- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിക്ഷാടന മാഫിയയിൽ നിന്നും രക്ഷിച്ചെടുത്ത കരുതൽ; രണ്ടു പതിറ്റാണ്ടിന് ശേഷവും തേടിയെത്തി; ഒറ്റ മുറിയിലെ ജീവിത ദുരിതം അറിഞ്ഞപ്പോൾ ഒപ്പമുണ്ടെന്ന് വാഗ്ദാനം; കാവശ്ശേരിയിലെ ശ്രീദേവിയുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സുരേഷ് ഗോപി; സ്ഥലം സർക്കാർ നൽകിയാലുടൻ വീട് യാഥാർത്ഥ്യമാകും
പാലക്കാട്: രണ്ടു പതിറ്റാണ്ട് മുമ്പ് ഭിക്ഷാടന മാഫിയയിൽ രക്ഷിച്ചെടുത്ത അന്നത്തെ ആ പെൺകുട്ടിയുടെ കുടുംബത്തോട് ഒപ്പമുള്ള ജീവിതം സുരക്ഷിതമാക്കാനും കരുതലും കൈത്താങ്ങുമായി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. കാവശ്ശേരിയിലെ ശ്രീദേവിയുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഒപ്പമുണ്ടെന്ന് നൽകിയ വാഗ്ദാനം പാലിക്കപ്പെടാൻ വഴി ഒരുക്കുകയാണ് സുരേഷ് ഗോപി എംപി.
ശ്രീദേവിക്ക് കേരള സർക്കാരോ അല്ലെങ്കിൽ കാവശ്ശേരി പഞ്ചായത്തോ വീട് വെക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് അഞ്ചു മുതൽ ആറ് ലക്ഷം രൂപ വരെ ചെലവഴിച്ച് വീട് വെച്ച് കൊടുക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് കൃഷ്ണദാസിനെ അറിയിച്ചു.
കോട്ടയം ജില്ലയിലുള്ള ഏറ്റുമാനൂർ സ്വദേശികളായ ഒരുകൂട്ടം ആളുകളാണ് ഈ ദൗത്യം പൂർത്തിയാക്കാൻ സുരേഷ് ഗോപിയെ സമീപിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം സുരേഷ് ഗോപി ശ്രീദേവിയെ വീട്ടിലെത്തി കണ്ടിരുന്നു.
ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും രണ്ടു പതിറ്റാണ്ട് മുമ്പ് രക്ഷിച്ചെടുത്ത പെൺകുട്ടിയെ കാണാൻ നടൻ സുരേഷ് ഗോപി വീണ്ടുമെത്തിയത് വലിയ വാർത്തയായിരുന്നു. പലഹാരങ്ങൾ നൽകി അവളുടെ വിഷമങ്ങൾ കേട്ടാശ്വസിപ്പിച്ചാണ് താരം മടങ്ങിയത്. ആലത്തൂർ കാവശേരിയിലെ ശിവാനി ഫാൻസി സ്റ്റോഴ്സിലെത്തിയാണ് സുരേഷ് ഗോപി ശ്രീദേവിയെ കണ്ടത്.
ശ്രീദേവിയുടെയും ഭർത്താവ് സതീശന്റെയും മൂന്നുവയസ്സസുള്ള ശിവാനിയുടെയെയും കാത്തുനിൽപ്പ് അവസാനിപ്പിച്ച് നടനും എംപിയുമായ സുരേഷ് ഗോപിയെത്തിയതോടെ ശ്രീദേവി വിതുമ്പിക്കരഞ്ഞു.ഇരുപത്തിമൂന്നു കൊല്ലം മുമ്പ് ജനസേവ ശിശുഭവനിൽ വച്ചാണ് അനാഥയായ ശ്രീദേവിയെ സുരേഷ് ഗോപി കാണുന്നത്.
