ങ്ങനെ ഒരു കുറിപ്പ് എഴുതേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എഴുതി തുടങ്ങിയപ്പോൾ ആവേശകരമായ ചില പ്രതികരണങ്ങൾ എത്തി. ഞാൻ പറയുന്നത് മിക്കതും സിനിമാക്കഥപോലെ അവിശ്വസനീയമായ നുണകൾ ആണ് എന്ന് ചിലർ നടത്തിയ ആക്ഷേപമാണ് ഏറ്റവും ആവേശകരമായത്. എന്റെ ജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങളെ കുറിച്ച് എഴുതിയാൽ കുറഞ്ഞതൊരു വർഷമെങ്കിലും കുറിക്കേണ്ടി വരും. മേധാ പട്കർ എന്ന സാമൂഹ്യ പ്രവർത്തകയോട് ആരാധന മൂത്ത് ഒന്ന് കാണാൻ വേണ്ടി ബോംബെയിൽ ചെല്ലുകയും അവരുടെ ആകർഷണവലയത്തിൽ വീണ് അവരോടൊപ്പം നർമ്മദയിലെ ആദിവാസി കോളനിയിലേക്ക് യാത്ര പോകുകയും ചെയ്ത കാലത്തെക്കുറിച്ചു മാത്രം എഴുതാൻ അഞ്ചോ ആറോ അദ്ധ്യായങ്ങൾ വേണം.

എന്നാൽ അവയൊക്കെ കുറിച്ചുവക്കാൻ മാത്രം ഒരു മഹത്വവും എന്റെ ജീവിതത്തിനു ഇല്ല എന്നറിയാവുന്നതുകൊണ്ടാണ് ഞാൻ പിന്മാറുന്നത്. ഞാൻ ഒരു മികച്ച മാദ്ധ്യമപ്രവർത്തകനോ മറ്റേതെങ്കിലും മേഖലയിൽ പ്രഗൽഭനോ അല്ല എന്ന് ഏറ്റവും ഉറപ്പുള്ളത് എനിക്കാണ്. ഇക്കാര്യം ഒരിക്കൽ എന്നോട് എൻആർഎസ് ബാബു സാർ പറഞ്ഞിരുന്നു. 'നന്നായി എഴുതുന്നതുകൊണ്ടല്ല, പത്രാധിപന്മാർക്ക് വേണ്ടത് എന്തോ അത് കൊടുക്കാൻ അറിയാം എന്നതുകൊണ്ടാണ് എനിക്ക് മാദ്ധ്യമ പ്രവർത്തനരംഗത്ത് നിലനിൽക്കാൻ കഴിയുന്നത്' എന്ന് ബാബു സാർ 18 കൊല്ലം മുമ്പ് പറഞ്ഞത് എന്റെ ജീവിതത്തിൽ ഏറ്റവും വലിയ അംഗീകാരമായാണ് ഞാൻ കരുതുന്നത്.

പ്രതിരോധം എന്നനിലയിൽ മാത്രം ആയിരുന്നു എന്റെ കുറിപ്പ് ആരംഭിച്ചത്. മറുനാടൻ മലയാളിയുടെ പിന്നിൽ ആരാണ് എന്ന് പരസ്പരം ചോദിക്കുന്ന അനേകം പേരുണ്ടായിരുന്നു. ചില ഓൺലൈൻ പോർട്ടലുകൾ നടത്തിയ നുണപ്രചരണം ഇവരിൽ പലരുടെയും നെറ്റി ചുളിക്കാൻ കാരണം ആയിരുന്നു. ഞാൻ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് താൽക്കാലികമായാണ്. എന്നെക്കുറിച്ചും മറുനാടൻ മലയാളിയെക്കുറിച്ചും നിങ്ങൾക്ക് ആശങ്കകളോ സംശയങ്ങളോ ഉണ്ടായാൽ അത് എഴുതി ചോദിക്കാം. അങ്ങനെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി ഇടയ്ക്കിടെ ഈ കോളത്തിൽ പ്രത്യക്ഷപ്പെടാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്. ആഴ്ചയിൽ ഒന്നു വീതം എങ്കിലും ചെറിയ കാര്യങ്ങൾ കുറിക്കുന്ന ഒരു കോളമായി ഇത് നിലനിർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. എല്ലാ ബുധനാഴ്ചയും ആയിരിക്കും ഇത് പ്രസിദ്ധീകരിക്കുക. അക്കൂട്ടത്തിൽ വായനക്കാർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും എനിക്ക് മടിയില്ല.

