കൊച്ചി: ഗൂഢാലോചന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കെ നടിയെ ആക്രമിച്ച കേസിലെ പുതിയ മൊഴികളിൽ എല്ലാം അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച്. നടി ആക്രമണ കേസിൽ നിർണായക വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ വീണ്ടും രംഗത്തു വന്നിരുന്നു. നടിയെ പൾസർ സുനിയും ഗുണ്ടാ സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്ന് ബാലചന്ദ്രകുമാർ റിപ്പോർട്ടർ ടിവി എഡിറ്റേഴ്സ് അവറിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കാവ്യയയേും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേയ്ക്കും.

അതിനിടെ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ പണമിടപാടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ തെളിവുകൾ നൽകുന്നത് എന്നാണ് വിവരം. സാക്ഷികളെ സ്വാധീനിക്കാൻ സുരാജ് വഴി പണം നൽകിയതായിയാണ് കണ്ടെത്തൽ. സാക്ഷികളെ സ്വാധീനിച്ചതിലും കേസെടുക്കാനാണ് തീരുമാനം.

ഇതിനെ സാധുകരിക്കുന്ന ഡിജിറ്റൽ പണം ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രമുഖ അഭിഭാഷകന്റെ ഇടപെടലും പൊലീസ് പരിശോധിക്കുന്നുണ്ട്. അഭിഭാഷകൻ വഴിയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് വിലയിരുത്തൽ. ഇതിനിടെയാണ് കാവ്യാ മാധവനിലേക്കും അന്വേഷണം നീളുന്നത്. ഇക്കാര്യങ്ങൾ അന്വേഷണ സംഘത്തോടും കോടതിക്ക് നല്കിയ മൊഴിയിലും പറഞ്ഞിട്ടുണ്ടെന്ന് ബാലചന്ദ്ര കുമാർ വ്യക്തമാക്കി.

കേസിൽ ഒരു മാഡത്തിന് പങ്കുള്ളതായി സംശയമുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് താൻ മനസിലാക്കുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ''മാഡമെന്ന പേര് പൾസർ സുനിയാണ് ആദ്യം ഉന്നയിച്ചത്. ഒരു പെണ്ണിന് വേണ്ടിയാണ് ഇത് സംഭവിച്ചതെന്ന് ദിലീപ് പറയുമ്പോൾ മാഡമുണ്ടെന്ന് ഞാനും വിശ്വസിച്ചു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് മനസിലാക്കുന്നത്. ദിലീപിന് ഏറ്റവും അടുപ്പമുള്ള ഒരു സ്ത്രീയായിരിക്കണം. അവർ ജയിലിൽ പോവരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ട്.''-ബാലചന്ദ്രകുമാർ പറഞ്ഞു

''ദിലീപിന്റെ വീട്ടിൽ ചർച്ച നടന്നു കൊണ്ടിരിക്കുമ്പോൾ ഒരു നടി വിവാഹം ക്ഷണിക്കാൻ അവിടെ വന്നിരുന്നു. ഇതിനിടയിലാണ് ശരത് കാറിൽ ചെന്ന് ടാബ് എടുത്തുകൊണ്ടുവന്നത്. എന്നിട്ട് എല്ലാവരും കൂടിയിരുന്ന് ടാബിൽ ദൃശ്യങ്ങൾ കണ്ടു. ഇതിനിടയിൽ ചിലർ പല അഭിപ്രായങ്ങളും പറയുന്നുണ്ട്. 15 മിനിറ്റോളം അവർ ദൃശ്യങ്ങൾ കണ്ടു. എട്ടു ക്ലിപ്പുകളുണ്ടെന്നാണ് അവരുടെ സംസാരത്തിൽ നിന്ന് മനസിലായത്. ശേഷം ടാബ് കാവ്യയുടെ കൈയിൽ കൊടുത്ത് സൂക്ഷിച്ച് വയ്ക്കണമെന്ന അർത്ഥത്തിൽ വീടിനുള്ളിലേക്ക് കൊടുത്തു വിടുകയായിരുന്നു.

ദൃശ്യം കാണുമ്പോൾ കാവ്യ അവിടെ ഉണ്ടായിരുന്നില്ല. സംസാരത്തിനിടയിൽ കാവ്യ വന്നു പോയി കൊണ്ടിരുന്നു. ടാബിനുള്ളിൽ എന്താണുള്ളതെന്ന് കാവ്യയ്ക്ക് അറിയുമായിരുന്നോയെന്ന് എനിക്ക് അറിയില്ല. ശബ്ദം കൂട്ടിയാണ് അവർ ദൃശ്യങ്ങൾ പ്ലേ ചെയ്തിരുന്നത്. 10 ഇഞ്ച് ടാബായിരുന്നു കൈവശമുണ്ടായിരുന്നത്. കൈയിൽ പിടിച്ചാണ് അവർ ദൃശ്യങ്ങൾ കണ്ടത്. സൈഡിലൊക്കെ നിന്ന എല്ലാവർക്കും കാണുന്ന രീതിയിലാണ് ടാബ് പിടിച്ചിരുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തൽ ഇപ്പോൾ നടത്താൻ സാധിക്കില്ല. പൊലീസിനും കോടതി മുമ്പാകെ നൽകിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.''-ഇതാണ് ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ.

അതിനിടെ, ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ വിഐപി എന്ന് വിശേഷിപ്പിക്കുന്ന ശരത്തിലേക്ക് അന്വേഷണം പുരോഗമിക്കെ കാണാമറയത്തുള്ള ഇയാൾ ഹാജരാവാൻ തയ്യാറാണെന്ന് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറയാമെന്ന് ശരത് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചെന്നാണ് വിവരം. സുഹൃത്ത് മുഖേനയാണ് ശരത് ഇക്കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചതെന്നാണ് വിവരം.