- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗണേഷ്കുമാറിന്റെ ചെവിയിൽ മന്ത്രിച്ച പൊക്കം കുറഞ്ഞയാളും ജി കാർത്തികേയന്റെ ഒഴിഞ്ഞു മാറലും - മറുനാടൻ എഡിറ്റർ 'തട്ടിപ്പുകാരനായ' കഥ!
ലണ്ടൻ ഒളിമ്പിക്‌സ് നടക്കുന്ന സമയം. കേരളത്തിൽ നിന്നും അത് റിപ്പോർട്ട് ചെയ്യാൻ അക്രഡിറ്റേഷൻ ലഭിച്ച നാല് പത്രക്കാരിൽ ഒരാളായി ഞാൻ അവിടെ ഉണ്ടായിരുന്നു. മന്ത്രി ആയിരുന്ന കെബി ഗണേഷ്‌കുമാർ ഒരു വേദിയിൽ എത്തുന്നു എന്നറിഞ്ഞ് ഞാൻ മന്ത്രി എത്തും മുമ്പ് അദ്ദേഹത്തിന്റെ സീറ്റിനരികിൽ ഇടം പിടിച്ചു. ഒരു അഭിമുഖം തയ്യാറാക്കുകയായിരുന്നു ലക്ഷ്യം. അ
ലണ്ടൻ ഒളിമ്പിക്‌സ് നടക്കുന്ന സമയം. കേരളത്തിൽ നിന്നും അത് റിപ്പോർട്ട് ചെയ്യാൻ അക്രഡിറ്റേഷൻ ലഭിച്ച നാല് പത്രക്കാരിൽ ഒരാളായി ഞാൻ അവിടെ ഉണ്ടായിരുന്നു. മന്ത്രി ആയിരുന്ന കെബി ഗണേഷ്‌കുമാർ ഒരു വേദിയിൽ എത്തുന്നു എന്നറിഞ്ഞ് ഞാൻ മന്ത്രി എത്തും മുമ്പ് അദ്ദേഹത്തിന്റെ സീറ്റിനരികിൽ ഇടം പിടിച്ചു. ഒരു അഭിമുഖം തയ്യാറാക്കുകയായിരുന്നു ലക്ഷ്യം. അവിടെ കയറാൻ ഒരു ടിക്കറ്റ് തരപ്പെടുത്താൻ ഏറെ കഷ്ടപ്പെട്ട മന്ത്രിക്ക് എന്നെ അവിടെ കണ്ടതിൽ അല്പം അത്ഭുതം തോന്നിയിരുന്നു. പിന്നീടു കണ്ടപ്പോൾ മന്ത്രി ഒരു കാര്യം പറഞ്ഞു. എയർപോർട്ടിൽ വന്നിറങ്ങി കാറിൽ കയറാനായി മന്ത്രി നടക്കുമ്പോൾ പൊക്കം കുറഞ്ഞ ഒരു മലയാളി അടുത്തേക്ക് വന്ന് മന്ത്രിയോട് പറഞ്ഞു: "ഷാജൻ സ്‌കറിയ എന്നൊരു തട്ടിപ്പുകാരൻ അങ്ങയുടെ അഭിമുഖം എടുക്കാൻ വരാൻ സാധ്യതയുണ്ട്. അയാൾക്ക് ഒരു കാരണവശാലും അഭിമുഖം നൽകരുത്" എന്നാൽ മന്ത്രിയുടെ സീറ്റിന് തൊട്ടടുത്ത് പോയിരുന്ന എനിക്ക് അഭിമുഖം നല്കാതിരിക്കാൻ ഗണേഷ്‌കുമാറിന് കഴിഞ്ഞില്ല.
