- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവർ ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ അല്ല; മറുനാടൻ മലയാളിയെ ഇസ്ലാമിക വിരുദ്ധ തൊഴുത്തിൽ കെട്ടാൻ ശ്രമിക്കുന്ന ഫേസ്‌ബുക്ക് ഗുണ്ടകളോട് സ്നേഹപൂർവ്വം ചില വാക്കുകൾ
നിങ്ങൾക്ക് മുസ്ലീമിനെ ഇഷ്ടമല്ല എന്നു പറയുന്നുവെങ്കിൽ അതിനർത്ഥം, നിങ്ങൾ ഇനിയും ഒരു മുസൽമാനെ കണ്ടുമുട്ടിയിട്ടില്ല എന്നാണ്. അതുമല്ലെങ്കിൽ, മുസ്ലിം എന്ന് സ്വയം പരിചയപ്പെടുത്തിയ, അതുമല്ലെങ്കിൽ കാഴ്ചയിൽ, പേരിൽ, മുസ്ലിം എന്ന് നിങ്ങൾക്ക് തോന്നിയ ആരോ ഒരാൾ നിങ്ങളെ വല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ട്..!!! സ്വന്തം വയറു നിറക്കുന്നതിന് മുൻപ് അ
നിങ്ങൾക്ക് മുസ്ലീമിനെ ഇഷ്ടമല്ല എന്നു പറയുന്നുവെങ്കിൽ അതിനർത്ഥം, നിങ്ങൾ ഇനിയും ഒരു മുസൽമാനെ കണ്ടുമുട്ടിയിട്ടില്ല എന്നാണ്. അതുമല്ലെങ്കിൽ, മുസ്ലിം എന്ന് സ്വയം പരിചയപ്പെടുത്തിയ, അതുമല്ലെങ്കിൽ കാഴ്ചയിൽ, പേരിൽ, മുസ്ലിം എന്ന് നിങ്ങൾക്ക് തോന്നിയ ആരോ ഒരാൾ നിങ്ങളെ വല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ട്..!!! സ്വന്തം വയറു നിറക്കുന്നതിന് മുൻപ് അയൽവാസി ഭക്ഷണം കഴിച്ചോ എന്നന്വേഷിക്കുന്ന, മുഖത്ത് പുഞ്ചിരി കൊണ്ട് മാത്രം മറ്റൊരുത്തനെ നോക്കുന്ന... ഒരു സമൂഹത്തിലും വിഭാഗീയത വളർത്താൻ ഇഷ്ടപ്പെടാത്ത... മദ്യവും പലിശയും കൈ കൊണ്ട് തൊടാത്ത...അക്രമത്തിന്റെ പാത പിശാചിന്റെ പാത ആണെന്ന് വിശ്വസിക്കുന്ന... സ്വർഗ്ഗമെന്നത് മാതാപിതാക്കളുടെ കാലിനടിയിൽ ആണെന്ന് വിശ്വസിക്കുന്ന... താൻ സമ്പാദിച്ച സ്വത്ത് പാവപ്പെട്ടവന്റെ കൂടി അവകാശമാണെന്ന് വിശ്വസിക്കുന്ന... തൊലിയുടെ നിറമോ മനുഷ്യനാൽ സൃഷ്ടിച്ച ജാതിയുടെ പെരുമയോ നോക്കാതെ മനുഷ്യനെ നെഞ്ചോട് ചേർത്തു സ്‌നേഹിക്കുന്ന.....വിശ്വസിച്ചാൽ വഞ്ചിക്കാത്ത, സ്വന്തം ജീവൻ കളഞ്ഞും വിശ്വസിച്ചവരെ രക്ഷിക്കുന്ന കളവു പറയാത്ത, അന്യ സ്ത്രീയെ സഹോദരിയായി കാണുന്ന ഒരു മുസ്ലീമിനെ നിങ്ങൾ കണ്ടിട്ടില്ലാ എങ്കിൽ നിങ്ങൾ ഒരു യഥാർത്ഥ മുസ്ലിമിനെ കണ്ടിട്ടില്ല.!!!
