കാത്തിരിപ്പുകൾക്കും പ്രതിസന്ധികൾക്കും വിട കേരളത്തിന്റെ സ്വന്തം കള്ളന്മാർ ഉടൻ തീയറ്ററിലെത്തും. കായംകുളം കൊച്ചുണ്ണിയും ആത്മമിത്രം ഇത്തിക്കര പക്കിയും പ്രേക്ഷകർക്കിടയിലേക്ക് എത്തുന്നത് ഈ മാസം. ചിത്രത്തിന്റെ റിലീസ് തീയതി നിവിൻ തന്റെ ഫെയ്സ് ബുക് പേജിലൂടെ പുറത്തുവിട്ടു.

ചിത്രം ഒക്ടോബർ 11ന് തീയേറ്ററുകളിലെത്തും. കഴിഞ്ഞ മാസം മുബൈയിൽ ചിത്രത്തിന്റെ പ്രിവ്യു പ്രദർശനമുണ്ടായിരുന്നു. കായംകുളം കൊച്ചുണ്ണിയായി നിവിനും ഇത്തിക്കര പക്കിയായി മോഹൻലാലും ഇടിവെട്ട് പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നാണ് ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങൾ.

ഇത്തിക്കര പക്കിയെന്ന അതിഥി വേഷത്തിൽ മോഹൻലാൽ വളരെ അതിശയകരമായ പ്രകടനമാണ് കാഴ്‌ച്ചവെച്ചിരിക്കുന്നതെന്നും പ്രിവ്യൂ ഷോ കണ്ടവർ സാക്ഷ്യപ്പെടുത്തുന്നു. നായക വേഷം നിവിൻ പോളി നന്നാക്കി എന്നും അവർ കൂട്ടിച്ചേർക്കുന്നു. ബാബു ആന്റണി, സണ്ണി വെയ്ൻ എന്നിവരുടെ പ്രകടനവും എടുത്തു പറയത്തക്കതാണ് എന്നും ആദ്യ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. 'എസ്ര' എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പ്രിയാ ആനന്ദാണ് 'കായംകുളം കൊച്ചുണ്ണി'യിൽ നായികയായി എത്തുന്നത്.

ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങിയ സിനിമ നിർമ്മിച്ചത് ഗോകുലം ഗോപാലനാണ്. സണ്ണി വെയ്ൻ, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീർ കരമന, മണികണ്ഠൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.ചിത്രത്തിനായി ബിനോദ് പ്രധാൻ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിർവ്വഹിക്കുന്നു.