തെരുവിൽ അമ്മ ഉപേക്ഷിച്ചുപോയ പെൺകുട്ടി. വിവാഹപ്രായമെത്തിയപ്പോൾ അവൾക്ക് പാലക്കാടുനിന്ന് സതീശന്റെ ആലോചനയെത്തി. വിവാഹശേഷം സതീശന്റെ വീട്ടുകാരിൽ നിന്ന് നല്ല അനുഭവമല്ല ഇരുവർക്കുമുണ്ടായത്. മറ്റു മാർഗമില്ലാതായതോടെ ഫാൻസി കടയുടെ പിന്നിലെ ഒറ്റ മുറിയിൽ ഇവർ ജീവിതം തുടങ്ങി.
പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷ പരിപാടിക്കായി സുരേഷ് ഗോപി പാലക്കാട് എത്തുന്നെന്ന് അറിഞ്ഞാണ് കാണാൻ ആഗ്രഹമുണ്ടെന്ന് ഇവർ എംപിയെ അറിയിച്ചത്. കൈനിറയെ പലഹാരവുമായാണ് സുരേഷ് ഗോപി കാവശേരിയിലെത്തിയത്.
''അന്നുകണ്ട നിന്റെ മുഖം ഇപ്പോഴും ഓർമയുണ്ട് മകളേ'' -സുരേഷ് ഗോപി പറഞ്ഞപ്പോൾ ഓർമകളുടെ തിരതള്ളലിൽ ശ്രീദേവി വിതുമ്പിക്കൊണ്ട് ആ നെഞ്ചോടുചേർന്നു. ഒരുനിമിഷം അവർ അച്ഛനും മകളുമായി. പൊതിഞ്ഞുകൊണ്ടുവന്ന പലഹാരങ്ങൾ അവൾക്ക് നൽകി. പൊതിതുറന്ന് ശ്രീദേവി മകൾ ശിവാനിക്ക് അതുകൊടുത്തപ്പോൾ മുത്തച്ഛനെപ്പോലെ സുരേഷ് ഗോപി നോക്കിയിരുന്നു. എല്ലാം ശരിയാകുമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ സങ്കടങ്ങൾമറന്ന് അവൾ പറഞ്ഞു -''സന്തോഷമായി, സ്വർഗംകിട്ടിയപോലെ. എനിക്ക് അച്ഛനും എല്ലാവരുമുണ്ട്.''
സിനിമാക്കഥപോലെതന്നെയാണ് ശ്രീദേവിയുടെ ജീവിതവും. 25 വർഷംമുമ്പ് മലപ്പുറം കോട്ടയ്ക്കൽ പൂക്കിപ്പറമ്പിലെ കടത്തിണ്ണയിൽ ഉറുമ്പരിച്ച് കൈകാലിട്ടടിച്ചുകരഞ്ഞ ചോരക്കുഞ്ഞായിരുന്നു അവൾ. കോഴിച്ചന്ന കണ്ടംതിറയിലെ നാടോടിയായ തങ്കമ്മ എന്ന എൺപതുകാരി അന്ന് മകളായി ഏറ്റെടുത്തു. പുറമ്പോക്കിലെ കുടിലിൽ പ്രസവിച്ചുകിടന്നിരുന്ന തങ്കമ്മയുടെ മകൾ വേട്ടക്കാരി അവളെയും മുലയൂട്ടി. തങ്കമ്മ ആക്രിപെറുക്കിയും നാട്ടുകാരുടെ സഹായംകൊണ്ടും ശ്രീദേവിയെ വളർത്തി. നാടോടികൾക്കൊപ്പം വളരുന്ന സുന്ദരിക്കുട്ടി മാധ്യമങ്ങളിൽ വാർത്തയായി.
