ന്യൂഡൽഹി: കാവേരി നദീജല തർക്കത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ തമിഴ്‌നാടിന് കർണാടകം വെള്ളം വിട്ടുനൽകണമെന്ന് കാവേരി മേൽനോട്ട സമിതി നിർദ്ദേശിച്ചു. ബുധനാഴ്ച മുതൽ തമിഴ്‌നാടിന് പ്രതിദിനം 3,000 ഘന അടി വെള്ളം നൽകണമെന്നാണ് കാവേരി മേൽനോട്ട സമിതി നിർദ്ദേശിച്ചിരിക്കുന്നത്.

സമിതിയുടെ തീരുമാനം സുപ്രീംകോടതിയെ അറിയിക്കും. ഇക്കാര്യത്തിൽ അന്തിമതീരുമാനം സുപ്രീം കോടതിയുടേതായിരിക്കും. നിലവിൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം കർണാടകം 12,000 ഘന അടി വെള്ളമാണ് നൽകുന്നത്. ഈ ഉത്തരവിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. തമിഴ്‌നാടിന് വെള്ളം നൽകണമെന്ന ഉത്തരവിനെതിരെ കർണാടകം സമർപ്പിച്ച പുനഃപരിശോധനാ ഹർജി ചൊവ്വാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

മേൽനോട്ട സമിതിയുടെ നിർദ്ദേശത്തിലുള്ള എതിർപ്പ് സുപ്രീം കോടതിയെ അറിയിക്കുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി.