''മലയാളികളിൽ വർഗ്ഗീയ വിഷം കുത്തിവച്ച് സമൂഹത്തെ ഭിന്നിപ്പിച്ച് സഹോദര്യം കാറ്റിൽ പറത്തി കേരളത്തെ എപ്പോഴും പൊട്ടിയേക്കാവുന്ന വർഗ്ഗീയ കലാപത്തിന്റെ ഒരു അഗ്നി പർവ്വതത്തിന്റെ മുകളിൽ കൊണ്ട് വച്ചതിന്റെ ക്രെഡിറ്റ് കിട്ടാൻ ഷാജൻ സ്‌കറിയ താങ്കളോട് ആരും മത്സരിക്കാൻ ഉണ്ടാവില്ല. ഈ തെളിവുകൾ തന്നെ ധാരാളം. താങ്കൾക്ക് അൽപ്പം പോലും കുറ്റബോധമോ മനസ്താപമോ തോന്നുന്നില്ലേ? താങ്കൾ ഒരു മനുഷ്യനാണോ? മനുഷ്യരെ ഇങ്ങനെ കൊലക്ക് കൊടുത്ത് ശവം തിന്നുന്ന താങ്കൾ ഒരു മനുഷ്യനാണോ എന്ന കാര്യത്തിൽ ഇപ്പോൾ എനിക്ക് സംശയമുണ്ട്. പലപ്പോഴും മറുനാടനിൽ ഇത്തരം വാർത്തകൾ കണ്ടിട്ടുണ്ടെങ്കിലും അത് ചേർത്ത് വച്ച ഈ ബ്ലോഗ് കണ്ടപ്പോഴാണ് അതിന്റെ ഭീകരാവസ്ഥ ബോധ്യപ്പെട്ടത്. കേരളത്തെ ഗുജറാത്തോ മ്യാന്മറിലെ റോഹിങ്ക്യ സംസ്ഥാനമോ ആക്കാൻ താങ്കൾ വഹിക്കുന്ന പങ്ക് ചില്ലറയല്ല. താങ്കൾ എഴുതുന്ന കാഴ്ചകൾ വായിച്ച് താങ്കളോട് ഒരു അനുഭാവമോ അനുതാപമോ ഒക്കെ തോന്നിത്തുടങ്ങിയതായിരുന്നു. പൂർവ്വ കാല പ്രാബല്യത്തോടെ ഞാൻ അത് പിൻ വലിക്കുകയാണ്. താങ്കൾ ഒരു വിഷ ജന്തു തന്നെയാണ്''

കഴിഞ്ഞ ദിവസം എന്റെ ഫേസ്‌ബുക്കിൽ മെസേജ് പേജിൽ എത്തിയ മാദ്ധ്യമത്തിന്റെ സൗദി ലേഖകൻ നജീം കൊച്ചുകലുങ്ക് ആരോപിച്ചതാണ് ഇത്. ഇങ്ങനെ ഒരു അഭിപ്രായം നജീമിന് ഉണ്ടാവുകയും അത് എന്റെ ഫേസ്‌ബുക്ക് പേജിൽ എത്തി എന്നോട് തന്നെ പറയാൻ മനസ്സ് കാട്ടുകയും ചെയ്ത നജീമിനോട് എനിക്ക് ആദരവ് തോന്നി. ഫേസ്‌ബുക്കിലെ ചർച്ചകൾക്ക് പോലും സമയം തികയാത്ത ഞാൻ പൊതുവേ ചാറ്റ് ബോക്‌സിലൂടെ ചർച്ച നടത്താൻ ആഗ്രഹിക്കാത്ത വ്യക്തിയാണെങ്കിലും അദ്ദേഹത്തിന്റെ ഈ പരാതി അങ്ങനെ അവഗണിക്കാൻ സാധിക്കാത്തതുകൊണ്ട് ഹ്രസ്വമായ ഒരു മറുപടി നൽകി. അതിങ്ങനെ ആയിരുന്നു. ''സ്വന്തം മതം മാത്രം വിമർശിക്കപ്പെടരുത് എന്ന് കരുതുന്നവർ മാത്രമേ എന്നെ മോശക്കാരൻ ആയി കരുതൂ. അതിൽ എല്ലാ മതക്കാരും ഉണ്ട്. മതങ്ങൾ വിമർശനങ്ങൾക്ക് അതീതം അല്ല എന്ന് ഞാൻ വിശ്വസിക്കാത്തതുകൊണ്ട് എനിക്കിത് ചെയ്യാൻ പറ്റുന്നു. എന്നാൽ മതത്തിന്റെ അടിമ ആയതിനാൽ താങ്കൾക്ക് ഇങ്ങനെ തോന്നുന്നു. താങ്കളോട് എനിക്ക് സഹതാപം മാത്രമേ ഉള്ളൂ. ഈ പ്രചരിപ്പിക്കുന്ന വർഗ്ഗീയ വാദികളെയാണ് താങ്കൾ ചെറുത് തോൽപ്പിക്കേണ്ടത്''

