കൊച്ചി: കായംകുളം കൊച്ചുണ്ണിയെ ഇത്തക്കരപ്പക്കി രക്ഷിച്ചു! റോഷൻ ആൻഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രം മോളിവുഡിൽ പുതിയ ചരിത്രമാവുകായണ്. കായംകുളം കൊച്ചുണ്ണിയായി നിവിൻ പോളി സ്‌ക്രീനിൽ നിറയുമ്പോൾ ഗസ്റ്റ് റോളിലെത്തിയ മോഹൻലാൽ ഇത്തിക്കരപ്പക്കിയെ അവിസ്മരണീയമാക്കി. ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച ഏടായി ഇത്തിക്കരപ്പക്കി മാറുമ്പോൾ കായംകുളം കൊച്ചുണ്ണിയും കളക്ഷനിൽ കുതിക്കുകയാണ്. ലാലിന്റെ ഇത്തിക്കരപ്പക്കിയാണ് കായകുളം കൊച്ചുണ്ണിയെ മികച്ച വിജയത്തിലേക്ക് നയിക്കുന്നത്. കായംകുളം കൊച്ചുണ്ണിയായി നിവിൻ പോളി സംഘട്ടന രംഗങ്ങളിൽ കാഴ്ച വച്ച മികവും കൊച്ചുണ്ണിക്ക് കരുത്തായി. അങ്ങനെ ആദ്യ ദിനങ്ങളിലെ കളക്ഷനിലൂടെ വലിയ പ്രതീക്ഷയാണ് മലയാള സിനിക്ക് കൊച്ചുണ്ണി നൽകുന്നത്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചത് ഗോകുലം പ്രൊഡക്ഷൻസ് ആണ്. 45 കോടിയാണ് മുതൽമുടക്ക്. പതിനായിരത്തോളം ജൂനിയർ ആർടിസ്റ്റുകൾ ചിത്രത്തിൽ അഭിനയിച്ചു. 161 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപയാണ്. ചെലവാക്കിയ തുകയ്ക്ക് അപ്പുറമെത്തി നിർമ്മാതാവിന് ലാഭം നൽകുന്ന സിനിമയായി കൊച്ചുണ്ണി മാറുമെന്ന് തന്നെയാണ് വിലയിരുത്തൽ. കേരളക്കരയിലെ ജനപ്രിയ കള്ളന്റെ കഥ ഐതിഹ്യവും മിത്തുകളും ഭാവനയും മറ്റ് ചില കഥകളും കൂടി കോർത്തിണക്കിയ ഒരു എന്റർടെയ്നറായാണ് ഈ വിജയത്തോടെ കൊച്ചുണ്ണി മാറുന്നത്. കൊച്ചുണ്ണി എന്ന മുസ്ലിം ബാലൻ എങ്ങനെ കായംകുളം കൊച്ചുണ്ണിയായി മാറുന്നു എന്നു വിശദമാക്കുന്ന ആദ്യപകുതി. തിയറ്ററുകളിൽ ആരാധകരുടെ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് ഇത്തിക്കര പക്കിയായി മോഹൻലാൽ അവതരിക്കുന്നതോടെ കളം ചൂടുപിടിക്കും. പിന്നെല്ലാം ചലനാത്മകമാണ്.

മിത്തുകളെയും കേട്ടുകേൾവികളേയും കൂട്ടിയിണക്കി പുതിയ പ്രേക്ഷകന്റെ മനസിലേക്ക് ഒരു മാസ് ഹീറോയായി കൊച്ചുണ്ണിയെ അവതരിപ്പിക്കുമ്പോൾ കൊലമാസായി മാറിയത് ഇത്തിക്കരപക്കിയാണ്. ഭാവ പകർച്ചകൊണ്ട് കൊച്ചുണ്ണിയായി മാറാൻ നിവിന് നന്നേ ശ്രമിക്കുന്നുണ്ട്. എന്നാൽ തിയറ്റർ ഇളക്കിമറിക്കുന്നത് മോഹൻലാലിന്റെ സാന്നിധ്യമാണ്. ക്ലൈമാക്സിലെ ചിത്രീകരണവും സാഹസിക, ഏറ്റുമുട്ടൽ രംഗങ്ങളിലെ മികവും ശ്രദ്ധേയമായി. ഉദയനാണ് താരത്തിൽ ഹിറ്റ്മേക്കറായി തുടങ്ങിയ റോഷൻ ആൻഡ്രൂസ് കൈവച്ചിട്ടുള്ളതെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ വിഷയങ്ങളിലാണ്. സംവിധാനം ചെയ്ത എട്ടാം സിനിമ ഒരു ചരിത്രകഥയുമായി. ഇത് മലയാള സിനിമയിൽ പുതിയ കളക്ഷൻ ചരിത്രം രചിക്കുമ്പോൾ അത് നിവിൻ പോളിയുടെ റിക്കോർഡ് പുസ്തകത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറുമെന്നാണ് വിലയിരുത്തൽ. മോഹൻലാലിനും നിർണ്ണായകമാണ് ഈ വിജയം. ഒടിയനെന്ന ബിഗ് ബജറ്റിന് ആളെ കൂട്ടാനുള്ള മുന്നൊരുക്കം.

