കൊച്ചി : ഇന്റർനെറ്റിൽ കാവ്യാ മാധവനെ അന്വേഷിച്ചാൽ പണി കിട്ടും! ഇന്റൽ കോർപറേഷന്റെ കംപ്യൂട്ടർ സുരക്ഷാ വിഭാഗമായ മകാഫിയുടെ സർവേയാണ് മലയാള സിനിമാ താരത്തെ കുറിച്ചുള്ള ഈ റിപ്പോർട്ടിന് പിന്നിൽ. കാവ്യയെ തിരഞ്ഞാൽ നിങ്ങളുടെ കമ്പ്യൂട്ടറിൽ വൈറസ് എത്തുമെന്നാണ് മുന്നറിയിപ്പ്. ജയസൂര്യയേയും സൂക്ഷിച്ച് വേണം തിരയാൻ. വൈറസ്/മാൽവെയർ ആക്രമണ സാധ്യത ഏറ്റവും കൂടുതൽ നെറ്റിൽ കാവ്യാ മാധവനെ തിരയുമ്പോഴാണെന്നു മകാഫി ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തായിരുന്ന നടൻ ജയസൂര്യയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് കാവ്യ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം കാവ്യ ആറാം സ്ഥാനത്തായിരുന്നു. 2015ൽ രണ്ടാമതായിരുന്ന നിവിൻ പോളി ഇക്കുറി മൂന്നാമതായി. 2015ൽ ഏഴാം സ്ഥാനത്തായിരുന്ന മഞ്ജു വാര്യർ നാലാമതെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ എട്ടാമതായിരുന്ന പാർവതി ഈ വർഷം പട്ടികയിൽ ആദ്യമായി ഇടംനേടിയ നയൻതാരയോടൊപ്പം അഞ്ചാം സ്ഥാനം പങ്കിട്ടു.

ഏറ്റവും കൂടുതൽ റിസ്‌ക് കവറേജുള്ള ഈ വർഷത്തെ ആദ്യ 12 താരങ്ങളിൽ കാവ്യ മാധവൻ (11.00%), ജയസൂര്യ (10.33), നിവിൻ പോളി (9.33), മഞ്ജു വാരിയർ (8.33), പാർവതി (8.17), നയൻതാര (8.17), നമിത പ്രമോദ് (7.67), മമ്മൂട്ടി (7.5), പൃഥ്വിരാജ് (7.33), റീമ കല്ലിങ്കൽ (7.17), സായി പല്ലവി (07.00), ഇഷ തൽവാർ (07.00) എന്നിവർ ഉൾപ്പെടുന്നു.

പ്രിയ താരങ്ങളുടെ വിശേഷങ്ങളറിയാൻ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് ഭീഷണി ഉയർത്തുന്ന വൈറസുകൾ, കംപ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ എന്നിവയെപ്പറ്റി മുന്നറിയിപ്പ് നൽകുന്ന മകാഫിയുടെ പത്താമത് സർവേയാണിത്. രാജ്യത്ത് വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ഇന്റർനെറ്റ് ഉപയോക്താക്കളെ സംരക്ഷിക്കുകയും ഓൺലൈൻ ഉപയോഗം കുറ്റമറ്റതാക്കുകയും ആണ് സർവേയുടെ ഉദ്ദേശ്യം.

വൈറസുകൾ അടങ്ങിയ ഫയൽ സൃഷ്ടിക്കാനായി സൈബർ ക്രിമിനലുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സിനിമാ താരങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകളെയാണ്.