ഇതിന് ലഭിച്ചത് സാമാന്യം നീണ്ട ഒരു മറുപടി ആയിരുന്നു: സൗദി അറേബ്യയിൽ നിന്നും ഇറങ്ങുന്ന മലയാളം ന്യൂസ് എന്ന പ്രസിദ്ധമായ പത്രത്തിൽ മറുനാടന്റെ ഒരു വാർത്തയെ കുറിച്ച് വന്ന വിമർശനാത്മകമായ വാർത്തയെക്കുറിച്ചായിരുന്നു ചർച്ച. 15 കൊല്ലം മുൻപ് തുടർച്ചയായി ഞാൻ പല പേരുകളിൽ ഈ പത്രത്തിൽ എഴുതിയിരുന്നതുകൊണ്ടും അന്നേ എനിക്ക് മറ്റാരും നൽകാത്തതിനേക്കാൾ വലിയ പ്രതിഫലം ഈ പത്രം എനിക്ക് തന്നിരുന്നതുകൊണ്ടും ആ പത്രത്തിന്റെ പേര് കേൾക്കുന്നത് പോലും എനിക്ക് സന്തോഷം മാത്രമേ ഉണ്ടാക്കാറുള്ളൂ. മലയാളം ന്യൂസിൽ വാർത്ത വരുന്ന കാര്യം വാർത്ത അടിക്കും മുൻപെ ഡെസ്‌ക്കിൽ നിന്നു ഒരാൾ വിളിച്ച് എന്നോട് പറഞ്ഞിരുന്നു. ഒരാളുടെയും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ ചെറുതായി പോലും വിമർശിക്കാത്ത എനിക്ക് ആ വാർത്തയിൽ അത്ഭുതമോ നിരാശയോ തോന്നിയിരുന്നില്ല. മലയാളം ന്യൂസിലെ വാർത്ത നജീം ഷെയർ ചെയ്തത് വലിയൊരു ചർച്ചയ്ക്ക് ഇതിനോടകം കളം ഒരുക്കിയിരുന്നു. എന്റെ മറുപടിക്ക് നജീമിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

