- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടകയ്ക്ക് നൽകിയ കാറുമായി കടന്നവനെ തേടി കർണാടകയിലെത്തി; രണ്ട് കാറും പണവും നഷ്ടപ്പെട്ടു; ഒപ്പം ക്രൂരമർദ്ദനവും കായക്കൊടി സ്വദേശികൾ കർണാടകത്തിൽ നേരിട്ടത് ക്രൂരമായ അതിക്രമം
കോഴിക്കോട്: വാടകയ്ക്ക് നൽകിയ കാറുമായി കടന്നവനെ തേടിപ്പോയ കുറ്റ്യാടി കായക്കൊടി സ്വദേശികൾക്ക് കർണാടകത്തിൽ വെച്ച് ക്രൂരമർദ്ദനമേറ്റതായി പരാതി. വാഹന ഉടമ തളീക്കര അമ്മച്ചൂർ രജീഷ്‌കുമാർ (35), സുഹൃത്തുക്കളായ അഖിൽ കുറ്റ്യാടി, നിശാന്ത്, വിജേഷ് തളീക്കര, സരുൺ തളീക്കര എന്നിവർക്കാണ് കർണാടകയിലെ കുടകിൽ വച്ച് മർദ്ദനമേറ്റത്.
ഇക്കഴിഞ്ഞ 9ന് രജീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 18 ഡി 7729 ഇന്നോവ കാർ ആശുപത്രി ആവശ്യം പറഞ്ഞ് നാട്ടുകാരനായ ഫാരിസ് കുനിയിൽ എന്നയാൾ വാടകയ്ക്ക് വാങ്ങിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും കാർ തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഫാരിസിനെ ഫോൺ മുഖാന്തരവും മറ്റും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഫോൺ ഓഫാക്കിയതിനാൽ നേരിട്ട് വീട്ടിൽ അന്വേഷിച്ചപ്പോൾ ആറുമാസമായി വീട്ടിൽ വരാറില്ലെന്നായിരുന്നു ലഭിച്ച മറുപടി.
ഇതിനെ തുടർന്ന് വാഹനത്തിലെ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് അന്വേഷിച്ചപ്പോൾ കാർ കർണാടകത്തിലെ കുടക് കുഞ്ഞില എന്ന സ്ഥലത്താണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ രജീഷും നാല് സുഹൃത്തുക്കളും ചേർന്ന് 17ന് കെ.എൽ. 18 എ 2456 എന്ന സ്വിഫ്റ്റ് കാറിൽ കുടകിലേക്ക് പുറപ്പെടുകയായിരുന്നു. അന്നേദിവസം രാത്രി 12ഓടെ നഷ്ടപ്പെട്ട ഇന്നോവ കാർ കണ്ടെത്തി. എന്നാൽ കാറിൽ അപരിചിതരായ അഞ്ച് പേരെയാണ് കണ്ടത്. ഇവരോട് നിജസ്ഥിതി വ്യക്തമാക്കിയെങ്കിലും അംഗീകരിച്ചില്ലെന്ന് മാത്രമല്ല രജീഷിനെയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തുകയുമാണുണ്ടായത്.
ഫലമില്ലെന്ന് വ്യക്തമായതോടെ രജീഷും സുഹൃത്തുക്കളും നാട്ടിലേക്ക് തിരിച്ചു. എന്നാൽ പത്ത് കിലോമീറ്റർ പിന്നിട്ടപ്പോൾ വഴിമധ്യേ രണ്ട് ഇന്നോവ കാറുകളിലെത്തിയ സംഘം രജീഷിന്റെ കാറിന് കുറുകെ വന്ന് ബ്ലോക്കിട്ട് മാർഗതടസം സൃഷ്ടിച്ചു. പിന്നാലെ കാറിന് നേരെ വെടിയുതിർക്കുകയും രജീഷിനെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തോക്കിന് പുറമെ വടിവാളും മറ്റു മാരകായുധങ്ങളുമായെത്തിയ സംഘം രജീഷിനെയും കൂട്ടുകാരെയും അവരുടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്തേക്ക് കൊണ്ടു പോയി ക്രൂരമായി മർദ്ദിക്കുകയും പിന്നീട് വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.
ഇതിനിടെ തലക്കും നെറ്റിയിലും ക്രൂരമർദ്ദനമേറ്റതിനെ തുടർന്ന് രജീഷിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. കൂടെയുള്ളവരും അവശനിലയിലായിരുന്നു. ഇവരുടെ ഫോൺ, പേഴ്സ്, സുഹൃത്തിന്റെ 62000 രൂപ എന്നിവ അപഹരിച്ചാണ് സംഘം കടന്നുകളഞ്ഞത്. എ ടി എം കാർഡ്, ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെ വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ പേഴ്സാണ് അപഹരിച്ചത്. അതേസമയം സംഭവത്തിൽ കർണാടക പൊലീസിൽ പരാതി നൽകിയാൽ അതിർത്തി കടക്കും മുൻപ് കൊല്ലുമെന്ന ഭീഷണി ഉള്ളതിനാൽ അവിടെ പരാതി കൊടുക്കാതെ നാട്ടിലെത്തിയാണ് പരാതി നൽകിയത്. അക്രമിസംഘം കാർ കൈക്കലാക്കിയതിനാൽ രജീഷ്‌കുമാറും സുഹൃത്തുക്കളും ബസ് മാർഗം തലശ്ശേരി വഴിയാണ് നാട്ടിലെത്തിയത്. പരുക്കേറ്റ അഞ്ചുപേരും കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
കൂട്ടത്തിൽ ചെവിക്ക് പരുക്കേറ്റ അഖിൽ എന്നയാൾക്ക് ശസ്ത്രക്രിയ വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിൽ തൊട്ടിൽപ്പാലം സിഐക്ക് പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ലെന്ന് രജീഷ്‌കുമാർ പരാതി പറഞ്ഞു. ഇതേതുടർന്ന് ഉത്തരമേഖല ഐജിക്കാണ് പരാതി നൽകിയത്. അതേസമയം പരാതി സ്വീകരിച്ചില്ലെന്ന് പറഞ്ഞത് തെറ്റാണെന്നും പരാതി സ്വീകരിക്കുകയും കുടക് പൊലിസുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് തൊട്ടിൽപ്പാലം സിഐ ടി.രജീഷ് പ്രതികരിച്ചു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.