മന്ത്രി അത്‌ലറ്റുകൾ താമസിക്കുന്ന ഗ്രാമം സന്ദർശിച്ചപ്പോഴും ഞാൻ ഒപ്പം ഉണ്ടായിരുന്നു. അപ്പോഴാണ് ഇക്കാര്യം മന്ത്രി എന്നോട് പറഞ്ഞത്. എന്നു മാത്രമല്ല എന്റെയും ഭാര്യ ബോബിയുടേയും പേരിൽ ഏറ്റവും കുറഞ്ഞത് പത്ത് പരാതിയെങ്കിലും മന്ത്രിക്ക് ലഭിച്ചിട്ടുണ്ടെന്നും ഗണേഷ്‌കുമാർ പറഞ്ഞു. ഇത് എന്റെ ആദ്യ അനുഭവം അല്ല. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിക്ക് ഫണ്ട് നൽകിയപ്പോൾ അത് വിതരണം ചെയ്യാമെന്ന് ഏറ്റിരുന്ന മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഒഴിഞ്ഞ് പോയത് ഞാൻ തട്ടിപ്പുകാരൻ ആണ് എന്നു കരുതിയാണ്. 2000 ത്തിൽ ഞാൻ വിവാഹം കഴിക്കുമ്പോൾ 160 കിലോമീറ്റർ ദൂരം പൊട്ടിപ്പൊളിഞ്ഞ റോഡ് താണ്ടി ആശംസ നൽകാൻ എന്റെ ഗ്രാമത്തിൽ എത്തിയ ഇപ്പോഴത്തെ സ്പീക്കർ ജി കാർത്തികേയൻ ഒട്ടേറെ തവണ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചത് ഇതല്ലാതെ മറ്റൊരു കാരണം കൊണ്ടാകാൻ ഇടയില്ല. അങ്ങനെ എണ്ണി എണ്ണി പറഞ്ഞാൽ എത്രയോ അനുഭവങ്ങൾ.
ഇതൊക്കെ സംഭവിച്ചത് ഞാൻ ബ്രിട്ടീഷ് മലയാളി എന്ന ഓൺലൈൻ പത്രം 2007-ൽ ആരംഭിച്ച ശേഷമാണ്. വെറും 20,000 രൂപ മുടക്കി തുടങ്ങിയ ബ്രിട്ടീഷ് മലയാളി ആദ്യ മാസം തന്നെ മുടക്ക് മുതൽ കണ്ടെത്തിയിരുന്നു. ആദ്യ ദിവസം 700 വായനക്കാരെ കണ്ടെത്തിയ ഇത് ദിവസവും കുറഞ്ഞത് 30,000 വായനക്കാരിലേക്ക് വളർന്നു.
ബ്രിട്ടീഷ് മലയാളി യുകെയിലെ മലയാളികളുടെ ജീവിത പ്രശ്‌നങ്ങളിൽ കാര്യമായ ഇടപെടൽ നടത്താറുണ്ട്. അതിന്റെ തുടക്കം 2008-ലെ പിആർ സംഭവമായിരുന്നു. കഴിഞ്ഞ ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ പെർമനെന്റ് റസിഡൻസി നിയമത്തിൽ വരുത്തിയ പരിഷ്‌കാരങ്ങൾക്കെതിരെ തുടർച്ചയായി ലേഖനങ്ങളും എഡിറ്റോറിയലും എഴുതി വായനക്കാരെ ബോധവാന്മാരാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. സ്ഥലം എംപിക്ക് നൽകാനായി ഒരു പരാതിയുടെ മോഡൽ എഴുതി ബ്രിട്ടീഷ് മലയാളി അപ് ലോഡ് ചെയ്തു. ഈ പരാതിയുടെ കോപ്പി എടുത്ത് വിവിധ അസോസിയേഷനുകൾ അവിടങ്ങളിലെ മലയാളികളുടെ ഒപ്പ് ശേഖരിച്ച് സ്ഥലം എംപിയെ കണ്ട് നിവേദനം നൽകി. ബ്രിട്ടീഷ് മലയാളി യുകെയിലെ സർവ്വ മലയാളികളുടെയും ഇടയിലേക്ക് പടർന്ന പ്രധാന കാരണം ഇതായിരുന്നു. പിന്നീട് പാർലമെന്റിൽ ഈ ബിൽ ചർച്ചയ്ക്ക് വന്നപ്പോൾ ഒരു ഡസനിൽ അധികം എംപിമാർ മലയാളികൾ ഉയർത്തിയ വിഷയം ഉന്നയിക്കുകയും പുതിയ പരിഷ്‌കാരങ്ങൾ നിയമം നടപ്പാക്കി തുടങ്ങുന്നതിനു മുമ്പ് യുകെയിൽ എത്തിയവർക്ക് ബാധകം അല്ല എന്നു ഭേദഗതി ചെയ്യുകയും ആയിരുന്നു. അത് മാത്രമായിരുന്നു മലയാളികളുടെ പ്രധാന അപേക്ഷയും.