''ഞാൻ ഈ പറഞ്ഞതിൽ എവിടെയാണ് ഞാൻ മതത്തിന്റെ അടിമയാണെന്നുള്ളതിന് തെളിവ്? എന്തടിസ്ഥാനത്തിലാണ് താങ്കൾ അങ്ങനെ ഒരു നിഗമനത്തിൽ എത്തിയത്. സൗദി അറേബ്യയിൽ 14 വർഷമായി മാദ്ധ്യമ പ്രവർത്തകനായി ജീവിക്കുന്ന എനിക്ക് താങ്കളുടെ പത്രത്തിൽ വന്ന സൗദിയെ സംബന്ധിച്ച് മിക്ക വാർത്തകളും നുണകളായിരുന്നു എന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. പാശ്ചാത്യ മാദ്ധ്യമങ്ങളിൽ വരുന്നത് അതേപടി പകർത്തി അതിൽ വർഗ്ഗീയ വികാരത്തെ (എല്ലാത്തരം വർഗ്ഗീയതകളെയും) ഉദ്ധീപിക്കാൻ ഉതകുന്ന വിധത്തിൽ മസാലകൾ ചേർത്ത് അവതരിപ്പിക്കലാണ് താങ്കളുടെ പരിപാടി. എങ്കിലും അധാർമ്മികത കാണുമ്പോഴുണ്ടാകുന്ന ഒരു ചൊടിപ്പിൽ പലപ്പോഴും നിങ്ങളുടെ സൗദി വാർത്തകളിലെ പിഴവുകൾ ഞാൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പകർത്തിയ പശ്ചാത്യ മാദ്ധ്യമങ്ങളുടെ സോഴ്‌സായി ആ ലിങ്കുകൾ എടുത്തുകാട്ടി എഴുതിയതിനെ ന്യായീകരിക്കാൻ നിൽക്കുകയാണ് നിങ്ങളുടെ പതിവ്. പകരം നിജസ്ഥിതി അന്വേഷിച്ച് വാർത്ത തിരുത്തി ധാർമ്മികത നിറവേറ്റൽ നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കണ്ട നീ അവിടെ നിൽക്കൂ, കേട്ടെഴുതിയ ഞാൻ പറയട്ടെ എന്ന വൃത്തികെട്ട സമീപനമായിരുന്നു എന്നും നിങ്ങളുടേത്. ഈ വാർത്തയിലും ആ ബീഭത്സത തന്നെയാണ് വെളിപ്പെട്ടത്. ആ സംഭവത്തിൽ ഉൾപ്പെട്ടവർ തന്നെ രംഗത്ത് വന്ന് അങ്ങിനെയൊന്നും സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടും ഉൾക്കൊള്ളാതെ തികച്ചും നുണയായ സോഴ്‌സിൽ കടിച്ചു തൂങ്ങുകയായിരുന്നല്ലോ താങ്കൾ. അപ്പോഴാണ് ഞാൻ ഒരു മറുചോദ്യം ചോദിച്ചത്: താങ്കളുടെ വീട്ടിലുള്ളവരെ കുറിച്ച് പാശ്ചാത്യ മാദ്ധ്യമങ്ങൾ (അവയാണല്ലോ വാർത്തയുടെ നേരും നെറിയും നിർണ്ണയിക്കുന്നതിനുള്ള താങ്കളുടെ ദിവ്യ മാനദണ്ഡങ്ങൾ) തോന്ന്യാസം എഴുതിയാൽ നിജസ്ഥിതി അന്വേഷിക്കാതെ പകർത്തിയെഴുതുമോ എന്ന്? അതിന് താങ്കൾ മറുപടി തന്നില്ല.

അൽഖഫ്ജി വളരെ ചെറിയ ഒരു പ്രദേശമാണ്. അവിടെ എന്തു നടന്നാലും അന്വേഷിച്ച് അറിയാൻ ഒരു ബുദ്ധിമുട്ടും ഇല്ല. ഞാൻ ജോലി ചെയ്യുന്ന പത്രത്തിന് വേണ്ടി അവിടെ നിന്ന് എന്റെ അനുജൻ അന്വേഷിച്ച് അയച്ചു തന്ന വിവരവും താങ്കളുടെ വാർത്തയെ നുണയെന്ന് സ്ഥാപിക്കുന്നതായിരുന്നു. അത് തന്നെയാണ് മലയാളം ന്യൂസ് എന്ന പത്രവും എഴുതിയത്. ഇനി കാതലായ ചോദ്യം: സൗദി അറേബ്യയെ തെറ്റായി അവതരിപ്പിച്ചപ്പോൾ ശരി ചൂണ്ടിക്കാട്ടി നിങ്ങളെ തിരുത്താൻ ശ്രമിച്ചതാണോ ഞാൻ മതത്തിന്റെ അടിമയാണെന്ന് പറയാൻ കാരണം. സൗദി അറേബ്യയെ ശരിയുടെ പേരിൽ ന്യായീകരിച്ചതും മതവും തമ്മിൽ എന്തു ബന്ധം? സൗദിയെ കുറിച്ച് നല്ലത് പറഞ്ഞാൽ അക്കാരണം കൊണ്ട് എന്നിൽ മതം കാണുന്ന താങ്കളുടെ വീക്ഷണം അല്ലേ വികലം. അപ്പോൾ ഈ നടത്തിയ ചാരിത്ര്യ പ്രസംഗമോ? തനിക്ക് വർഗ്ഗീയതല്ല, മത പരിഗണനകൾ ഇല്ല എന്നൊക്കെ.... കേരളം നാളെ ഒരു ഗുജറാത്ത് ആയി മാറിയാൽ അതിന്റെ പ്രധാന ഉത്തരവാദികളിൽ ഒരാൾ താങ്കളായിരിക്കും എന്ന് ചരിത്രം എഴുതി വയ്ക്കും. കാരണം ഹിന്ദു മുസ്ലിം വർഗ്ഗീയതയെ ആളിക്കത്തിക്കാൻ താങ്കളുടെ പത്രം നടത്തുന്ന ''അതിവാർത്ത'' ശ്രമങ്ങളുടെ തെളിവുകൾ ഇവിടെ ബാക്കിയുണ്ടാവുമല്ലോ. ഈ ബ്ലോഗിലുള്ളവ പോലും വലിയ തെളിവുകൾ അല്ലേ? ഇനിയും സസൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും താങ്കളുടെ പത്രത്തിലെ ഓരോ വരികളും എന്ന് അറിയുക. താങ്കൾ മാത്രമാണ് മിടുക്ക് എന്ന് കരുതരുത്.