[BLURB#1-VL]ഉത്തരവാദിത്തം ഉള്ള ഒരു രാഷ്ട്രീയ പ്രവർത്തകന് എത്രമാത്രം സ്വത്ത് ഉണ്ട് എന്നും അത് എങ്ങനെ സംരക്ഷിക്കും എന്നും വെളിപ്പെടുത്തണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്റെ ജീവിതത്തിൽ വലിയ സ്വപ്നങ്ങളിൽ ഒന്ന് കേരളത്തിലെ സർവ്വ രാഷ്ട്രീയക്കാരും രാഷ്ട്രീയം തുടങ്ങിയപ്പോൾ ഏത് തരം സാമ്പത്തിക സ്ഥിതിയിൽ ആയിരുന്നു എന്നും അവരിപ്പോൾ എത്രമാത്രം സമ്പന്നർ ആണ് എന്നും വിശദമാക്കുന്ന ഒരു അന്വേഷണ റിപ്പോർട്ട് തയ്യാറാക്കണം എന്നതാണ്. മറ്റൊന്ന് ജുഡീഷ്യറിയുടെയും മാദ്ധ്യമപ്രവർത്തകരുടെയും അഴിമതികൾ പുറത്ത് കൊണ്ടുവരികയാണ്. അതുകൊണ്ട് തന്നെ എന്റെ ജീവിതം സുതാര്യമായിരിക്കണം എന്ന് എനിക്ക് ശാഠ്യം ഉണ്ട്. 27 വർഷം മുമ്പ് കൂലിപ്പണിക്കാരനായിരുന്ന എനിക്ക് ഇപ്പോൾ എത്രമാത്രം സ്വത്തുകൾ ഉണ്ട് എന്നും അതെങ്ങനെ ഉണ്ടായി എന്നു കൂടി എഴുതണം എന്നെനിക്കുണ്ട്. വളരെ സൂക്ഷ്മതയോടെ കുറിച്ചിട്ടും പൊങ്ങച്ചം എന്ന ആയുധം ചിലർ പ്രയോഗിച്ചു കണ്ടതിനാൽ അത് കുറിക്കാൻ എനിക്ക് ഭയമാണ്. എന്തായാലും ആ ഭയത്തെ മറികടന്ന് ഇങ്ങനെ ഒരു കുറിപ്പ് എന്നെങ്കിലും എഴുതാൻ പറ്റും എന്നാണ് എന്റെ വിശ്വാസം.