- ആരെങ്കിലും പറയുന്നത് കേട്ട് വെല്ലു വിളിക്കുന്ന മാർഷൽമാരോട് സ്നേഹപൂർവ്വം ചില കാര്യങ്ങൾ
- ഇടകടത്തിയിലെ കൂലിപ്പണിക്കാരന് അഥവാ കാർമൽ ഹിൽ മൊണാസ്ട്രിയിലെ തൂപ്പുകാരന് പത്രക്കാരൻ ആയിക്കൂടെ? മറുനാടൻ എഡിറ്ററുടെ ലേഖനം
- ഭാര്യയുടെ സഹായത്താൽ കൂലിപ്പണിക്കാരൻ ഇംഗ്ലണ്ടിൽ എത്തി ഫോർക്ക്ലിഫ്റ്റ് ഡ്രൈവറും പിന്നെ പത്ര ഉടമയുമായ കഥ - മറുനാടൻ എഡിറ്ററുടെ ലേഖനം
ഇങ്ങനെ എണ്ണി പറഞ്ഞാൽ തീരാത്ത അനേകം കാര്യങ്ങൾ ഉണ്ട്. ഇമിഗ്രേഷൻ കാര്യങ്ങൾക്ക് ചെറിയ ഉപദേശം തേടണമെങ്കിൽ പോലും വൻ ഫീസ് ഈടാക്കുമായിരുന്ന സോളിസിറ്റർമാർ ഉള്ള കാലത്ത് സൗജന്യമായി ഇമിഗ്രേഷൻ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന സോളിസിറ്റർമാരോട് ചോദിക്കാം എന്ന കോളം ഒരുപാട് പേർക്ക് സഹായമായി മാറി. ഏതാനും മികച്ച ഡീലുകളും ഡിസ്‌കൗണ്ട് സെയിലുകളിലും ഒക്കെ ബ്രിട്ടീഷ് മലയാളി ഇടംപിടിച്ചതോടെ യുകെയിലെ മലയാളികൾക്ക് വലിയ സഹായമാണ് ഉണ്ടായത്. അപ്രതീക്ഷിതമായി ഒരു മലയാളി യുകെയിൽ മരിച്ചാൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ വേണ്ട സാമ്പത്തിക സഹായം നൽകണം എന്നു അഭ്യർത്ഥിച്ച് ഞങ്ങൾ നൽകിയ അപ്പീലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇങ്ങനെ സഹായങ്ങൾ ലഭിച്ചുകൊണ്ടിരുന്നത് മരിച്ചയാളുടെ ഭാര്യയുടെ അല്ലെങ്കിൽ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് ആയിരുന്നു.
ഇത്തരം നല്ല കാര്യങ്ങൾ ചെയ്യുമ്പോഴും വിട്ടുവീഴ്ചയില്ലാത്ത ഒരു മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിലുള്ള എന്റെ സമീപനം കുറേപേർക്ക് അസൗകര്യവും ബുദ്ധിമുട്ടും ഉണ്ടാക്കി. യുകെയിലെ ഒരു മലയാളിയോ ഒരു മലയാളി ബിസിനസോ ക്രിമിനൽ പ്രവർത്തനങ്ങളിൽ അകപ്പെട്ട് നിയമനടപടി നേരിട്ടാൽ അത് വാർത്തയാക്കാതിരിക്കാൻ വയ്യാത്ത സാഹചര്യം ഉണ്ടായി. നിരപരാധിയാണ് പ്രതിചേർക്കപ്പെട്ടത് എന്നു ബോധ്യമായാൽ അവർക്ക് വേണ്ടി ഉറച്ച നിലപാട് എടുക്കുമ്പോഴും തട്ടിപ്പുകാർക്കും വെട്ടിപ്പുകാർക്കും എതിരെ സന്ധിയില്ലാ നിലപാട് എടുത്തത് എതിർപ്പുകൾ രൂക്ഷമാക്കി. യുകെയിലെ മലയാളി സമൂഹം ഏതാണ്ട് 50,000 കുടുംബങ്ങൾ മാത്രമുള്ള ചെറിയ സമൂഹം ആയതിനാൽ അവർക്കിടയിൽ ഉണ്ടാകുന്ന ഇത്തരം കേസുകളിൽ ഒക്കെ അവരോടൊപ്പം നിൽക്കാൻ ഒരു ചെറിയ വിഭാഗം ഉണ്ടാകുക സ്വാഭാവികമാണ്.