നുണയാണെന്ന് ബോധ്യപ്പെട്ടാലും അത് അംഗീകരിക്കാൻ കൂട്ടാക്കാത്ത താങ്കളുടെ മനസ്ഥിതി അമ്പരപ്പുളവാക്കുന്നു. പത്രധർമ്മത്തെ കുറിച്ച് പ്രസംഗിക്കാൻ എങ്ങിനെ നിങ്ങൾക്ക് കഴിയുന്നു സുഹൃത്തെ. ആ വാർത്ത സംബന്ധിച്ച് താങ്കൾക്ക് ഉയർത്തി കാട്ടാൻ ആകെയുള്ള തെളിവ് ആ ഡെയിലിയുടെ ലിങ്ക് മാത്രമാണല്ലോ. അത് പൂർണ്ണമായും തെറ്റാണെന്ന് സംഭവത്തിൽ ഉൾപ്പെട്ടവർ തന്നെ പറയുന്നു. അതോടെ ഡെയിലി ന്യൂസ് നുണയാണെന്ന് തെളിയുന്നു. അങ്ങനെ പൊളിഞ്ഞ സോഴ്‌സിൽ തൂങ്ങിയാണ് നിങ്ങളുടെ നിൽപ്പ്. നിങ്ങൾക്ക് ധാർമ്മികതയെയും സത്യത്തെയും കുറിച്ച് പറയാൻ ഒരു അവകാശവുമില്ല.

താങ്കളുടെ ലേഖനത്തോട് പ്രതികരിച്ചവരോട് താങ്കൾ പ്രതിരിച്ചിരിക്കുന്നത് ''തനിക്കും തന്റെ വീട്ടുകാർക്കും തന്റെ സമുദായത്തിനും എതിരെയുള്ളത് മാത്രമാണ്'' എന്ന നിലയിലാണ്. ജാതിയും മതവും ഒന്നും നോക്കാതെ 25 ലക്ഷം ഇന്ത്യക്കാർ തൊഴിലെടുത്ത് ജീവിക്കുന്ന സൗദി അറേബ്യയെ ശരിയുടെ പേരിൽ ന്യായീകരിക്കുന്നതിനെ സമുദായ സ്‌നേഹമായി ചിത്രീകരിക്കുന്നത് തന്റെ (ബഹുമാനം തൽക്കാലം ഉപേക്ഷിക്കുന്നു) വികലമായ, അടിമുടി വർഗ്ഗീയവത്കരിക്കപ്പെട്ട വീക്ഷണത്തിന് നല്ല ഒന്നാന്തരം തെളിവല്ലേ? ഈ നാട്ടിൽ ജീവിക്കുന്നതുകൊണ്ട് അന്യനാട്ടിൽ കഴിയുന്ന താങ്കളെക്കാൾ നേര് കൂടുതൽ അറിയാം എന്നതുകൊണ്ടോണോ തന്റെ നെറികേടിനെതിരെ പ്രതികരിച്ചു പോകുന്നത്. അല്ലാതെ താൻ വൃത്തികെട്ട മനസു കാണുന്നത് പോലെ സമുദായ സ്‌നേഹം കൊണ്ടല്ല. താൻ ജീവിച്ച ബ്രിട്ടനെ കുറിച്ച് ഒരു മോശം വാർത്ത ചന്ദ്രിക പത്രത്തിന്റെ ഓൺലൈൻ എഡിഷനിൽ വന്നപ്പോൾ അതേ വാർത്തയുടെ ശരിയായ വശം മാസങ്ങൾക്ക് മുമ്പേ എന്റെ പത്രത്തിൽ ഞാൻ തന്നെ എഴുതിയതിനാലും നിജസ്ഥിതി സംബന്ധിച്ച് ഉറപ്പുള്ളതിനാലും ചന്ദ്രികയുടെ പോസ്റ്റിനെതിരെ രുക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും, അതിനോടകം 1700 ഓളം ഷെയറും 10000 ഓളം ലൈക്കും കിട്ടിയ ഫേസ്‌ബുക്ക് പോസ്റ്റും ഓൺ ലൈൻ ന്യൂസും ഗത്യന്തരമില്ലാതെ അവർക്ക് പിൻവലിക്കേണ്ടി വന്നു. ബ്രിട്ടനോട് എന്ത് സ്‌നേഹം കൊണ്ടാണോ ഞാൻ അങ്ങനെ പ്രതികരിച്ചത്? സത്യത്തോടുള്ള കൂറ് കൊണ്ടുമാത്രം. താങ്കളോടുള്ള എല്ലാ ബഹുമാനവും മുൻകാല പ്രാബല്യത്തോടെ ഞാൻ പിൻവലിച്ചിരിക്കുന്നു''

