ദിലീപിന്റെ അറസ്റ്റോടെ അപ്രത്യക്ഷമായ കാവ്യാ മാധവന്റെ ഫേസ്‌ബുക്ക് പേജ് വീണ്ടും ആക്ടീവായി. കാവ്യയുടെ ഫേസ്‌ബുക്ക് പേജ് ഇന്ന് വീണ്ടും ആക്ടിവാക്കിയിരിക്കുകയാണ്. കാവ്യയുടെ ഫേസ്‌ബുക്ക് പേജിന് പിന്നാലെ അപ്രത്യക്ഷമായ മറ്റ് രണ്ട് ഫേസ്‌ബുക്ക് പേജുകൾ കൂടി മടങ്ങിയെത്തി.

ദിലീപ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെയും ദിലീപ് ഓൺലൈൻ എന്നീ ഫേസ്‌ബുക്ക് പേജുകളാണ് തിരിച്ചുവന്നത്. ദിലീപ് അറസ്റ്റിലായതോടെ ഫാൻസ് അസോസിയേഷനും അദ്ദേഹത്തെ തള്ളിപ്പറഞ്ഞുവെന്ന വാർത്ത വ്യാജമാണെന്ന് ദിലീപ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ വ്യക്തമാക്കി.

കാവ്യയുടെ പേജിൽ പ്രത്യേക കുറിപ്പുകൾ ഒന്നും നൽകിയിട്ടില്ലെങ്കിലും ദിലീപിനെ പൂർണ്ണമായും ന്യായീകരിച്ചുകൊണ്ടാണ് ദിലീപ് ഓൺലൈന്റെ പേജ്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷപ്പെടരുതെന്ന് അനുശാസിക്കുന്ന ഇന്ത്യ ഭരണഘടനയെ ലംഘിക്കുന്ന വിധം, കുറ്റം ആരോപിക്കപ്പെടുക മാത്രം ചെയ്ത ഒരാളോട് കോടതി കുറ്റക്കാരനെന്ന് വിധിച്ചതുപോലെ പെരുമാറുന്നത് കേരളം പോലൊരു പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ലെന്ന് ഫാൻസ് ഭാരവാഹികൾ പറയുന്നു.

അദ്ദേഹത്തെ കുരുക്കാനുള്ള ഗൂഢനീക്കമാണ് ഇപ്പോൾ പാതിവഴി പിന്നിട്ട് നിൽക്കുന്നത്. ദിലീപ് അഗ്‌നിശുദ്ധി തെളിയിച്ച് കോടതിയിൽ നിന്ന് നിരപരാധിയായി തിരിച്ചുവരും. അതുവരെ അദ്ദേഹത്തെ കുറ്റവാളിയെന്ന് വിളിക്കാൻ സമൂഹങ്ങൾക്കോ മാധ്യമങ്ങൾക്കോ അവകാശമില്ല. ഒരാൾ വീണുപോകുമ്പോൾ ആഞ്ഞു ചവിട്ടുന്നവരല്ല ചേർത്ത് പിടിക്കുന്നവരാണ് കൂട്ടുകാർ. ആര് തള്ളിപ്പറഞ്ഞാലും ദിലീപിനൊപ്പമുണ്ടാകുമെന്നും ഫാൻസ് വ്യക്തമാക്കുന്നു.