ഇങ്ങനെ ഒരു കുറിപ്പെഴുതാൻ എനിക്ക് പ്രചോദനം തന്ന മാതൃഭൂമിയിലെ മാർഷലിനോട് എനിക്കുള്ള നന്ദി ഞാൻ ഇവിടെ കുറിച്ചില്ലെങ്കിൽ അത് നന്ദികേടായി പോകും. മാർഷൽ എഴുതിയ അങ്ങേയറ്റം പ്രകോപനപരമായ കുറിപ്പ് ഇല്ലായിരുന്നെങ്കിൽ ഞാൻ ഇത് ഒരിക്കലും ഒരുപക്ഷെ കുറിക്കുമായിരുന്നില്ല. എന്റെ പ്രിയപ്പെട്ട ചില സുഹൃത്തുക്കൾ ഇങ്ങനെ ഒരു കുറിപ്പിന്റെ ആവശ്യകതയെക്കുറിച്ച് ധാരാളം തവണ എന്നെ ഓർമ്മിപ്പിച്ചതാണ്. മാർഷൽ ഈ ആരോപണം ഉന്നയിക്കുന്നതിനു നാളുകൾക്ക് മുന്നെ ഇത്തരം ആരോപണങ്ങൾ ചിലർ എനിക്കെതിരെ പാടി നടക്കുന്നുണ്ടായിരുന്നു. എന്നെ അറിയാവുന്നവർ അതൊക്കെ പ്രതിരോധിക്കാറുണ്ടെങ്കിലും ഞാൻ ഒരു തട്ടിപ്പുകാരൻ ആണ് എന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. സ്വന്തം കഥ സ്വന്തം പത്രത്തിൽ എഴുതുന്നതിലെ അനൗചിത്യം ഓർത്തായിരുന്നു, ഞാൻ അന്നൊന്നും ഇതിന് തുനിയാതിരുന്നത്. ഇനിയിപ്പോൾ ഞാൻ ഇത് എഴുതി കഴിഞ്ഞപ്പോൾ ഷാജനെക്കുറിച്ച് തെറ്റിദ്ധരിച്ചതിൽ ക്ഷമിക്കണം എന്ന് പറഞ്ഞ് കുറച്ച് പരിചയക്കാർ വിളിച്ചിരുന്നു. ഇങ്ങനെ ചിലർക്കെങ്കിലും ഒരു തിരിച്ചറിവുണ്ടാകാൻ കാരണം മാർഷൽ മാത്രമാണ്. അതുകൊണ്ട് ഒരിക്കലും കണ്ടിട്ടില്ലാത്ത മാർഷൽ, ഞാൻ താങ്കളോട് ഇക്കാര്യത്തിൽ എന്നും കടപ്പെട്ടിരിക്കുമെന്ന് അറിയിക്കട്ടെ.

എനിക്ക് ജീവിതത്തിൽ അടിസ്ഥാനപരമായ രണ്ട് പ്രമാണങ്ങൾ ഉണ്ട്. എന്തു ചെയ്താലും അത് നിയമപരമായിരിക്കുക എന്നതാണ് ആദ്യത്തെ പ്രമാണമെങ്കിൽ അത് ധാർമ്മികമായിരിക്കുക എന്നതാണ് രണ്ടാമത്തെ പ്രമാണം. ലീഗലി ആൻഡ് എത്തിക്കലി കറക്റ്റ് എന്ന നിർബന്ധിതമായ നിലപാട് മൂലമാണ് ഞാൻ ആരെയും ഭയക്കാത്തത്. എന്നാൽ സക്കാൾ ലേഖകൻ അജയനെ പോലെയുള്ളവരുടെ അനുഭവകഥകൾ അറിഞ്ഞപ്പോൾ ഇത് രണ്ടും ശ്രദ്ധിച്ചാലും കുരുക്കുമായി വലിയവർ കാത്ത് നിൽപ്പുണ്ട് എന്ന ഉത്തമ ബോധ്യം ഉണ്ട്. ആർക്കും ആർക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കാം. അത് വലിയ വാർത്ത ആക്കാൻ മാദ്ധ്യമങ്ങൾക്ക് ഒരു മടിയും ഉണ്ടാകില്ല. മാദ്ധ്യമ മാനേജ്‌മെന്റുകൾ അറിഞ്ഞാൽ അത് നടന്നെന്ന് വരില്ല. പക്ഷെ മറുനാടനിലെ വാർത്തകൾ എല്ലാം ഞാൻ പോലും അറിയുന്നില്ല. അപ്പോൾ പത്രങ്ങളുടെ കാര്യം പറയണമോ?

