തൃശ്ശൂർ: തെരഞ്ഞെടുപ്പ് അടുത്തതോടെ സിനിമ താരങ്ങളിൽ പലരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. സുരേഷ് ഗോപിയാണ് ഏറ്റവും ആദ്യം നിലപാട് വ്യക്തമാക്കിയത്. ഇപ്പോൾ അദ്ദേഹം ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകൻ കൂടിയാണ്. പിന്നാലെ പല താരങ്ങളും പരസ്യമായി തന്നെ ബിജെപിക്ക് പിന്തുണയുമായി എത്തി. ഏറ്റവും ഒടുവിൽ ബിജെപിക്ക് പിന്തുണയുമായി എത്തിയത് മലയാള സിനിമയിലെ അമ്മതാരം കവിയൂർ പൊന്നമ്മയാണ്. മോദിയിൽ ആകൃഷ്ഠയായാണ് കവിയൂർ പൊന്നമ്മയും ബിജെപി അനുഭാവിയായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആരാധ്യ പുരുഷനാണെന്ന് കവിയൂർ പൊന്നമ്മ അഭിപ്രായപ്പെട്ടു. സത്യസന്ധത കൈ മുതലായുള്ള അദ്ദേഹത്തെ ഏവരും മാതൃകയാക്കേണ്ടതാണെന്നും പറയുന്നത് മാത്രം പ്രവർത്തിക്കുന്നൊരു മനുഷ്യനാണ് അദ്ദേഹമെന്നും അവർ പറഞ്ഞു.

നരേന്ദ്രമോദി ഉയർത്തുന്ന സന്ദേശങ്ങൾ വിജയത്തിലെത്തിക്കാൻ പ്രയത്‌നിക്കുന്നവരുടെ കൂട്ടത്തിൽ താനും ഒപ്പമുണ്ടാകുമെന്നും കവിയൂർ പൊന്നമ്മ പറഞ്ഞു. ബിജെപിയുടെ മണലൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ബിജെപിക്ക് വേണ്ടി സംവിധായകൻ ജയരാജ്, നടൻ ഭീമൻ രഘു എന്നിവർ മത്സര രംഗത്തുണ്ട്. സംവിധായകൻ പ്രിയദർശൻ, നിർമ്മാതാവ് സുരേഷ് തുടങ്ങിയവർ ഏറെക്കാരമായി ബിജെപി അനുഭാവം പുലർത്തുന്നവരാണ്. അതിനിടെ സോഷ്യൽ മീഡിയയിൽ അടക്കം തങ്ങൾ ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന അഭിപ്രായം രേഖപ്പെടുത്തുന്ന വിധത്തിൽ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതിന് എതിരെ താരങ്ങൽ രംഗത്തെത്തിയിരുന്നു. ബാലചന്ദ്ര മേനോൻ, മഞ്ജു വാര്യർ, പൃഥ്വിരാജ് തുടങ്ങിയവരാണ് ഇത്തരം സോഷ്യൽ മീഡിയാ പ്രചരണങ്ങൾക്കെതിരെ രംഗത്തെത്തിയത്.