റഹ്മാൻ സെയ്ദ് എന്നൊരു ഫേസ്‌ബുക്ക് സുഹൃത്തിന്റെ ടൈംലൈനിൽ നിന്നു പണ്ടൊരിക്കൽ ഞാൻ കുറിച്ചു വച്ച ഒരു വാചകം ആണിത്. യഥാർത്ഥ മുസ്ലിം ഇങ്ങനെ ആണ് അല്ലെങ്കിൽ ഇങ്ങനെ ഒക്കെ ആയിരിക്കണം എന്ന് എനിക്ക് ഉറപ്പാണ്. എന്നാൽ നമ്മൾ ഫേസ്‌ബുക്കിലൂടെയും പത്രങ്ങളിലൂടെയും കണ്ടുമുട്ടുന്ന അനേകം മുസ്ലിം സഹോദരങ്ങൾ ഇങ്ങനെ ആണോ? ഇറാഖിലും സിറിയയിലും നൈജീരിയയിലും എത്യോപ്യയിലും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലും ഒക്കെ ജീവിക്കുന്ന മുസ്ലീമുകൾ എന്ന് പറഞ്ഞ് നമ്മൾ അറിയുന്നവർ ഇങ്ങനെ ആണോ? ഇവരെ പിന്തുണയ്ക്കുന്ന ലോകമെമ്പാടുമുള്ള മലയാളി പോരാളികൾ ഇങ്ങനെ ആണോ? എന്തുകൊണ്ടാണ് ഇവർ ഒരു യഥാർത്ഥ മുസ്ലീമായി മാറാത്തത്? എന്തുകൊണ്ടാണ് മഹാ ഭൂരിപക്ഷം വരുന്ന സ്‌നേഹ സമ്പന്നരായ മുസ്ലീമിന്റെ മാനം കൂടി ഇവർ ഇങ്ങനെ തല്ലി കെടുത്തുന്നത്?
ഏതാനും മാസങ്ങൾക്ക് മുൻപ് ഞാൻ ഫേസ്‌ബുക്കിലിട്ട ഒന്ന് രണ്ട് പോസ്റ്റുകൾക്കുമേൽ ബോംബ് പോലെ അസഭ്യം വർഷിച്ച പോരാളികളെ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ പകച്ച് പോയിരുന്നു. അന്ന് എന്നെ ആശ്വസിപ്പിക്കുമെന്ന് കരുതിയ സുധീർ ബാബുവിനെയോ ഹൈവേമാനെയോ റസാക് ബാബുവിനെയോ ഒന്നും ഞാൻ അവിടെ കണ്ടുമില്ല. ആകെ എന്റെ രക്ഷയ്ക്ക് ഓടിയെത്തിയത് ഷംഷീർ എകെ എന്നൊരാളായിരുന്നു. ഷിഫാസിനെപ്പോലെയുള്ളവർ പോലും അന്ന് ഭാഗീകമായി പോരാളികളുടെ കൂടെ നിന്നു. അതേക്കുറിച്ച് ചിലരോട് ഞാൻ പിന്നീട് ചോദിച്ചു. വെട്ടുകിളികളെ പോലെ ഓടി എത്തുന്ന പോരാളികളുടെ മുൻപിൽ നിന്നും മാറി നിൽക്കുന്നതാണ് ഉചിതം എന്നാണ് ഇവരൊക്കെ കരുതിയിരിക്കുന്നത്. അതുകൊണ്ടായിരുന്നു കുറ്റകരമായ ഈ മൗനം. എന്നാൽ ദേശീയ വാദികളായ ഇവർ മറന്ന് പോകുന്നത് ഈ മൗനം വഴി യഥാർത്ഥ ഇസ്ലാമാണ് തെറ്റിദ്ധരിക്കപ്പെടുന്നതെന്നാണ്. എന്റെ കൈ വെട്ടണം, കഴുത്തറക്കണം തുടങ്ങിയ രീതികളിൽ ആയിരുന്നു ചില കമന്റുകൾ വന്നത്. അവർക്കൊക്കെ വേണ്ടിയിരുന്നത് എന്നെ ഒരു ഇസ്ലാമിക വിരുദ്ധനാക്കി ചിത്രീകരിക്കുക മാത്രമായിരുന്നു. ഈ സൈബർ ഗുണ്ടകളുടെ ഫേസ്‌ബുക്ക് ഭീകരവാദം കണ്ട് ഇസ്ലാമിക വിരുദ്ധരായി മാറിയ അനേകം മതനിരപേക്ഷരരെ ഞാൻ ഇതിനിടയിൽ കണ്ടു മുട്ടി. ഇക്കുറി ഗസയിലെ നിരപരാധികൾ അതിഭീതിതമായി വേട്ടയാടപ്പെട്ടപ്പോൾ എന്നും ഒപ്പം നിൽക്കുന്ന കേരളത്തിൽ നിന്നും സയനിസ്റ്റ് ഭീകരതയെ അനുകൂലിക്കുന്ന അനേകം ശബ്ദങ്ങൾ കേട്ടത് ഈ സൈബർ ഗുണ്ടകളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.