നാലു തരത്തിലാണ് എനിക്ക് ശത്രുക്കൾ ഉണ്ടായത്. ബ്രിട്ടീഷ് മലയാളിയെ പേടിച്ച് തട്ടിപ്പുകൾ നടത്താൻ സാധിക്കാത്തവർ, എന്തെങ്കിലും കേസിൽ പെട്ടവർ, അസൂയക്കാർ, ഞാനോ ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങളോ വേണ്ടത്ര പരിഗണിക്കാത്തിന്റെ പേരിൽ പരിഭവത്തിൽ തുടങ്ങി പിണക്കമായി മാറുന്നവർ എന്നിവരാണ് ഇക്കൂട്ടർ. മണി ചെയിൻ തട്ടിപ്പും റിക്രൂട്ട്മെന്റ് തട്ടിപ്പും ഒക്കെ നടത്തുന്നവരുടെ വെല്ലുവിളിക്കും ശത്രുതയ്ക്കും ഞാൻ പുല്ലുവിലയേ, കല്പിക്കാറുള്ളൂ. എന്നാൽ കേസിൽ പെട്ടവരുടെ കാര്യം ആദ്യത്തെ കൂട്ടരുടെപോലെ അനായാസമായി കളയാൻ പറ്റില്ല. ഉദാഹരണത്തിന് ഒരു മലയാളി ഹോട്ടലിൽ റെയ്ഡ് നടത്തുകയും ശുചിത്വം ഇല്ലായ്മയുടെ പേരിൽ പിഴ ഇടുകയും ചെയ്ത സംഭവം. ആ സമൂഹത്തിൽ മാന്യനായി ജീവിക്കുന്ന ഹോട്ടൽ ഉടമക്ക് അത് അപമാനം ആണ് എന്നറിയാം. എന്നാൽ അതൊരു വാർത്ത ആയതുകൊണ്ട് കൊടുക്കാതിരിക്കാൻ പറ്റാതെ വരുമ്പോൾ അയാളും അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും ശത്രു ആയി മാറുന്നു. ഇത്തരം അനേകം സംഭവങ്ങൾ ഉണ്ട്. മദ്യപിച്ചു കാറോടിച്ച് അപകടം ഉണ്ടായി പൊലീസ് അറസ്റ്റ് ചെയ്യുക, നിയമം ലംഘിച്ചു ജോലി ചെയ്തതിനു അറസ്റ്റിൽ ആവുക തുടങ്ങിയ സംഭവങ്ങൾ ഇതിന്റെ ഭാഗം ആണ്.
