നിവിൻ നായകനായെത്തുന്ന കായം കുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ ഇത്തിക്കരപക്കിയാ യുള്ള മോഹൻലാലിന്റെ ലുക്ക് വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായി ത്തീർന്നത്. തെങ്ങിൻ തടിയിൽ അസാധാരണ മെയ്വഴക്കത്തോടെ കാൽ കയറ്റി നിൽക്കുന്ന മോഹൻലാലിന്റെ ചിത്രം ഇന്നലെ പുറത്ത് വന്നതോടെ ആരാധകർ ചിത്രം ഏറ്റെടുക്കു കയായിരുന്നു.വൈറലായി മാറിയ സംഭവം ട്രോളന്മാരും വെറുതേ വിട്ടില്ല. ചിത്രത്തെ കളിയാക്കി നിരവധി പോസ്റ്ററുകളും ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ എത്തിക്കഴിഞ്ഞു.

എന്നാൽ യഥാർത്ഥത്തിൽ എന്താണ് ഈ ചിത്രം സൂചിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തി സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തിക്കര പക്കിയുടെ മെയ്വഴക്കത്തെപ്പറ്റി സൂചന തരുകയാണ് ഈ ചിത്രത്തിലൂടെ. മരങ്ങൾക്കിടയിലൂടെ ഓടിയും ചാടിയും വളർന്ന ആളാണ് ഇത്തിക്കരപക്കി. ഏത് വലിയ മരത്തിലും പക്കി കയറും, അതിന് അനുയോജ്യമായ ശരീരഭാഷയും മെയ്വഴക്കവും പക്കിക്കുണ്ട്. പക്കി എന്നാൽ ചിത്രശലഭമെന്നാണ്, മരങ്ങൾക്കിടയിലൂടെ തെന്നിപ്പായുന്ന പൂമ്പാറ്റയെപ്പോലെ ദ്രുതഗതിയിൽ ചലിക്കുന്ന കള്ളനാണ് ഇത്തിക്കപക്കിയെന്ന് റോഷൻ ആൻഡ്രൂസ് വ്യക്തമാക്കി.

കായംകുളംകൊച്ചുണ്ണി'യിലെ ഇത്തിക്കരപക്കിയുടെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായെന്നും കായംകുളം കൊച്ചുണ്ണി ടീം ലാലേട്ടനെ മിസ് ചെയ്യുന്നുവെന്നും റോഷൻ ആൻഡ്രൂസ് ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചുകൊണ്ട് പറഞ്ഞു. ''നമുക്ക് പ്രചോദനമാകുന്ന ഒരു ഇതിഹാസത്തിനൊപ്പം വർക്കു ചെയ്യാൻ സാധിക്കുക എന്നത് അനുഗ്രഹം തന്നെയാണ്. അത് മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു, നിങ്ങളെ ശരിക്കും മിസ് ചെയ്യുന്നു ലാലേട്ടാ''എന്ന് നിവിനും പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് ട്വിറ്ററിൽ കുറി്ച്ചു.

ആരാധകർ മാത്രമല്ല സിനിമാതാരങ്ങളും പുതിയ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തി. മോഹൻലാൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ജൂഡ് ആന്തണി, അരുൺ ഗോപി, ജോജു ജോർജ്, നന്ദൻ ഉണ്ണി, അരുൺ വൈഗ, സന്ദീപ് സേനൻ തുടങ്ങി നിരവധി ആളുകൾ കമന്റുമായി എത്തി.

പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവർ കായംകുളം കൊച്ചുണ്ണിയിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കേരളചരിത്രത്തിലെ റോബിൻഹുഡ് കൊച്ചുണ്ണിയുടെ കഥപറയുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ സഹവർത്തിയായ ഇത്തിക്കരപക്കിയായിട്ടുള്ള മോഹൻലാലിന്റെ വരവാണ് പ്രേക്ഷകർ കാത്തിരിക്കുന്നത. നിവിൻപോളിയും മോഹൻലാലും ഇതാദ്യമായാണ് വെള്ളിത്തിരയിൽ ഒന്നിക്കുന്നത്. ഒരുക്കിയിരിക്കുന്നത് ബോബിയും സഞ്ചയ് കൂട്ടുകെട്ടാണ് തിരക്കഥ. ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.