കോഴിച്ചന്ന എ.എം.എൽ.പി. സ്കൂളിൽ ശ്രീദേവിയെ ചേർത്തപ്പോൾ തങ്കമ്മയെ ഒരു ചിന്ത അലട്ടി. തന്റെ കാലശേഷം ഇവളെ ആര് സംരക്ഷിക്കും. ഭിക്ഷാടനവും ആക്രിശേഖരണവും നടത്തുന്ന നാടോടിക്കൂട്ടത്തിലെ ചിലർ ശ്രീദേവിയെ ഉപദ്രവിച്ചു തുടങ്ങിയതും ഈ ആശങ്കയ്ക്ക് കാരണമായി. നടൻ ശ്രീരാമനിൽനിന്ന് ഇക്കഥകൾ കേട്ടറിഞ്ഞ സുരേഷ് ഗോപി വീടുവെച്ച് കൊടുക്കാൻ ശ്രമംനടത്തിയെങ്കിലും അത് ഫലപ്രാപ്തിയിലെത്തിയില്ല.
മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അവളെ ആലുവയിൽ ജോസ് മാവേലി നടത്തുന്ന ജനസേവാ ശിശുഭവന്റെ സംരക്ഷണയിലാക്കി. ഇവിടെയായിരിക്കുമ്പോഴാണ് ശ്രീദേവിയെ സുരേഷ് ഗോപി കാണുന്നത്. 'രാഷ്ട്രം' എന്ന ചലച്ചിത്രത്തിന്റെ ഒരുഭാഗം ജനസേവാ ശിശുഭവനിൽ ചിത്രീകരിച്ചപ്പോഴാണിത്. ശിശുഭവന്റെ സംരക്ഷണയിൽ പത്താംക്ലാസുവരെ പഠനം പൂർത്തിയാക്കി. 2015-ൽ വിവാഹംകഴിഞ്ഞ് പാലക്കാട് ആലത്തൂരിനടുത്ത് കാവശ്ശേരിയിലുള്ള ഭർത്തൃവീട്ടിലെത്തി.
കാവശ്ശേരിസ്വദേശി സതീഷ് പത്രപ്പരസ്യം കണ്ടാണ് ശ്രീദേവിയെ വിവാഹമാലോചിച്ചത്. വീട്ടുകാർ ആദ്യം എതിർത്തില്ലെങ്കിലും പിന്നീട് അഭിപ്രായവ്യത്യാസമായി. സതീഷ് കാവശ്ശേരി ഗ്രാമപ്പഞ്ചായത്തോഫീസിന് സമീപത്ത് ആരംഭിച്ച സ്റ്റേഷനറിക്കടയുടെ പിന്നിലുള്ള മുറിയിലേക്ക് ഇവർക്ക് താമസംമാറ്റേണ്ടിവന്നു. ഇത് വാടകക്കെട്ടിടമാണ്.
മകൾ ശിവാനി ഇവരുടെ ജീവിതത്തിലേക്കെത്തിയിട്ട് നാലരവർഷമായി. കടനടത്താൻ നാലുലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്. കോവിഡ് വന്നതോടെ കച്ചവടം കുറഞ്ഞതുമൂലം വായ്പ കുടിശ്ശികയായി. ഇവരുടെ ദുരിതം മനസ്സിലാക്കിയ ബിജെപി. സംസ്ഥാനസമിതി അംഗം സി.എസ്. ദാസാണ് സുരേഷ് ഗോപിയെ ഇക്കാര്യങ്ങൾ അറിയിച്ചത്. പഴയ ശ്രീദേവിയെ ഓർമിച്ചെടുത്ത അദ്ദേഹം നേരിൽവന്ന് കാണാൻ തീരുമാനിക്കയായിരുന്നു. സ്വന്തംവീടില്ല, കടബാധ്യത തുടങ്ങിയ സങ്കടങ്ങളൊക്കെ അവൾ പറഞ്ഞു. എല്ലാം പരിഹരിക്കാനുള്ള വഴിതെളിയുമെന്ന സുരേഷ് ഗോപിയുടെ വാക്കുകളിൽ ഉറച്ചു വിശ്വസിച്ച ആ കുടുംബത്തിന്റെ പ്രതീക്ഷകൾ പൂവണിയുകയാണ്.
ന്യൂസ് ഡെസ്ക്