ആലപ്പുഴ: തല്ലിക്കൊന്നാലും നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്തു നിന്ന് മത്സരിക്കില്ലെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞത് ഈ വർഷം ജനുവരിയിലാണ്. തന്നെ കാലുവാരി തോൽപ്പിച്ച സ്ഥലമാണ് കായംകുളം. ആ സംസ്‌കാരം ഇപ്പോഴും അവിടെ നിന്നും മാറിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. താൻ അമ്പലപ്പുഴയിൽ തന്നെയാണ് മത്സരിക്കുന്നതെന്ന് സൂചിപ്പിക്കാനാണ് അന്ന് മന്ത്രി ഇങ്ങനെ പറഞ്ഞത്. എന്നാൽ, കായംകുളത്ത് പാർട്ടി തന്നെ വീണ്ടും ജയിക്കുമെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.ഏതായാലും, യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിനെതിരായി എ.എം.ആരിഫിന്റെ പരാമർശത്തോടെ ഈ കാലുവാരൽ വീണ്ടും മണ്ഡലത്തിൽ ചർച്ചാവിഷയമാവുകയാണ്.

ക്ഷീരകർഷകയായ അരിത ബാബു മത്സരരംഗത്തെത്തിയതോടെ പ്രതിഭാ ഹരിക്ക് പോന്ന എതിരാളിയായി വിലയിരുത്തലുകൾ വന്നു. മത്സരം ഇഞ്ചോടിഞ്ച് നീങ്ങുമ്പോഴുള്ള ആരിഫിന്റെ പരാമർശം ഏതർത്ഥത്തിൽ പറഞ്ഞതായാലും എതിരാളികൾക്ക് കോളായി. ഇത് പാൽ സൊസൈറ്റിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് അല്ല എന്ന വാചകം സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി വിവാദമാക്കുവാൻ ശ്രമിക്കുന്നു എന്ന് എ എം ആരിഫ് ഫെയ്്സ്ബുക്കിൽ കുറിച്ചു.

'തൊഴിലിനെയും തൊഴിലാളിയെയും ആക്ഷേപിച്ചു എന്നത് കള്ളപ്രചാരണമാണ്. സ്ഥാനാർത്ഥിയുടെ പ്രാരാബ്ധം യുഡിഎഫ് പ്രചാരണ ആയുധമാക്കിയതാണ് പരാമർശിച്ചത്.പാൽ സൊസൈറ്റി ഒരു മോശപ്പെട്ട സ്ഥാപനമായി എനിക്ക് തോന്നിയിട്ടില്ല. ക്ഷീരകർഷകനായാലും കർഷകനായാലും നിയമസഭയിലേയ്ക്കും പാൽ സൊസൈറ്റിയിലേയ്ക്കും എല്ലാം മത്സരിക്കാം. പക്ഷെ അത് മാത്രമാണ് മാനദണ്ഡം എന്നാവരുതെന്നാണ് ഞാൻ ഉദ്ദേശിച്ചത്. പാൽ സൊസൈറ്റിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് എന്നു പറഞ്ഞാൽ അത് എങ്ങനെ തൊഴിലിനെയും സ്ഥാനാർത്ഥിയെയും ആക്ഷേപിക്കുന്നതാകുമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല'- ആരിഫ് ഫേസ്‌ബുക്കിൽ കുറിച്ചു.

'ഇങ്ങനെ വാക്കുകളെ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി ദുർവ്യാഖ്യാനം ചെയ്ത് നടത്തുന്ന കള്ളപ്രചാരവേലയ്ക്ക് കായംകുളത്തെ പ്രബുദ്ധരായ ജനങ്ങൾ ചുട്ടമറുപടി നൽകും എന്നകാര്യത്തിൽ എനിക്ക് സംശയമില്ല. ഇത്തരത്തിൽ കള്ളപ്രചാരണത്തിന് നേതൃത്വം നൽകുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും'- ആരിഫ് കുറിച്ചു.

കുറിപ്പ്:

തൊഴിലിനെയും, തൊഴിലാളിയെയും ആക്ഷേപിച്ചു എന്ന കള്ളപ്രചരണം ഒന്നിരുട്ടി വെളുക്കുമ്പോൾ തീരുന്നതാണ് എന്നറിയാം. നാളെ തിരഞ്ഞെടുപ്പിൽ എന്ത് പറഞ്ഞും, വോട്ട് പിടിക്കണം എന്നത് മാത്രമാണ് ലക്ഷ്യമെന്നറിയാം. അതിനുള്ള മറുപടി എന്നെ സ്നേഹിക്കുന്നവർ ബാലറ്റിലൂടെ നിങ്ങൾക്ക് തരും.

