തിരുവനന്തപുരം; ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് കായംകുളം കൊച്ചുണ്ണിയുടെ പടയോട്ടം. മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രം ആദ്യ ദിനമായി ഇന്നലെ മാത്രം നേടിയത് അഞ്ചു കോടി മൂന്നു ലക്ഷം രൂപ. ഔദ്യോഗിക കണക്കൂകൾ പുറത്തുവിട്ടത് ചിത്രത്തിന്റെ നിർമ്മാതക്കൾ കൂടിയായ ശ്രീ ഗോഗുലം മൂവിസാണ്.

ലയാളത്തിൽ ഈ തുകക്ക് അടുത്തു വരാൻ ഈ വർഷം ഇറങ്ങിയ മറ്റു ചിത്രങ്ങളൊന്നും തന്നെയില്ല. കൊച്ചുണ്ണി പിന്നിലാക്കിയത് മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികളാണ്. 2.95 കോടിയാണ് ഈ ചിത്രം ആദ്യ ദിനം നേടിയത്. കേരളത്തിൽ മാത്രമുള്ള കണക്കുകളാണ് ഇത്. ഗൾഫ്, ജി.സി.സി. രാജ്യങ്ങളിൽ നിന്നുമുള്ള തുക കൂടി കൂട്ടിയാൽ ഒരു വലിയ സംഖ്യയാവും ലഭിക്കുക. വരും ദിവസങ്ങളിലെ കണക്കും ചേർന്നാൽ ഏറ്റവും അധികം വിറ്റു പോയ ചിത്രത്തിന്റെ റെക്കോർഡ് കൊച്ചുണ്ണി ഭേദിക്കുമോയെന്നു നോക്കിയിരിക്കുകയാണു സിനിമാ ലോകം.

തുടക്കം മുതലേ മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന തലക്കെട്ടോടെയാണ് കായംകുളം കൊച്ചുണ്ണി തിയേറ്ററുകളിലെത്തുന്നത്. 45 കോടി രൂപക്കായിരുന്നു നിർമ്മാണമെന്നാണ് പുറത്തുവന്ന വിവരം. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ഭാഗത്തു നടക്കുന്ന കഥയ്ക്ക് സെറ്റൊരുക്കാൻ വേണ്ടി മാത്രം 12 കോടി രൂപയാണ് ചെലവായത്.

364 തിയറ്ററുകളിലായി 1700 പ്രദർശനങ്ങളാണ് ആദ്യദിവസം നടന്നത്. മലയാളസിനിമയിൽ ഇത് റെക്കോർഡ് ആയിരുന്നു. രാവിലെ ഏഴു മണി മുതൽ ആരാധകർക്കായി പ്രത്യേക ഫാൻസ് ഷോയും നടന്നു. വലിയ ജനത്തിരക്ക് മൂലം അർധരാത്രിയിലും ചിത്രത്തിന്റെ പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. മലയാളസിനിമയുടെ ഏറ്റവും വലിയ ആദ്യദിന കലക്ഷൻ റിപ്പോർട്ട് ഇനി കൊച്ചുണ്ണിക്ക് സ്വന്തമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ ട്വീറ്റ് ചെയ്തു.

കൊച്ചി മൾട്ടിപ്ലക്സിൽ ആദ്യ ദിനത്തിൽ 62 ഷോകളാണ് നടന്നത്. 19.12 ലക്ഷം രൂപയാണ് ചിത്രം നേടിയത്. തിരുവനന്തപുരത്തെ മൾടിപ്ലക്സുകളിൽ നിന്ന് 18.28 ലക്ഷം രൂപയുടെ കലക്ഷനാണ് ചിത്രം നേടിയത്.

നിവിൻ പോളി ചിത്രം നായകന്റെ പിറന്നാൾ ദിനത്തിലാണു പുറത്തു വന്നത്. ഇത്തിക്കര പക്കിയായി മോഹൻലാൽ എത്തുന്നു എന്നത് ഒരു പ്രധാന ആകർഷണമായിരുന്നു. റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതു ബോബി-സഞ്ജയ് ജോഡികളാണ്. പ്രിയാ ആനന്ദ്, ബാബുആന്റണി,സണ്ണിവെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.