കുറച്ചു കാലമായി മലയാള സിനിമ പ്രതിസന്ധിയിലായിരുന്നു. പുലിമുരുകനും ദീലീപിന്റെ രാമലീലയ്ക്കും ശേഷം വലിയൊരു ഹിറ്റ് മലയാളത്തിലുണ്ടായില്ല. ഇതുകൊച്ചുണ്ണി ഭേദിക്കുമെന്നും 100 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ സിനിമായായി കൊച്ചുണ്ണി മാറുമെന്നുമാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ. കുടുംബ പ്രേക്ഷകരെ ഒന്നാകെ തിയേറ്ററിലെത്തിക്കാൻ വ്യത്യസ്തമായ പ്രചരണവും ഒരുക്കും. മലയാളസിനിമാ പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്ത് കായംകുളം കൊച്ചുണ്ണി. ചിത്രത്തിന്റെ ആദ്യദിനം ഗംഭീര കലക്ഷനുമായാണ് ചിത്രം മുന്നേറുന്നത്. 5 കോടി 30 ലക്ഷം രൂപയാണ് ആദ്യദിനം ചിത്രം വാരിക്കൂട്ടിയത്. സിനിമയുടെ നിർമ്മാതാക്കളായ ഗോകുലം മൂവീസ് ആണ് കലക്ഷൻ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. രണ്ടാം ദിവസവും ഈ കളക്ഷൻ മാറ്റമില്ലാതെ തുടർന്നു. ആദ്യ ദിനം കേരളത്തിൽനിന്നു മാത്രമുള്ള കലക്ഷനാണിത്. ഒരു നിവിൻ പോളി സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക കൂടിയാണിത്.

364 തിയറ്ററുകളിലായി 1700 പ്രദർശനങ്ങളാണ് ആദ്യദിവസം നടന്നത്. മലയാളസിനിമയിൽ ഇത് റെക്കോർഡ് ആയിരുന്നു. രാവിലെ ഏഴു മണി മുതൽ ആരാധകർക്കായി പ്രത്യേക ഫാൻസ് ഷോയും നടന്നു. വലിയ ജനത്തിരക്ക് മൂലം അർധരാത്രിയിലും ചിത്രത്തിന്റെ പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. രണ്ടാം ദിനവും സിനിക്ക് ടിക്കറ്റെടുക്കാൻ ഏറെ തിരിക്ക് അനുഭവപ്പെട്ടു. നിവിൻ പോളിയുടേയും ലാലിന്റേയും ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ കാണുന്നത്. കൊച്ചി മൾട്ടിപ്ലക്സിൽ ആദ്യ ദിനത്തിൽ 62 ഷോകളാണ് നടന്നത്. 19.12 ലക്ഷം രൂപയാണ് ചിത്രം നേടിയത്. മൾട്ടിപ്ലക്സ് കലക്ഷനിൽ ഇപ്പോഴും ഒന്നാമത് തമിഴ് ചിത്രം കബാലിയാണ്. 93 ഹൗസ് ഫുൾ ഷോകളോടെ 30.21 ലക്ഷമാണ് കബാലി കലക്ട് ചെയ്തിരുന്നത്. തിരുവനന്തപുരത്തെ മൾടിപ്ലക്സുകളിൽ നിന്ന് 18.28 ലക്ഷം രൂപയുടെ കലക്ഷനാണ് ചിത്രം നേടിയത്. ആദ്യദിവസങ്ങളിലെ സ്വീകാര്യത തന്നെയാണ് കൊച്ചുണ്ണിക്ക് തുടർന്നും ചിത്രത്തിന് ലഭിക്കുന്നത്. ഓൺലൈൻ ടിക്കറ്റുകളെല്ലാം അഡ്വാൻസ് ബുക്കിങ്ങിൽ നിറഞ്ഞുകഴിഞ്ഞു.