അസൂയക്കാർ ആണ് ഏറ്റവും കൂടുതൽ. ഒരു യുകെ മലയാളി ആയ ഞാൻ സമൂഹത്തെ സ്വാധീനിക്കുന്നതിലെ സഹജമായ അസൂയ ആണിത്. ഒരിക്കൽ വിമാനത്തിൽ വച്ച് ഞാൻ ഒരാളെ പരിചയപ്പെട്ടു. യാദൃച്ഛികമായി ബ്രിട്ടീഷ് മലയാളിയെ കുറിച്ച് സംസാരിച്ചപ്പോൾ ഞാനാണ് ഷാജൻ എന്നറിയാതെ ഷാജനെ അയാൾക്ക് അറിയാമെന്നും തട്ടിപ്പുകാരൻ ആണെന്നും പറഞ്ഞത് ഓർക്കുന്നു. ബ്രിട്ടീഷ് മലയാളിയുടെ വായനക്കാരിൽ മഹാഭൂരിപക്ഷം മലയാളി നേഴ്സുമാരാണ്. ഭാര്യമാർ കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിൽ അസൂയ ഉള്ള കുറെ ഭർത്താക്കന്മാർ ഉണ്ട്. ഇവരൊക്കെയാണ് അവിടെയും ഇവിടെയും കേൾക്കുന്ന കഥകൾ പ്രചരിപ്പിക്കുന്ന പ്രധാന കൂട്ടർ. ഒരു പണിയും ഇല്ലാതെ ഇരിക്കുമ്പോൾ എന്നെ വിളിച്ചു കത്തി വച്ചുകൊണ്ടിരുന്ന ചിലരോട് മുഷിഞ്ഞു സംസാരിക്കേണ്ടി വന്നതും ബ്രിട്ടീഷ് മലയാളി പ്രൊമോഷൻ നൽകിയപ്പോൾ അറിയാതെ താൻ ആരോ വലിയ ആളായി പോയി എന്ന് കരുതി പെരുമാറുകയും അത് അംഗീകരിക്കാതെ വരുമ്പോൾ ശത്രുക്കൾ ആയി പോവുകയും ചെയ്യുന്ന കുറെ പേരും നാലാമത്തെ വിഭാഗത്തിൽ പെടും.
അതെ സമയം പക്വത ഇല്ലാത്ത ചില സമീപനങ്ങൾ ആദ്യകാലത്ത് ചില ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. നിസ്സാര കാര്യങ്ങളുടെ പേരിൽ അച്ചടക്ക നടപടി നേരിടേണ്ടി വരുന്ന മലയാളി നഴ്സുമാരെ കുറിച്ചുള്ള റിപ്പോർട്ടുകൾ അക്കൂട്ടത്തിൽ പെടും. അതുപോലെ അസ്സോസ്സിയേഷനുകളിലെ പ്രശ്നങ്ങൾ വാർത്ത ആക്കിയതും തെറ്റായ നിലപാടായിരുന്നു. ഇതൊക്കെ കാലാകാലങ്ങളിൽ തിരുത്തിയാണ് ബ്രിട്ടീഷ് മലയാളി വളർന്നത്. എന്നാൽ പണ്ടേക്കു പണ്ടേ ഉപേക്ഷിച്ചു പോയ ശീലങ്ങളുടെ പേരിൽ ശത്രുക്കൾ ഇപ്പോഴും ആക്രമണം നടത്തുന്നു.
ബ്രിട്ടീഷ് മലയാളി സന്ധിയില്ലാ സമരം നടത്തിയിരുന്ന ഒരു വിഭാഗമാണ് റിക്രൂട്ട്‌മെന്റ് ഏജന്റുമാർ. യുകെയിൽ വേരുറപ്പിച്ച അനേകം ഏജന്റുമാർ ഇവിടത്തെ വിസ ഇല്ലാത്തവരും നാട്ടിൽ നിന്നും വരാൻ ആഗ്രഹിക്കുന്നവരുടെ ബന്ധുക്കളെയുമൊക്കെ പിഴിഞ്ഞു പണം ഉണ്ടാക്കുന്നതിന്റെ ക്രൂര കഥകൾ ഞങ്ങൾ പ്രസിദ്ധീകരിച്ചു. ലോകത്തെവിടെ മലയാളികൾ ചെന്നാലും ആരംഭിക്കുന്നതുപോലെ യുകെയിലും മണിചെയിൻ മോഡലിലുള്ള തട്ടിപ്പുകൾ അരങ്ങേറി. ഇത്തരം തട്ടിപ്പുകൾക്കെല്ലാം പെട്ടന്ന് ബിട്ടീഷ് മലയാളി ഒരു തടസ്സമായി മാറി. ഇവരെല്ലാം ഒത്തുചേർന്നു ബ്രിട്ടീഷ് മലയാളിക്കെതിരെ വൻതോതിലുള്ള പ്രചാരണമാണ് ആരംഭിച്ചത്. തട്ടിപ്പുകാരനാണ്, കാശുചോദിച്ച് ബ്ലാക്ക്‌മെയിൽ ചെയ്തു കിട്ടാത്തതിന്റെ വാശിയിൽ വാർത്ത എഴുതുന്നു തുടങ്ങിയ ആരോപണങ്ങൾ ആണ് ഇവരുയർത്തിയത്.