ഇതോടൊപ്പം നൽകുന്ന വീഡിയോ കാണുന്നവർ സത്യം മനസ്സിലാക്കട്ടെ.

'പ്രാരാബ്ധം മാത്രമാണ് മാനദണ്ഡമെങ്കിൽ ഹരിപ്പാട് മണ്ഡലത്തിലെ LDF സ്ഥാനാർത്ഥിക്ക് UDFകാർ വോട്ട് ചെയ്യുമോ എന്നതാണ് മുഖ്യചോദ്യം '
ഇതായാരുന്നു പറഞ്ഞത്.
കായംകുളം നിയമസഭാ മണ്ഡലത്തിലെ LDF സംഘടിപ്പിച്ച വനിതാസംഗമ പരിപാടിയിൽ ഞാൻ നടത്തിയ പ്രസംഗം ചില മാധ്യമങ്ങൾ UDF സ്ഥാനാർത്ഥിക്ക് വോട്ട് പിടിക്കാൻ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതുകൊണ്ടുള്ള പ്രതികരണമാണിത്. കായംകുളത്തെ UDF സ്ഥാനാർത്ഥിക്കായി കോൺഗ്രസ്സും ചില മാധ്യമങ്ങളും അവരുടെ പ്രാരാബ്ധങ്ങൾ പറഞ്ഞ് വോട്ടാക്കിമാറ്റാനുള്ള കഠിന പരിശ്രമത്തിലാണ്. പാൽ വിറ്റ് ഉപജീവനം നടത്തുന്നതിന്റെ വാർത്തകളും ചിത്രങ്ങളുമാണ് മുഖ്യ പ്രചരണായുധമാക്കിക്കൊണ്ടിരുന്നത്. പ്രാരാബ്ധമാണ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡവും യോഗ്യതയും എങ്കിൽ ഹരിപ്പാട് മണ്ഡലത്തിലെ LDF സ്ഥാനാർത്ഥി സ.സജിലാൽ ലോട്ടറിവിറ്റ് കിട്ടിയ പണം കൊണ്ട് പഠിച്ചാണ് ബിരുദം എടുത്ത് സംഘടനാരംഗത്ത് ഉയർന്നുവന്നതും ചേർത്തലയിലെ LDF സ്ഥാനാർത്ഥി സ. പി. പ്രസാദ് കർഷകതൊഴിലാളി കുടുംബത്തിൽ നിന്നും പ്രാരാബ്ധങ്ങളുടെ നടുവിൽനിന്ന് വളർന്നുവന്ന് നേതാവായതും സ്ഥാനാർത്ഥിത്വം ലഭിച്ചതും. കോൺഗ്രസ്സും UDFഉം ഇതുപോലെ പ്രാരാബ്ധം അനുഭവിച്ച് വളർന്ന LDF സ്ഥാനാർത്ഥികൾക്കായി വോട്ട് പിടിക്കുമോ എന്ന് ചോദിച്ചതിനൊപ്പമാണ് ''ഇത് പാൽസൊസൈറ്റിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പല്ല'' എന്ന് ഞാൻ പറഞ്ഞത്.

ഇതിലൂടെ ഏതെങ്കിലും തൊഴിലിനെയോ സ്ഥാനാർത്ഥിയെയോ ആക്ഷേപിക്കുവാൻ ഞാൻ ഉദ്ദേശിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് തിരഞ്ഞെടുപ്പ് വിജയത്തിനായി UDFഉം അവർക്കായി അത്യധ്വാനം ചെയ്യുന്ന ചില മാധ്യമങ്ങളും നടത്തുന്ന അപവാദ പ്രചരണത്തിന്റെ ഭാഗമാണ്. ദയവുചെയ്ത് ഈ മാധ്യമങ്ങൾ ഞാൻ നടത്തിയ പ്രസംഗം മുഴുവനും സംപ്രേഷണം ചെയ്യുന്നതുനുള്ള മാന്യത കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മറുപടി പറയാൻ സമയമില്ലാത്തെ സമയത്ത് ഇത്തരത്തിൽ വാക്കുകൾ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി വിവാദമാക്കുവാൻ ശ്രമിക്കുന്ന നിക്ഷിപ്തതാത്പര്യക്കാർക്കൊപ്പം മാധ്യമങ്ങൾ ഇങ്ങനെ തരംതാഴരുതെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.

