഫ്.ഐ.ആറിൽ പറയുന്ന തരത്തിൽ ദേശദ്രോഹക്കുറ്റം ചെയ്തിട്ടില്ലെന്നാണ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കവെ ഐഷ കോടതിയിൽ വാദിച്ചത്. ഭരണകൂടത്തിന് എതിരായ വിമർശനം ദേശ ദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്ന സുപ്രീംകോടതി അടുത്തിടെ സ്വീകരിച്ച നിലപാടുകളും ഐഷ ചൂണ്ടിക്കാട്ടി. ചാനൽ ചർച്ചയ്ക്കിടെ ആശയവിനിമയം തകരാറിലായതിനാൽ ചില തകരാറുകൾ ഉണ്ടായെന്നും ഐഷ പറഞ്ഞു.
എന്നാൽ ഐഷ സുൽത്താനയക്കെതിരായ രാജ്യദ്രോഹകേസിൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ലക്ഷദ്വീപ് പൊലീസും കോടതിയിൽ നിലപാടറിയിച്ചു. അറസ്റ്റ് ചെയ്യപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്നില്ലെന്ന് പൊലീസ് ഹർജിയിൽ പറയുന്നു. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടത്. ഐഷയ്ക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നതാണ്. ക്രിമിനൽ നടപടി ചട്ടം 41 അ പ്രകാരമാണ് നോട്ടീസ് നൽകിയതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്നായിരുന്നു പൊലീസ് വാദം. ഇതു പരിഗണിച്ച കോടതി ഉപാധികളും അനുവദിച്ചു . ബയോവെപ്പൺ പരാമർശത്തിൽ ലക്ഷദ്വീപ് പൊലീസ് രജിസ്റ്റർ ചെയ്ത അന്വേഷണവുമായി ഐഷ സുൽത്താന സഹകരിക്കണമെന്ന് തുടർന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
അതേസമയം കേരള ഹൈക്കോടതിയുടെ പരിധിയിൽ നിന്ന് ലക്ഷദ്വീപിനെ മാറ്റാൻ ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ശുപാർശ. ദ്വീപിനെ കർണ്ണാടക ഹൈക്കോടതിയുടെ കീഴിലേക്ക് മാറ്റാനുള്ള ശുപാർശയാണ് പ്രഫുൽ ഖോഡ പട്ടേൽ മുന്നോട്ടുവെച്ചിരിക്കുന്നത്. കേരളവും ദ്വീപും തമ്മിലുള്ള ബന്ധം പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ദ്വീപ് ഭരണകൂടത്തിന്റേത്. നേരത്തെ ചരക്കസേവന നടപടികൾ ബേപ്പൂരിൽ നിന്നും മംഗലാപുരത്തേക്ക് മാറ്റാനുള്ള നടപടികളിലേക്കും ഭരണകൂടം കടന്നിരുന്നു. ഭരണപരിഷ്കാരങ്ങൾ തുടരും എന്ന സൂചനയാണ് ദ്വീപിനെ കർണ്ണാടക ഹൈക്കോടതിയുടെ പരിധിയിലിൽ ഉൾപ്പെടുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വേണം കരുതാൻ.
ന്യൂസ് ഡെസ്ക്