കുരിശിലെ മരണവും ഉയിർപ്പിന്റെ മുദ്രയും
ഇന്നീ പ്രപഞ്ചത്തിൽ മാറ്റൊലിക്കൊള്ളുന്നു.
കാൽവറി മലയിലെ കുരിശിൻ കീഴിൽ
മേലങ്കിക്കായി കുറിയിടുന്നവർ നമ്മൾ-
ചെറു ചെറു ലാഭത്തിനായുള്ള ഓട്ടത്തിൽ
വൻ ജീവൻ മറക്കും പടയാളികൾ നാം.
എത്ര നേടിയിട്ടും വ്യക്തിജീവിതത്തിൽ
ക്രിസ്തുവിനെ അനുഭവിക്കാത്തവർ ഹതഭാഗ്യർ
സദാ ഭക്തിയും ബാഹ്യപ്രകടനങ്ങളും നീക്കി
ക്രൂശിലെ വേദന കൊടിയാക്കി ഉയർത്തണം.
കാൽവറിയിലെ മനോഭാവത്തിൽ നിന്നും
ഉയിർപ്പിന്റെ ലോകത്തിലേയ്ക്കു പ്രവേശിക്കാം.
അനുഗ്രഹമല്ല, സ്‌നേഹത്തിൻ അളവുകോൽ
ആത്മാർത്ഥതയിൽ, നിത്യസ്‌നേഹം നിറയണം.
പുത്രനെ അടക്കിയ ശൂന്യമാം കല്ലറ
ജീവന്റെ നീരുറവയാം കിണറാക്കിമാറ്റാം.
ഉത്ഥിതനാം ക്രിസ്തു ഗലീലയിലേക്കു പോയി
വിശ്വാസത്താൽ ശിഷ്യരെ കർമ്മശാലികളാക്കി.
'യുഗാന്ത്യത്തോളം ഞാൻ കൂടെയുണ്ടെന്നു'റപ്പ്
ഉയിർപ്പിൻ സാക്ഷികളാകാൻ ശക്തിപകരട്ടെ!


ശാന്തമ്മ വർഗീസ്,
പട്ടശേരിൽ, മണർകാട്, കോട്ടയം
റിട്ടയേർഡ് ഹൈസ്‌കൂൾ അദ്ധ്യാപികയായ കവയിത്രി കേരള സംസ്ഥാന സർക്കാരിന്റെ മികച്ച അദ്ധ്യാപികയ്ക്കുള്ള അവാർഡ് ജേതാവുകൂടിയാണ്. നിരവധി കവിതകളും ലേഖനം എഴുതിയിട്ടുണ്ട്.