തുടർന്ന്‌ ഞാനും നജീമും തമ്മിൽ ചില ചർച്ചകൾ കൂടി നടത്തി. പറയാൻ ഉള്ളതൊക്കെ ഞാനും നജീമും മാത്രം അറിഞ്ഞാൽ പോരെന്നും അതൊരു ഫേസ്‌ബുക്ക് ചർച്ചയോ മറുനാടൻ ചർച്ചയോ ആക്കി മാറ്റണം എന്നും ഉള്ളതിനാൽ ഞാൻ കാര്യമായ മറുപടി നൽകില്ല. അനധികൃതമായി ലഭിച്ച ഒരു അവകാശം സംരക്ഷിക്കാൻ വേണ്ടി നടത്തിയ വെപ്രാളത്തിന്റെ ഭാഗമായാണ് പ്രസ്സ് ക്ലബ് വിവാദം ഉടലെടുത്തത് എങ്കിൽ നജീം ഉന്നയിച്ച ചോദ്യങ്ങളിൽ പലതും കാര്യമാത്ര പ്രസക്തം ആണ് എന്ന് തോന്നിയതുകൊണ്ടാണ് ഈ ചർച്ച ഞാൻ മറുനാടനിലേക്ക് പറിച്ച് നടുന്നത്. എന്ന് മാത്രമല്ല മറുനാടൻ ആന്റി - ഇസ്ലാമിക അജണ്ടയുടെ പുറത്ത് പ്രവർത്തിക്കുന്ന ഒരു മാദ്ധ്യമം ആണ് എന്ന അതി ശക്തമായ പ്രചാരണം ചിലർ ബോധപൂർവ്വം നടത്തുന്നതായി ശ്രദ്ധയിൽ പെടുകയും ചെയ്യുന്നുണ്ട്. മറുനാടനിലെ ചില വാർത്തകൾ തെരഞ്ഞെടുത്ത് പിടിച്ച് അങ്ങനെ സ്ഥാപിക്കാൻ ചിലർ കൊണ്ട് പിടിച്ച് ശ്രമിക്കുന്നു. നജീമിന്റെ പോസ്റ്റിന് കീഴിൽ പ്രത്യക്ഷപ്പെട്ടതും നജീം സൗകര്യ പൂർവ്വം അംഗീകരിച്ചതുമായ ഒന്നു രണ്ട് പോസ്റ്റുകൾ നോക്കിയാൽ ഇതിന്റെ രൂക്ഷത അറിയാം.