2016ൽ പുറത്തിറങ്ങിയ വൈശാഖന്റെ പുലിമുരുകനിലൂടെ 152 കോടിയുടെ കളക്ഷനാണ് മലയാള സിനിമ നേടിയത്. മോഹൻലാലിന്റെ മുരുകൻ തന്നെയായിരുന്നു കരുത്ത്. മോഹൻലാൽ ചിത്രമായ ദൃശ്യവും ഒപ്പവും യഥാക്രമം 75 കോടിയും 65 കോടിയും നേടിയിട്ടുണ്ട്. അൽഫോൻസ് പുത്രൻ ഒരുക്കിയ നിവിൻ പോളിയുടെ പ്രേമം നേടിയത് 60 കോടിയായിരുന്നു. നിവിൻ പോളിയും അഭിനയിച്ച മൾട്ടി സ്റ്റാറായ ബംഗളൂർ ഡെയ്‌സും 50 കോടി ക്ലബ്ബ് പിന്നിട്ട സിനിമയാണ്. പ്രേമത്തെ മറകടന്ന് പോകാനുള്ള കരുത്ത് കായംകുളം കൊച്ചുണ്ണിക്കുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ നിവിൻ പോളിയുടെ ഏറ്റവും വലിയ സിനിമയായി കൊച്ചുണ്ണി മാറും. എന്നാൽ പുലി മുരുകനെ മറികടക്കാൻ കൊച്ചുണ്ണിക്ക് കഴിയുമോ എന്ന സംശയം സജീവമാണ്. ആദ്യ ദിന കളക്ഷൻ വിലയിരുത്തി മാത്രം പുലിമുരുകനെ മറികടക്കാനുള്ള കുരത്തുകൊച്ചുണ്ണിക്കുണ്ടെന്ന് പറയാനാകില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

രണ്ടാം പകുതി തുടങ്ങി കുറച്ചു നേരം ഇത് പക്കിയുടെ സിനിമയാണ്. പക്കി ആവേശിച്ച മോഹൻലാൽ തന്റെ അഭിനയചാരുതകൊണ്ട് സിനിമ തന്റേതാക്കി മാറ്റുന്നു. പക്കി പോകുന്നതോടെ തിയെറ്ററും സിനിമയും വീണ്ടും ശാന്തതയിലേക്ക്. പിന്നാലെ കായംകുളത്ത് തിരിച്ചെത്തിയ കൊച്ചുണ്ണി അവിടത്തെ അടിയാളരുടെ ആശ്രയമാകുന്നു. ഇവിടെ കൊച്ചുണ്ണി കൊടുചതിക്ക് വിധേയനാകുന്നു. ഒപ്പം നിന്നവർ, കൂട്ടാളികൾ, കൂട്ടുകാർ, പ്രണയിച്ച പെണ്ണ്, അങ്ങനെ ആശ്രയിച്ചവരൊക്കെ ചതിച്ചു. ഗംഭീര ആക്ഷനും ഒപ്പം അന്യായ ബിജിഎമ്മുകൂടെ ആയപ്പോൾ ക്ലൈമാക്സും കിടുക്കി.അതിഥിയെന്ന പേരിലാണെങ്കിലും സാക്ഷാൽ മോഹൻലാൽ ഇതു തന്റെ സിനിമയാക്കി മാറ്റി. ഏറെ നാളുകൾക്ക് ശേഷം മികച്ചൊരു വേഷവുമായി എത്തിയ ബാബു ആന്റണി, പ്രാധാന്യമുള്ള വില്ലൻ കഥാപാത്രമായെത്തിയ സണ്ണി വെയിനും നല്ല പ്രകടനം കാഴ്ചവച്ചു.

പരിചിതമായ കഥയെ തൂലികയിൽ ആവാഹിച്ച ബോബി സഞ്ജയും, ഈ കഥയെ മികച്ച രീതിയിൽ അവതരിപ്പിച്ച റോഷൻ ആൻഡ്രൂസും കൈയടി അർഹിക്കുന്നു. ഇനിയങ്ങോട്ട് മലയാളിയുടെ കനവിലെ കൊച്ചുണ്ണിക്ക് നിവിന്റെ മുഖം തന്നെയാകും. ആദ്യപകുതിയിൽ നിഷ്‌കളങ്കനായും രണ്ടാം പകുതിയിലെ ഹീറോ ആയും മികച്ച പ്രകടനം ആയിരുന്നു. ക്ലൈമാക്‌സിൽ ഒരു മാസ് ഹീറോയ്ക്ക് ലഭിക്കുന്ന ആവേശം കൊച്ചുണ്ണിയുണ്ടാക്കി. നായികയായി എത്തിയ പ്രിയ ആനന്ദ്, ജാനകി എന്ന കഥാപാത്രത്തെ മനോഹരമാക്കി. ഷൈൻ ടോം ചാക്കോ, മണികണ്ഠൻ, തെസ്നി ഖാൻ തുടങ്ങിയവരാണു ചിത്രത്തിലെ മറ്റു താരങ്ങൾ. ബിനോദ് പ്രധാന്റെ ക്യാമറ കാഴ്ചകളും ഗോപി സുന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് കരുത്തായി.