[BLURB#2-H]എന്നാൽ അതൊന്നും എന്നെ തളർത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യില്ല. കാരണം എന്റെ ഈ കൊച്ചു ജീവിതം കൊണ്ട് ഞാൻ ആഗ്രഹിച്ചതിലും കാര്യങ്ങൾ ചെയ്യാൻ എനിക്ക് സാധിച്ചു. എന്റെ ഭാര്യയ്ക്കും മക്കൾക്കും അല്ലൽ ഇല്ലാതെ ജീവിക്കാനുള്ള പണം ഞാൻ ഉണ്ടാക്കി. അതും അന്തസായി അദ്ധ്വാനിച്ചു തന്നെ. മറുനാടനിലൂടെ ഞാൻ എറ്റെടുത്തിരിക്കുന്നത് നിർഭയമായ പത്രപ്രവർത്തനം മാത്രമാണ്. മറുനാടനിലൂടെ സമ്പാദിക്കുന്ന വരുമാനം എന്റെ ജീവിത ലക്ഷ്യമേയല്ല. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും വരുന്ന നാലോ അഞ്ചോ കൊല്ലത്തിനകം കേരളത്തിലെ മാദ്ധ്യമ രംഗത്ത് മറുനാടൻ വലിയൊരു സ്ഥാനം ഉണ്ടാക്കും എന്ന് ഉത്തമ ബോധ്യം എനിക്കും മറുനാടൻ വായനക്കാർക്കും ഉണ്ട്. പല പത്രങ്ങളും ചാനലുകളും കൃത്യസമയത്ത് ജീവനക്കാർക്ക് ശമ്പളം നൽകാൻ ബുദ്ധിമുട്ടുമ്പോഴും കഴിഞ്ഞ ഏഴ് വർഷമായി ഒരു മാസം പോലും അത് മുടങ്ങിയിട്ടില്ല എന്ന അഭിമാനത്തോടെയാണ് ഞാൻ പറയുന്നത്. പ്രസ് ക്ലബ്ബ് വാർത്തയോട് പ്രതിഷേധിച്ച് നോട്ടീസ് പോലും നൽകാതെ ഇറങ്ങിപ്പോയ ജീവനക്കാരന് പോലും ആ മാസത്തെ ശമ്പളം മുടക്കാതിരിക്കാൻ മറുനാടന് കഴിഞ്ഞു. അതുകൊണ്ട് എന്റെ സ്വപ്‌നം സാധിക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

ഇത് വായിക്കുന്നവർ കരുതും, ഞാൻ ധാർമ്മിക മാദ്ധ്യമ പ്രവർത്തകന്റെ മൊത്തക്കച്ചവടക്കാരൻ ആണെന്ന് സ്വയം കരുതുകയാണ് എന്ന്. എന്റെ പത്രപ്രവർത്തനവും ഞാൻ എഡിറ്ററായ പത്രങ്ങളും സമൂഹത്തിൽ മാറ്റങ്ങൾ വരുത്തുക, അനീതിക്കെതിരെ പ്രതികരിക്കുക തുടങ്ങിയ തികച്ചും ധാർമ്മികമായ ലക്ഷ്യങ്ങൾ മാത്രം വച്ച് പുലർത്താനാണ് എന്ന് ഞാൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. സാധാരണക്കാരായ വായനക്കാരെ ലക്ഷ്യമാക്കി സാധാരണ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഒരു സാധാരണ മാദ്ധ്യമമാണ് മറുനാടൻ മലയാളി. മഞ്ജുവാര്യരുടെ വിവാഹമോചനവും ദീപിക പദുക്കോണിന്റെ ക്ലീവേജും ഒക്കെ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട വാർത്ത തന്നെയാണ്. എന്നാൽ ഇത് പറയുമ്പോഴും ആരും പറയാൻ മടിക്കുന്ന വാർത്തകൾ പറയാൻ ഞങ്ങൾക്ക് ധൈര്യം ഉണ്ട്. പണത്തിന്റെയോ പരസ്യത്തിന്റെയോ പ്രലോഭനത്തിൽ വീഴുന്ന പത്രപ്രവർത്തനം അല്ല ഞങ്ങളുടെത്. ഈ തിരിച്ചറിവ് മറുനാടൻ വായനക്കാർക്കുമുണ്ട് എന്നതാണ് ഞങ്ങളുടെ വിജയം.