ഫേസ്‌ബുക്ക് ഫേസ് എന്ന വ്യാജ പ്രൊഫൈൽ എഴുത്തിയ ആൾ ഇങ്ങനെ ആയിരുന്നു കുറിച്ചത്: ''ഇവൻ ഈ മറുനാടന്........ഇവനൊരു ഫാസിസ്റ്റ് ഭീകരൻ തന്നെ ആണ്...ഇവനെ പോലുള്ള ഒരു തന്തക്ക് ജനിക്കാത്ത പന്നികൾ ...ഇതും എഴുതും......ഇതിലപ്പുറവും എഴുതും..........ഈ ലിങ്ക് ഇവന്റെ....ഈ തന്തക്ക് പിറക്കാത്തവന്റെ ചരിത്രം പറയും'' നജീം ചർച്ചയ്‌ക്കെടുത്ത മറുനാടൻ വിരുദ്ധ വാർത്തകളുടെ ലിങ്കായ ജസ്റ്റ് പേസ്റ്റ്‌ ഇട്ടായിരുന്നു ഈ മഹാന്റെ ചർച്ച. ഏതാനും മാസങ്ങളായി മറുനാടനെ മുസ്ലിം വിരുദ്ധ പത്രം ആക്കാൻ ശ്രമിക്കുന്ന ചിലർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി സൃഷ്ടിച്ച ലിങ്ക് കുറെ നാളായി പ്രചാരത്തിൽ ഉണ്ട്. ആ ലിങ്ക് ചുവടെ കൊടുക്കുകയാണ്. ഇതിലെ ആരോപണങ്ങളെ കുറച്ച് വിശദമായി തന്നെ ഈ കോളത്തിൽ മറുപടി എഴുതുന്നതിനാൽ തൽക്കാലം വിട്ട് കളയുന്നു.

http://justpaste.it/marunadanmalayali

ഫാസിസ് നമ്പിപുന്നലത്ത് എന്നയാൾ ഇങ്ങനെ എഴുതി: തനി വർഗ്ഗീയ വിഷം''... പത്ര ധർമ്മത്തെ വ്യാപിച്ചിരിക്കുന്ന നാണം കെട്ട നാറികൾ. നജീം ചില്ലമുക്ക് പറയുന്നത് മറുനാടൻ മലയാളി നീല ചിത്ര പത്രമായി ഉയർന്നിരിക്കുകയാണ് എന്നാണ്. വട്ടപാപറ ജാലകം എന്നയാൾ നിരാശയോടെ എഴുതുന്നു: ഞാൻ സ്ഥിരമായി വായിക്കുന്ന ഒരു ഓൺലൈൻ പത്രമാണ് മറുനാടൻ. ഇങ്ങനെ ഉള്ള കള്ളത്തരങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. താങ്ക്‌യു മിസ്റ്റർ നജീം.

മറുനാടൻ ഒരു ഇസ്ലാമിക വിരുദ്ധ പത്രം ആണ് എന്ന പ്രചരിപ്പിക്കുന്ന അനേകം പേർ ഫേസ്‌ബുക്കിൽ സജീവം ആണ്. സൗദിയിലെ ആ വാർത്ത മാത്രമല്ല ഐസിസ് ഭീകരെ കുറിച്ച് എഴുതുന്നത് പോലും ഇസ്ലാമിക വിരുദ്ധം ആണ് എന്ന ചിലർ പ്രചരിപ്പിക്കുന്നു: ഐസിഎസിനെ കുറിച്ച് മറുനാടനിൽ വന്ന വാർത്തയിൽ മനം നൊന്ത ഒരു പോരാളിയുടെ കുറിപ്പ് ഇങ്ങനെ ആണ്: ''മറുനാടൻ മലയാളി'' പേരിൽ ഒരു വെബ് സൈറ്റ് ഓപ്പൺ ആക്കി വച്ചിട്ട് എന്ത് കള്ളവും വിളിച്ച് പറയാമെന്നു കരുതുന്നവർ പണം മാത്രമാണോ ലക്ഷ്യം വയ്ക്കുന്നത്? അതോ ഇസ്ലാമിനെ താറടിച്ചു കാണിക്കാൻ അമേരിക്കൻ ഇസ്രയേലി മാദ്ധ്യമ ബന്ധം ഇവർക്ക് ഉണ്ടോ എന്ന് കൂടി സംശയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇല്ലാത്ത വാർത്തകൾ ഉണ്ടാക്കി ജനങ്ങളുടെ ഇടയിൽ വൻ ഭിന്നിപ്പ് ഉണ്ടാക്കാൻ ഇവർ നടത്തുന്ന ശ്രമങ്ങൾ അനവധി ആണ്. ഇപ്പോൾ അവസാനമായി യസീധികൾ മതം മാറിയതുമായി വന്ന വാർത്തകൾ കണ്ടാൽ മനസ്സിലാകും കാര്യങ്ങൾ... കൂട്ടക്കുരുതി ഭയന്ന് മാത്രമാണ് അവർ മതം മാറാൻ സന്നദ്ധരായത് എന്നാണ് മറുനാടന്റെ കണ്ടെത്തലുകൾ. യസീധികളോട് മതം മാറാൻ അല്ല മറിച്ചു കരം നൽകി ഇസ്ലാമിക് സ്റ്റേറ്റിൽ തന്നെ താമസിച്ചു കൊള്ളാനാണ് ഞങ്ങൾ പറഞ്ഞതെന്ന് ഐഎസ് വക്താക്കൾ ഒരു വീഡിയോയിൽ പറയുമ്പോൾ അത് അങ്ങനെയല്ല എന്ന് നേരിട്ട് കണ്ട പോലെ ആണ് മറുനാടൻ വിവരിക്കുന്നത്''