[BLURB#1-VL] ഇവരുടെ ആക്രമണം ആരംഭിച്ചത് ഇന്നോ ഇന്നലെയോ അല്ല. മറുനാടനുമായി സഹകരിക്കുന്നവരെയൊക്കെ ഫോണിൽ വിളിച്ച് ബന്ധപ്പെട്ട് വിളിക്കുന്ന ഒരു വിഭാഗം ഏറെ നാളുകളായി രംഗത്തുണ്ട്. മറുനാടനിൽ ആദ്യ കാലത്ത് കോളം ചെയ്തിരുന്ന ഗൾഫിലെ പ്രമുഖ മാദ്ധ്യമ പ്രവർത്തകയായ നസീം ബീഗം ഇങ്ങനെയാണ് അത് അവസാനിപ്പിച്ചു പോയത്. പിന്നീട് നസീമിന്റെ ഫേസ്‌ബുക്കിലെ ഒരു ചർച്ചയിൽ മറുനാടൻ ഒരു മുസ്ലിം വിരുദ്ധ പത്രമാണ് എന്നറിയാതെ ആയിരുന്നു ഞാൻ അതുമായി സഹകരിച്ചത് എന്ന കുമ്പസാരം കണ്ടപ്പോൾ ആണ് നസീം കോളം അവസാനിപ്പിക്കുന്നതിന്റെ കാരണം അറിഞ്ഞത്. രണ്ടാഴ്ച മുൻപ് അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കണം എന്ന് പറഞ്ഞ് യാസർ ഗഫൂർ എന്നയാൾ ഒരു ലേഖനം അയച്ചു തന്നു. തീർച്ചയായും പ്രസിദ്ധീകരിക്കാം എന്ന് പറഞ്ഞ് മറുപടിയും അയച്ചു. എന്നാൽ പ്രസിദ്ധീകരിക്കേണ്ട തീയതിയുടെ തലേദിവസം ദയവായി അത് പ്രസിദ്ധീകരിക്കരുത് എന്ന് പറഞ്ഞ് കത്ത് ലഭിച്ചതിന്റെ പിന്നിലും കാരണം മറ്റൊന്നല്ല.
ഇത്തരം അനേകം ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനുണ്ട്. ഒരു വിഭാഗം മനുഷ്യത്വമില്ലാത്ത തീവ്രവാദികളെ സമീപനത്തിന്റെ പേരിൽ ലോകം എമ്പാടുമുള്ള നിരപരാധികളായ മുസ്ലീമുകൾ ടാർജറ്റ് ചെയ്യപ്പെടുന്നു എന്ന് വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞാനും മറുനാടനും. ഫലസ്ഥീനിലെ നിരപരാധികളുടെ കണ്ണുനീരിന്റെ പേരിൽ മറുനാടൻ എടുത്തത്രയും ശക്തമായ നിലപാട് മറ്റൊരു മലയാള മാദ്ധ്യമവും ഒരു പക്ഷെ എടുത്തിട്ടുണ്ടാവില്ല. ജാമ്യം ഇല്ലാതെ മഅ്ദനിയെ വർഷങ്ങളായി വിചാരണ തടവുകാരനായി പാർപ്പിക്കുന്നതിനെതിരെയും എന്തിനും ഏതിനും ആർക്കും കേറി തല്ലാവുന്ന ചെണ്ടയായി ലീഗിനെ ചിലർ സമീപിക്കുന്നതിന്റെ പേരിലും അതി ശക്തമായ എഡിറ്റോറിയൽ ഞങ്ങൾ എഴുതിയിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് മറുനാടനോട് ഇങ്ങനെ ചിലർ അസഹിഷ്ണുത പുലർത്തുന്നു എന്നു വേദനയോടെ ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