യു. പ്രതിഭ കായംകുളത്ത് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളിലുള്ള വിമർശനങ്ങൾ ഉയർത്തുന്നതിനു പകരം UDF സ്ഥാനാർത്ഥിയുടെ ജീവിതപ്രയാസങ്ങൾ വോട്ടാക്കാൻ പറ്റുമോ എന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നവർ തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിന്റെ പ്രവർത്തകനായ ഞാൻ തൊഴിലിനെ ആക്ഷേപിച്ചു എന്ന് വ്യാഖ്യാനിക്കുനത് അല്പത്തരമാണ്. പാൽ സൊസൈറ്റി ഒരു മോശപ്പെട്ട സ്ഥാപനമായി എനിക്ക് തോന്നിയിട്ടില്ല. ക്ഷീരകർഷകനായാലും കർഷകനായാലും നിയമസഭയിലേയ്ക്കും പാൽ സൊസൈറ്റിയിലേയ്ക്കും എല്ലാം മത്സരിക്കാം. പക്ഷെ അത് മാത്രമാണ് മാനദണ്ഡം എന്നാവരുതെന്നാണ് ഞാൻ ഉദ്ദേശിച്ചത്. പാൽ സൊസൈറ്റിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് എന്നു പറഞ്ഞാൽ അത് എങ്ങനെ തൊഴിലിനെയും സ്ഥാനാർത്ഥിയെയും ആക്ഷേപിക്കുന്നതാകുമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

രമേശ് ചെന്നിത്തലയ്ക്കെതിരായ സ്ഥാനാർത്ഥിയുടെ പ്രാരാബ്ധം ചർച്ചയാക്കാതെ കായംകുളത്തെ സ്ഥാനാർത്ഥിയുടെ പ്രാരാബ്ധം വോട്ടാക്കാനുള്ള അവസാന അടവാണിത്. ഇങ്ങനെ വാക്കുകളെ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി ദുർവ്യാഖ്യാനം ചെയ്ത് നടത്തുന്ന കള്ളപ്രചാരവേലയ്ക്ക് കായംകുളത്തെ പ്രബുദ്ധരായ ജനങ്ങൾ ചുട്ടമറുപടി നൽകും എന്നകാര്യത്തിൽ എനിക്ക് സംശയമില്ല. ഇത്തരത്തിൽ കള്ളപ്രചരണത്തിന് നേതൃത്വം നൽകുന്ന ചില പ്രാദേശിക പത്രപ്രവർത്തകർക്കെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുനതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതാണ് എന്നുകൂടി അറിയിക്കുന്നു.

അരിതയുടെ പ്രതികരണം ഇങ്ങനെ:

എനിക്കെതിരെ എംപി നടത്തിയ പരാമർശത്തിൽ വേദനയുണ്ട്. എംപി നടത്തിയത് തൊഴിലാളികളെ അപമാനിക്കുന്ന പരിഹാസമാണ്. ഒരു ജനപ്രതിനിധിയുടെ നാവിൽനിന്ന് ഇത്തരം പരാമർശമുണ്ടാവുന്നത് വേദനാജനകമാണ്', അരിത പറയുന്നു.

പ്രസ്താവന ഏറെ വിഷമിപ്പിച്ചെന്നും അരിത പറഞ്ഞു. ഒരു തൊഴിലാളിവർഗ പാർട്ടിയുടെ നേതാവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാമർശം ഒട്ടും പ്രതീക്ഷിച്ചില്ല. സാധാരണക്കാരായ തൊഴിലാളികളെ ആകെയാണ് അദ്ദേഹം അപമാനിച്ചതെന്നും അവർ പറഞ്ഞു.

'ഒരു ജനപ്രതിനിധിയാണ് ബഹുമാനപ്പെട്ട എംപി. ഞാനുൾപ്പടെയുള്ളവരുടെ ജനപ്രതിനിധിയാണ്. എന്നെ മാത്രമാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ, ഈ നാട്ടിലെ അധ്വാനിക്കുന്ന സാധാരണക്കാരെ മൊത്തത്തിലാണ് അദ്ദേഹം ഇങ്ങനെ അപമാനിച്ചത്. രാഷ്ട്രീയത്തിൽ നിൽക്കുന്ന പലർക്കും അതൊരു വരുമാനമാർഗം കൂടിയായിരിക്കാം. പക്ഷേ രാഷ്ട്രീയം എനിക്ക് സേവനമാണ്. രാഷ്ട്രീയത്തിന് പുറമേ എനിക്ക് ജീവിക്കാനുള്ള വക ഞാൻ അധ്വാനിച്ചാണ് കണ്ടെത്തുന്നത് എന്നത് എനിക്ക് അഭിമാനമുള്ള കാര്യമാണ്. ഈ പരാമർശം മാനസികമായി എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് തന്നെയാണ്', അരിത വ്യക്തമാക്കി.