മറുനാടൻ മലയാളി സ്ഥിരമായി വായിക്കുന്നവർക്ക് കൃത്യമായി അറിയാവുന്ന ഒരു കാര്യം ഉണ്ട്. മതം, രാഷ്ട്രീയം തുടങ്ങിയ ഇടുങ്ങിയ ചിന്താഗതികൾക്ക് അതീതമായാണ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് എന്ന്. സമൂഹത്തിനെ മാറ്റി മറിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആദർശ പത്രപ്രവർത്തനം നടത്തുന്ന ഒന്നല്ല മറുനാടൻ എന്ന് സമ്മതിക്കുമ്പോഴും സങ്കുചിതമായ വികാരങ്ങളെ മറികടന്ന് മതത്തെയും രാഷ്ട്രീയത്തെയും വിമർശിക്കാൻ മറുനാടൻ എന്നും ചങ്കൂറ്റത്തോടെ നിലപാട് എടുത്തിട്ടുണ്ട്. മാദ്ധ്യമം ചെയ്യുന്നത് പോലെ ഹിന്ദു - ക്രൈസ്തവ വിരുദ്ധ വാർത്തകൾ മാത്രം പ്രസിദ്ധീകരിക്കുയോ ജന്മഭൂമിയും കേരള കൗമുദിയും ചെയ്യുന്നത് പോലെ ക്രൈസ്തവ -മുസ്ലിം വിരുദ്ധ വാർത്തകൾ മാത്രം പ്രസിദ്ധീകരിക്കുയോ മറുനാടന്റെ രീതി അല്ല എന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും മറുനാടൻ ഇസ്ലാമിക വിരുദ്ധം ആണ് എന്ന് പ്രചരിപ്പിക്കുന്നത് ഒരു പ്രത്യേക അജണ്ടയായി പ്രവർത്തിക്കുന്നവരാണ്. ഇതിന്റെ പിന്നിൽ ജാതിയും മതവും രാഷ്ട്രീയവും ഒക്കെ ഉണ്ട്. പ്രസ്സ് ക്ലബിനെതിരെ സ്വന്തം ജീവിത കഥ പറഞ്ഞായിരുന്നു നേരിട്ടതെങ്കിൽ ഈ ദുരാരോപണങ്ങളുടെ പിന്നാമ്പുറം വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ തന്നെ തുറന്ന് കാട്ടുകയാണ് ഈ പരമ്പരയുടെ ലക്ഷ്യം.

സൗദി അറേബ്യയെ കുറിച്ച പറയുമ്പോൾ കുരുപൊട്ടുന്നവർക്ക് അമേരിക്കയെക്കുറിച്ച് എന്ത് നുണ പറഞ്ഞാലും ആദർശ വാദം ആകുന്നത് എന്തുകൊണ്ട്? നജീം കൊച്ചുകലുങ്ക്‌ ചൂണ്ടി കാട്ടിയ സൗദി അറേബ്യൻ വാർത്തയെ കുറിച്ച് നാളെ വായിക്കുക.

യോജിച്ചും വിയോജിച്ചും ഉള്ള അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. മറ്റ് മലയാളം ഓൺലൈൻ പോർട്ടലുകളുടെ ലിങ്കുകൾ, അസഭ്യം എന്നിവ ഒഴിച്ചാൽ ഏത് തരം കടുത്ത വിമർശനങ്ങൾക്കും സ്വാഗതം - എഡിറ്റർ