കൊച്ചി: ദിലീപിന്റെ അറസ്റ്റ് സിനിമാ മേഖലയെ ആകെ പ്രതിസന്ധിയിലാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അകത്താകുമെന്ന് ആരും കരുതിയതുമില്ല. ദിലീപ്-കാവ്യാ വിവാഹം കഴിഞ്ഞ് മാസങ്ങളായപ്പോഴാണ് ഈ അപ്രതീക്ഷിത സംഭവം ഉണ്ടായത്. ഇതോടെ ഈ കുടുംബം തളർന്നു. കാവ്യയും കേസിൽ അറസ്റ്റിലാകുമെന്ന് അഭ്യൂഹമെത്തി. പൊലീസ് പലതവണ കാവ്യയെ ചോദ്യം ചെയ്തു. ഇതിനിടെ ദിലീപിന് ജാമ്യം കിട്ടി. രാമലീല സൂപ്പർഹിറ്റായി. കമ്മാരസംഭവത്തിൽ അഭിനയിച്ചു. അങ്ങനെ ദിലീപ് ആത്മവിശ്വാസം വീണ്ടെടുത്തു. ജനപ്രിയനായക പദവിയിലേക്ക് വീണ്ടുമെത്തി.

സലീം കുമാർ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കേൾക്കുമാറാകാണം' എന്ന ചിത്രത്തിലാണ് കാവ്യ വീണ്ടും ഗായികയായത്. വിജയ് യേശുദാസിനോടൊപ്പമാണ് കാവ്യ ഡ്യൂയറ്റ് പാടിയിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് നാദിർഷയാണ് സംഗീതം നൽകിയിരിക്കുന്നത്. ഒരു വിനോദയാത്രയാണ് പാട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്. നാദിർഷയുടെ അനുജൻ സമദ്, പ്രയാഗ മാർട്ടിൻ, നെടുമുടി വേണു, തുടങ്ങിയവർ അണിനിരക്കുന്നതാണ് ഗാനരംഗങ്ങൾ. വരികളിൽ ദൈവത്തേയും, മനുഷ്യനേയും, കാലത്തേയും കുറിച്ചാണ് കാവ്യയുടെ പാട്ട്. ദിലീപിന്റെ അറസ്റ്റും മറ്റ് പ്രശ്‌നങ്ങളുമുണ്ടാക്കിയ ആഘാതങ്ങളെ സിനിമയിലൂടെ തന്നെ മറികടക്കാനാണ് പാട്ടുമായുള്ള കാവ്യയുടെ രംഗപ്രവേശനത്തിന് കാരണം.