എനിക്ക് വേണ്ടത് മറുനാടൻ വായനക്കാരുടെ വിശ്വാസവും സ്‌നേഹവും മാത്രമാണ്. എന്നെ നേരിട്ട് പരിചയം ഉള്ള എല്ലാവർക്കും സുതാര്യമായ എന്റെ വഴികൾ അറിയാം. മിക്കവരുടെയും ജീവിതത്തിനിടയിൽ പൂരിപ്പിക്കാനാവാത്ത ഒരു ഗ്യാപ്പ് കാണും. അതെനിക്കില്ല. വായനക്കാരുടെ വിശ്വാസം അവസാന നിമിഷം വരെ കാത്ത് പരിപാലിക്കാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം. ബോബി ചെമ്മണ്ണൂരിനെതിരെ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നത് അദ്ധേഹത്തിന്റെ പരസ്യം പ്രസിദ്ധീകരിച്ച് കൊണ്ടിരുന്ന സമയത്തായിരുന്നു എന്നത് മാത്രം മതി ഞങ്ങൾ എടുക്കുന്ന നിലപാടിലെ സുതാര്യത ഉറപ്പുവരുത്താൻ. വാർത്തയും പരസ്യവും രണ്ടായി കാണണം എന്ന് വിശ്വസിക്കുന്ന ധാർമ്മികതയാണ് ഞങ്ങളുടേത്.

[BLURB#3-VR]എന്നാൽ വർഗ്ഗീയവും രാഷ്ട്രീയവും ആയ ഒരു അജണ്ഡയുടെ പുറത്താണ് മറുനാടൻ പ്രവർത്തിക്കുന്നത് എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അനേകം പേരുണ്ട്. സ്വന്തം മതവും സ്വന്തം രാഷ്ട്രീയവും വിമർശിക്കപ്പെടാൻ പാടില്ല എന്ന ചിലരുടെ പിടിവാശിയാണ് ഈ ആരോപണത്തിന്റെ കാരണം. എന്നാൽ ഞങ്ങൾക്ക് മതമോ രാഷ്ട്രീയമോ ഇല്ല. ഒരു മതത്തെയും ഒരു രാഷ്ട്രീയപാർട്ടിയെയും മോശം ആക്കാനോ നല്ലതാക്കാനോ വേണ്ടി മനഃപൂർവ്വം ഒന്നും എഴുതാറില്ല. ഇത് മനസ്സിലാക്കി വായനക്കാർ ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ. ഞങ്ങൾ കാണാതെ പോവുന്ന നല്ലത്, കാണുന്നവർ ചൂണ്ടിക്കാട്ടട്ടെ. അവയെ കുറിച്ച് ഞങ്ങൾ എഴുതും. ഇങ്ങനെ ഞങ്ങൾ ചെയ്യാറുണ്ട്. എന്നാൽ മോശമായത് മറച്ചുവയ്ക്കാൻ മാത്രം പറയരുത്. മറുനാടനെതിരെയുള്ള വ്യാജപ്രചരണത്തെ ചെറുത്ത് തോല്പിക്കാൻ വായനക്കാർ തന്നെ പ്രതിരോധം തീർക്കുന്ന കാലമാണ് ഞാൻ മോഹിക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ മറുനാടനൊപ്പം നിന്ന ഞാൻ കണ്ടിട്ടുപോലും ഇല്ലാത്ത ചിലർ അങ്ങനെ പിണങ്ങി പോയിരുന്നു. അവരൊക്കെ ഇപ്പോഴും മറുനാടൻ വായിക്കുന്നുണ്ടെന്നാണ് എന്റെ പ്രതീക്ഷ. അവരെയൊക്കെ ഞാൻ ഇപ്പോഴും പ്രാർത്ഥനയിൽ ഓർക്കാറുണ്ട്. എല്ലാ വായനക്കാർക്കും ഒരിക്കൽകൂടി നന്ദി പറയട്ടെ...