എന്ത് വിജയവും അനുകരിക്കപ്പെടും എന്നു പറഞ്ഞത് പോലെ ഇതിനിടയിൽ യുകെയിൽ ഏതാണ്ട് 25ൽ അധികം ഓൺലൈൻ പോർട്ടലുകൾ ജനിച്ചിരുന്നു. ഇവരൊക്കെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വായനക്കാരെ കണ്ടെത്താനോ വരുമാനം കണ്ടെത്താനോ സാധിക്കാത്ത അവസ്ഥയിൽ എത്തിയപ്പോൾ ശത്രുക്കൾ ഒരു വാഗ്ദാനവുമായി അവരെ സമീപിച്ചു. എനിക്കെതിരെയും ബ്രിട്ടീഷ് മലയാളിക്കെതിരെയും നുണക്കഥകൾ എഴുതിയാൽ സാമ്പത്തിക സഹായം ചെയ്യാം എന്നതായിരുന്നു അത്. അങ്ങനെ ഈ ഓൺലൈൻ പോർട്ടലുകളിൽ മിക്കതും ബ്രിട്ടീഷ് മലയാളിയുടെ വാർത്തകൾ കോപ്പി അടിച്ച് പ്രസിദ്ധീകരിക്കുകയും മേമ്പൊടിക്കായി എനിക്കെതിരെ നുണ വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു വായനക്കാരെ ആകർഷിക്കാൻ ശ്രമിച്ചു. ഒരു വർഷം വരെയൊക്കെയേ ഇത്തരം പത്രങ്ങൾ നിലനിൽക്കാറുള്ളൂ. ഒന്നു പൊട്ടുമ്പോൾ മറ്റൊന്ന് എന്ന നിലയിൽ ഇവ മുളച്ച് പൊന്തിക്കൊണ്ടേയിരുന്നു.
ഇവർ പ്രചരിപ്പിക്കുന്ന നുണക്കഥകളെ പ്രതിരോധിച്ച് സമയം കളയേണ്ട എന്നതായിരുന്നു എന്റെ തീരുമാനം. ബ്രിട്ടീഷ് മലയാളിയുടെ പേര് സൂചിപ്പിക്കപ്പെട്ടാൽ പോലും അത്തരം പോർട്ടലുകൾക്ക് പബ്ലിസിറ്റി ലഭിക്കും എന്നതായിരുന്നു ഇത്തരക്കാരുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ വളരെ ഗുരുതരമായ തെറ്റിദ്ധരിക്കാൻ ഉതകുന്ന പ്രചാരണങ്ങൾ വരുമ്പോൾ മാത്രമാണ് ഞാൻ പ്രതികരിച്ചത്. എന്നാൽ ഫേസ്‌ബുക്കിലൂടെയും മറ്റും ഇത് പ്രചരിപ്പിച്ചും മന്ത്രിമാർ അടക്കമുള്ളവർക്ക് ഇമെയിൽ ചെയ്ത് കൊടുത്തും ഞാൻ എന്തോ തട്ടിപ്പുകൾ നടത്തുന്നു എന്നു ചിലരെ വിശ്വസിപ്പിക്കാൻ ഈ ദുഷ്പ്രചരണത്തിന് സാധിച്ചു.
