തിരുവനന്തപുരം: ന്യൂജനറേഷൻ താരങ്ങൾക്ക് സിനിമയിൽ അമ്മമാരെ വേണ്ടെന്ന് നടി കവിയൂർ പൊന്നമ്മ. ഇതോടെ സിനിമയിൽ അവസരം കുറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയിൽ ആരോടും പരിഭവമില്ലെന്നും അവർ കൂട്ടിച്ചേർത്തു. അഞ്ചാമത് ഫീമെയിൽ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് കേരള സ്ത്രീപഠനകേന്ദ്രത്തിന്റെ പി.കെ. റോസി പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പൊന്നമ്മ.

സിനിമയിൽ എത്തിയതുമുതൽ അമ്മവേഷം ചെയ്യുന്നു. അന്ന് നസീറിന്റെയും സത്യന്റെയുമൊക്കെയായിരുന്നെങ്കിൽ ഇന്ന് മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ അമ്മയാണ്. ന്യൂജനറേഷൻ കാലത്തെ കുട്ടികൾക്ക് അമ്മമാരെ വേണ്ട. ആരെയും കുറ്റപ്പെടുത്തുന്നില്ല. തിരക്കഥയെഴുതുന്നതുതന്നെ ആരാണ് നായകനെന്ന് തീരുമാനിച്ച ശേഷമാണ്. അപ്പോൾപ്പിന്നെ ഇത്രയൊക്കെയേ ആഗ്രഹിക്കാവൂ. ഒരുകാലത്ത് ഓടിനടന്ന് അഭിനയിച്ചതല്ലേ. ഇനി കുറച്ച് വിശ്രമമൊക്കെയാകാം. പുതിയ താരങ്ങളിൽ നിവിൻ പോളിയെയും ഫഹദ് ഫാസിലിനെയും ഏറെ ഇഷ്ടമാണെന്നും കവിയൂർ പൊന്നമ്മ പറഞ്ഞു.

ജാതിയുടെയും മതത്തിന്റെയും പേരിൽ നടക്കുന്ന വേർതിരിവും തമ്മിലടിയും ഒരിക്കലും നല്ലതിനല്ല. എല്ലാറ്റിനെയും ഒന്നായി കാണാൻ പഠിക്കണം. വിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. അതിലൊരിക്കലും മറ്റുള്ളവർ കൈകടത്തരുതെന്നും അവർ പറഞ്ഞു. ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ നടി വിജയകുമാരി പുരസ്‌കാരം സമ്മാനിച്ചു.

100 ഡിഗ്രി സെൽഷ്യസാണ് കവിയൂർ പൊന്നമ്മ അവസാനമായി മലയാളത്തിൽ അഭിനയിച്ച സിനിമ. ഒരിടയ്ക്ക് എല്ലാ സിനിമകളിലും അമ്മ വേഷത്തിൽ ഉണ്ടായിരുന്ന കവിയൂർ പൊന്നമ്മ, കെപിഎസി ലളിത തുടങ്ങിയവർക്ക് ഇപ്പോൾ അവസരങ്ങൾ കുറഞ്ഞു വരികയാണ്. നേരത്തേ ഇതേ അഭിപ്രായവുമായി നടി സീനത്തും രംഗത്തെത്തിയിരുന്നു.