കൊച്ചി: കെവിൻ വധക്കേസ് പ്രതി ടിറ്റു ജെറോമിനെ ജയിലിൽ മർദ്ദിച്ച സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം.

പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ടിറ്റു ജെറോമിനെ കാണാൻ മാതാപിതാക്കളെ അനുവദിക്കണമെന്ന ഉത്തരവ് നടപ്പിലാക്കാതിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിർദ്ദേശം. ഓൺലൈനായി കോടതിക്ക് മുൻപാകെ ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്.

ടിറ്റു ജെറോമിനെ പൂജപ്പുര സെൻട്രൽ ജയിലിൽ വെച്ച് മർദ്ദിച്ചത് ജയിൽ ജീവനക്കാരാണെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തന്നെ മർദ്ദിച്ചത് ചില ജയിൽ ഉദ്യോഗസ്ഥരാണെന്ന് ടിറ്റു മൊഴി നൽകിയെന്നാണ് ജഡ്ജിയുടെ റിപ്പോർട്ടിലുണ്ടായിരുന്നത്.

മർദ്ദനത്തെ തുടർന്ന് ടിറ്റു മെഡിക്കൽ കോളേജ് കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിലായിരുന്ന ടിറ്റുവിന് ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഡിസംബർ 24 ന് ചില തടവുകാർ ജയിലിൽ വെച്ച് മദ്യപിച്ചിരുന്നു. ഇതേച്ചൊല്ലി ചില പ്രശ്നങ്ങൾ പിന്നീട് ഉണ്ടായെന്നും ഇതിന്റെ പേരിലാണ് ഉദ്യോഗസ്ഥർ മർദ്ദിച്ചതെന്നുമാണ് ടിറ്റു മൊഴി നൽകിയത്.