കൊച്ചി: വിവാഹ വാർഷികനാളിൽ ആശംസകൾ നേരുന്നതൊക്കെ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. സെലിബ്രിറ്റികളാകുമ്പോൾ ആരാധകരുടെ ഫോൺവിളികളോ, ഫേസ്‌ബുക്ക് മെസേജുകളോ ഉറപ്പ്. എന്നാൽ, ആശംസ നേരാൻ വിളിക്കുമ്പോൾ വാർത്ത പിടിക്കാനാണ് വിളിച്ചതെന്ന് താരത്തിന് തോന്നിയാലോ. കാവ്യാ മാധവന് കഴിഞ്ഞ ദിവസം അങ്ങനെ തോന്നി. 25ന് ദിലീപിന്റെയും കാവ്യയുടെയും വിവാഹ വാർഷികമായിരുന്നു.

ഒരുകാലത്ത് പ്രേക്ഷകരുടെ ഇഷ്ടജോഡികളായിരുന്ന കാവ്യയെയും, ദിലീപിനെയും മാധ്യമങ്ങളും കൊണ്ടാടിയിരുന്നു.കാവ്യയുടെ ആദ്യവിവാഹവും പിന്നീട് ദിലീപുമായുള്ള വിവാഹവുമൊക്കെ കൊട്ടിഘോഷിച്ചു. പിന്നീട് കേസ് വന്നപ്പോൾ ചിലർ കാവ്യയെ പഴി പറഞ്ഞു. തരം പോലെ പറയുന്ന മാധ്യമങ്ങളോട് അനിഷ്ടനമുണ്ടാവുക സ്വാഭാവികം.

വിവാഹ വാർഷിക ദിവസം ആശംസകൾ അറിയിക്കാൻ വിളിച്ചവരുടെ കൂട്ടത്തിൽ, ചില മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു. ചില ചാനലുകാർക്ക് വിവാഹ വാർഷിക ദിവസം കാവ്യയുടെ എന്തെങ്കിലും കമന്റുകൾ വേണം. ക്യാമറയ്ക്ക് മുന്നിൽ ബുദ്ധിമുട്ടാണെങ്കിൽ ഫോണിലെങ്കിലും മതിയെന്നായി ചിലർ. വിവാഹ വാർഷികം ആശംസിക്കാൻ ലൈവിൽ വിളിക്കുമ്പോൾ ഒരു നന്ദി.. അത്രയും മതിയെന്ന് പ്രമുഖ മലയാളം ചാനലിന്റെ റിപ്പോർട്ടർ ആവശ്യം അറിയിച്ചു.

നിങ്ങൾ ലൈവിനിടെ വിളിച്ച് വിവാഹവാർഷികാശംസകൾ അറിയിക്കും. അപ്പോൾ ഞാൻ നന്ദി പറയും. ഉടനെ വരും അടുത്ത ചോദ്യം, ഇന്നത്തെ പരിപാടികളെന്തൊക്കെയാണെന്ന്. അതിനും ഞാൻ ഉത്തരം പറഞ്ഞാൽ നിങ്ങൾ ദിലീപേട്ടന്റെ കേസിനെ കുറിച്ച് ചോദിക്കും. പിന്നെ ചോദ്യങ്ങളോടെ ചോദ്യങ്ങളാവും. വേണ്ട ചേട്ടാ.. എന്നെ കരയിപ്പിച്ചിട്ട് നിങ്ങൾ നിങ്ങളുടെ വ്യൂവർഷിപ്പ് കൂട്ടേണ്ട. എന്റെ ഒരു നല്ല ദിവസം മോശമാക്കാൻ സമ്മതിക്കില്ല. ആ പരിപാടി ഇനി നടക്കില്ല- കാവ്യ വളരെ വ്യക്തമായി കാര്യം പറഞ്ഞു. ചമ്മിപ്പോയ മാധ്യമപ്രവർത്തകൻ ഒന്നും പറയാതെ ഫോൺ വച്ചു.