- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതി കുടിശ്ശികയുടെ പേരിൽ കെഎസ്ഇബി വൈദ്യുതി കണക്ഷൻ വിഛേദിച്ചു; ചോദ്യം ചെയ്ത അയൽവാസിയായ സിപിഎം നേതാവിനെതിരെ പാർട്ടി നടപടി എടുത്തു; തനിക്ക് വേണ്ടി ഇടപെട്ട നേതാവിനെതിരായ നടപടിയിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി

കായംകുളം: തനിക്ക് വേണ്ടി ഇടപെട്ട നേതാവിന് പാർട്ടി അച്ചടക്ക നടപടി നേരിടേണ്ടി വന്നതിൽ മനം നൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. വൈദ്യുതി കുടിശികയുടെ പേരിൽ കെഎസ്ഇബി വൈദ്യുതി കണക്ഷൻ വിഛേദിക്കുകയും ഇതു ചോദ്യം ചെയ്ത അയൽവാസിയായ സിപിഎം നേതാവിനെതിരെ പാർട്ടി നടപടിയെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് ഗൃഹനാഥൻ ജീവനൊടുക്കി. എരുവ ഉണ്ണിയേഴത്ത് നാരായണനെയാണ് (ബാബു60) ഇന്നലെ പുലർച്ചെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ബാബുവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിഛേദിച്ചത്. ഇക്കാര്യം ബാബുവിന്റെ അയൽവാസിയും സിപിഎം എരുവ ലോക്കൽ കമ്മിറ്റി അംഗവുമായ ആർ.ഹരികുമാർ കെഎസ്ഇബി ഓഫിസിൽ വിളിച്ചു ചോദിച്ചതു ബഹളത്തിൽ കലാശിച്ചിരുന്നു. ഇതിനു പിന്നാലെ കുടിശികയുടെ പേരിൽ ഹരികുമാറിന്റെ വൈദ്യുതി കണക്ഷനും കെഎസ്ഇബി വിഛേദിച്ചു.
ഇതറിഞ്ഞ് ഓഫിസിലെത്തിയ ഹരികുമാർ ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം വിവാദമായിരുന്നു. നേതാവ് കയർത്തു സംസാരിക്കുന്നത് അടക്കമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. ഹരികുമാറിനൊപ്പം ബാബുവും നിൽക്കുന്നതു ദൃശ്യങ്ങളിലുണ്ട്.
ഈ സംഭവത്തിന്റെ പേരിൽ ഹരികുമാർ വിവാദത്തിലായത് സിപിഎമ്മിനും ക്ഷീണമായി. ലോക്കൽ കമ്മിറ്റി അംഗം കെഎസ്ഇബിയിലെ സിഐടിയു നേതാവിനെ ഭീഷണിപ്പെടുത്തിയത് സിപിഎം നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ഇതിന്റെ പേരിൽ സംഭവത്തെ തുടർന്നു ഹരികുമാറിനെ സിപിഎം പാർട്ടി അംഗത്വത്തിൽനിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു.
തനിക്ക് വേണ്ടി ഇടപെട്ട ഹരികുമാറിന് പാർട്ടി നടപടി നേരിടേണ്ടി വന്നതിലുള്ള മനോവിഷമത്തിലാണ് നാരായണൻ ജീവനൊടുക്കിയതെന്ന് ഭാര്യ ഓമന പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മക്കൾ: മിഥുൻ, ദിവ്യ.