ലക്‌സൺ കല്ലുമാടിക്കൽ എന്ന പേരിലുള്ള ചങ്ങനാശ്ശേരി സ്വദേശിയായ ഇപ്പോഴത്തെ ഒരു പ്രവാസി കോൺഗ്രസ് നേതാവായിരുന്നു ഈ ദുഷ്പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. 15,000 പൗണ്ട് മുടക്കിയാൽ 5000 പൗണ്ട് വീതം മാസം ലാഭം ഉണ്ടാക്കാം എന്ന പേരിൽ ഇയാൾ തുടങ്ങിയ ഒരു തട്ടിപ്പ് പൊളിച്ച് കൊടുത്തതിന്റെ വാശിയായിരുന്നു ലക്‌സണ്. കഴിഞ്ഞ ആറ് വർഷമായി ലക്‌സൺ എനിക്കെതിരെ ഏറ്റവും കുറഞ്ഞത് 200 പരാതിയെങ്കിലും അയച്ചിട്ടുണ്ട്. ആദ്യകാലത്തൊക്കെ പൊലീസ് ഇതേക്കുറിച്ച് അന്വേഷിക്കുമായിരുന്നു. പിന്നീട് പൊലീസിന് തന്നെ ഇതൊരു തമാശയായി തോന്നിയതുകൊണ്ട് എന്നെ വിളിക്കുക പോലും ചെയ്യാറില്ല. ലക്‌സന്റെ തട്ടിപ്പിനെക്കുറിച്ചും ദുഷ്പ്രചരണങ്ങളെക്കുറിച്ചും വ്യാജപരാതിയെക്കുറിച്ചും ഒക്കെ തുടച്ചയായി പത്ത് ദിവസം എഴുതിയാൽ പോലും തീരുകയില്ല. വിശദമായി ഞാൻ അതേക്കുറിച്ച് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല.
ചില കയ്യബദ്ധങ്ങൾ, നോട്ടപ്പിശകുകൾ തുടങ്ങിയവ സംഭവിക്കുമ്പോൾ ഈ ദുഷ്ടശക്തികൾ ഒരുമിച്ച് നിന്ന് അട്ടഹാസം മുഴക്കുക പതിവാണ്. ഒന്നുമില്ലാതെ നിരന്തരം വാർത്ത എഴുതാൻ ശ്രമിക്കുന്നവർക്ക് എന്തെങ്കിലും ലഭിച്ചാൽ പിന്നെ പറയേണ്ടതുണ്ടോ? ഒരു സ്പിരിച്വൽ വാർത്ത നൽകിയപ്പോൾ ഏതാനും നിമിഷ നേരത്തേക്ക് ഒരു സബ് എഡിറ്റർ വികൃതമാക്കപ്പെട്ട യേശുക്രിസ്തുവിന്റെ ചിത്രം അബദ്ധവശാൽ പ്രസിദ്ധീകരിച്ചു പോയതിന് ഈ ഓൺലൈൻ പത്രങ്ങൾ അട്ടഹാസം മുഴക്കിയത് ഏതാണ്ട് ഒരുമാസത്തോളം ആണ്. തെറ്റ് തിരുത്തി ക്ഷമാപണം നടത്തി പലതവണ എഡിറ്റോറിയൽ എഴുതി ക്ഷമ ചോദിച്ചിട്ടും അവർ നാളുകളോളം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. മനപൂർവ്വം യേശുക്രിസ്തുവിനെ അവഹേളിച്ചു എന്ന പേരിൽ എന്റെ പേരിൽ കേസ് എടുപ്പിച്ച് അറസ്റ്റ് ചെയ്യാൻ വൻ സമ്മർദ്ദം ഉണ്ടായി. എനിക്കെതിരെ ഈ വാർത്ത പ്രസിദ്ധീകരിക്കാൻ ഒരു മെത്രാനിൽ നിന്നും അരമനയിൽ ഉണ്ടായ സമ്മർദ്ദം ചെറുത്ത് തോല്പിച്ചത് എന്റെ ട്രയിനി ആയിരുന്ന ഇപ്പോഴത്തെ ദീപികയുടെ ന്യൂസ് എഡിറ്റർ ആയിരുന്നു.
ഇത്തരം ഒരു അർദ്ധസത്യമാണ് ജോബി ജോർജ്ജ് എന്നയാളിൽ നിന്നും ഞാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന നിലയിൽ വ്യക്തമായി പ്രചരിപ്പിക്കുന്നതിന്റെ കാരണം. ഇപ്പോൾ എനിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച കേരളത്തിലെ പത്രക്കാരിൽ മഹാഭൂരിപക്ഷം ഈ ആരോപണം ഷെയർ ചെയ്ത് രസിക്കുന്നുണ്ട്. അതേക്കുറിച്ച് നാളെ കുറിക്കാം.