പട്ടാമ്പി: ഇന്ത്യയിൽ കവിതയ്ക്കു വേണ്ടി മാത്രമായി നടത്തുന്ന ഏറ്റവും വലിയ ഉത്സവത്തിന് നാളെ പട്ടാമ്പിയിൽ തുടക്കം. പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളജ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കവിതയുടെ കാർണിവൽ പ്രശസ്ത ഫൊട്ടോഗ്രാഫറും ക്യൂറേറ്ററുമായ റാം റഹ്മാൻ ഉദ്ഘാടനം ചെയ്യും.രാവിലെ ഒമ്പതരയ്ക്കു കന്നഡ നാടക സംവിധായകൻ പ്രസന്ന വിശിഷ്ടാതിഥിയിയാരിക്കും.

മൂന്നു ദിവസങ്ങളിലായി പട്ടാമ്പി സംസ്‌കൃത കോളജിലെ മൂന്നു വേദികൽലായാണ് കവിതയുടെ കാർണിവൽ സംഘടിപ്പിക്കുന്നത്. വിവിധ വേദികളിലായി നാളെ പ്രബന്ധാവതരണങ്ങളും ചർച്ചകളും നടക്കും. നാടൻപാട്ടുകളിലെ സാമൂഹിക പ്രതിരോധ ചരിത്രം എന്ന വിഷയത്തിൽ എൻ പ്രഭാകരൻ, മാപ്പിളപ്പാട്ടുകളിലെ കോളനി വിരുദ്ധ പാഠങ്ങളെക്കുറിച്ച് ടി കെ ഹംസ, ഗോത്രസമൂഹങ്ങളിലെ കവിത എന്ന വിഷയത്തിൽ വി മുസഫർ അഹമ്മദ്, എന്റെ കവിത എന്റെ പ്രതിരോധം എന്ന വിഷയത്തിൽ വീരാൻകുട്ടി, കർഷകത്തൊഴിലാളി മുന്നേറ്റവും പുരോഗമന സാഹിത്യവും എന്ന വിഷയത്തിൽ കെ ഇ എൻ കുഞ്ഞഹമ്മദ് എന്നിവർ പ്രഭാഷണം നടത്തും.

കോളജ് വിദ്യാർത്ഥികൾക്കായി കാലിക്കട്ട് യൂണിവേഴ്സിറ്റി യൂണിയന്റെ സഹകരണത്തോടെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കവിതാ ക്യാമ്പും കവിതയുടെ കാർണിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കവി പി രാമന്റെ നേതൃത്വത്തിലാണ് ക്യാമ്പ്. കേരളത്തിലെ കലാലയങ്ങളിൽനിന്നായി തെരഞ്ഞെടുത്ത 25 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ മൂന്നു ദിവസത്തെ ചിത്രരചനാ ക്യാമ്പും കാർണിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കെ സുധീഷ്‌കുമാർ, സക്കീർ ഹുസൈൻ, ഷാജി അപ്പുക്കുട്ടൻ, പ്രേംജി, സുരേഷ് ഡാവിഞ്ചി, ഡോ. കൽക്കി സുബ്രഹ്മണ്യം, അഞ്ജു ആചാര്യ, രാജേഷ് മോൻജി എന്നീ ചിത്രകാരന്മാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

വൈകിട്ട് ബംഗളുരു സൃഷ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട് ഡിസൈൻ ആൻഡ് ടെക്നോളജി അവതരിപ്പിക്കുന്ന പോയട്രി പെർഫോമൻസ്, പ്രകാശ് ബാരെ ആവിഷ്‌കരിക്കുന്ന തവിട്ടു പ്രഭാതം, കെ പി ശശികുമാർ അവതരിപ്പിക്കുന്ന രാവണപുത്രി മോണോഡ്രാമയും കേരള ഫോക് ലോർ അക്കാദമി അവതരിപ്പിക്കുന്ന പൊറാട്ടു നാടകവും പടയണിയും അരങ്ങേറും.

പട്ടാമ്പി സംസ്‌കൃത കോളജ് മലയാള വിഭാഗം സംഘടിപ്പിക്കുന്ന കവിതയുടെ കാർണിവലിന്റെ മൂന്നാം പതിപ്പിനാണ് നാളെ തുടക്കമാകുന്നത്. കവിത, പ്രതിരോധം, പ്രതിസംസ്‌കൃതി എന്നതാണ് ഇക്കുറി പ്രമേയം. ശനി ഞായർ ദിവസങ്ങളിലായി തുടരുന്ന കാർണിവലിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കവികളും നിരൂപകരും സാമൂഹിക ചിന്തകരും വിവിധ സെഷനുകൽലായി പങ്കെടുക്കും.