ആദ്യമൊക്കെ ഞാൻ കരുതിയത് ഇസ്ലാമിനെതിരെയുള്ള ചെറിയ വിമർശനം പോലും സഹിക്കാൻ പറ്റാത്ത ഒരു കൂട്ടരാണ് എനിക്കെതിരെ ചന്ദ്രഹാസം ഇളക്കുന്നത് എന്നായിരുന്നു, പിന്നീട് ഞാൻ ഞെട്ടലോടെ ഒരു കാര്യം തിരിച്ചറിഞ്ഞു. എന്നെ ഇസ്ലാമിക വിരുദ്ധൻ ആക്കാൻ പരിശ്രമിക്കുകയും മറുനാടനെ പടി അടച്ച് പിണ്ഡം വയ്ക്കാൻ ശ്രമിക്കുന്നതിന്റെയും പിന്നിൽ വലിയൊരു ഗൂഢാലോചന തന്നെയുണ്ട് എന്ന്. പഴയ കാല സിനിമകളിൽ കാണുന്നത് പോലെ നാട്ടിൽ വർഗ്ഗീയ കലാപം ഉണ്ടാക്കി കാര്യം സാധിക്കുന്ന കൗടില്യ തന്ത്രം ചിലർ പുറത്തെടുത്തതാണ് ഇതിന്റെ കാരണം. ഏറ്റവും എളുപ്പത്തിൽ വികാരം പ്രതിഫലിപ്പിക്കുന്നവർ പാവപ്പെട്ട മുസ്ലീമുകൾ ആയതിനാലും മറുനാടന്റെ വായനക്കാരിൽ ഗണ്യമായ ഒരു വിഭാഗം ഗൾഫിലുള്ള മുസ്ലീമുകൾ ആയതിനാലും ചിലർ വലിയൊരു തിരക്കഥ എഴുതി അതിനുള്ള സാഹചര്യം ഒരുക്കി നൽകുക ആയിരുന്നു.
കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയ പോലെ ഇസ്ലാമിക വിരുദ്ധം എന്ന പാവപ്പെട്ടവന് വ്യാഖ്യാനിക്കാൻ സാധിക്കുന്ന ലേഖനങ്ങൾ തെരഞ്ഞെടുത്ത് പിടിച്ച് എഡിറ്റ് ചെയ്തും പ്രചരിപ്പിച്ചുമാണ് ഇവർ തുടക്കമിട്ടത്. ഇസ്സാമിക വിമർശനത്തേക്കാൾ കർക്കശമായ ക്രൈസ്തവ വിമർശനവും ഹൈന്ദവ വിമർശനവും നടന്നിട്ടും അത്തരം പ്രചാരണങ്ങൾ ഒന്നും പച്ചപിടിക്കാൻ അനുവദിക്കാതെ ഇസ്ലാമിക വിരുദ്ധം എന്ന ലേബൽ ഒട്ടിച്ചതിന് പിന്നിൽ ഈ ഗൂഢോലോചന ഉണ്ടായിരുന്നു. അതൊരു സംഘടിത ആക്രമണമായി വളർത്തുന്നതിന്റെ ലക്ഷണമാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. മറുനാടന്റെ തുടക്കം മുതൽ കമന്റുകൾ എഴുതിക്കൊണ്ടിരുന്ന സുധീർ ബാബു ചാവക്കാട് പോലും പിന്തിരിയുന്ന തരത്തിൽ ആ പ്രചാരണം ചൂടു പിടിച്ചത് ഈ ഗൂഢാലോചനക്കാരുടെ വിജയമായി വേണം കരുതാൻ.
[BLURB#2-H] ആരാണീ ഗൂഢാലോചനക്കാർ? അവർക്കെന്താണ് മറുനാടനോട് ഇത്ര വിരോധം? സ്വാഭാവികമായും ഈ ചോദ്യം ഉയർന്നു വരാം. അവർ ആരും ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ അല്ല. വേറെ ചില താൽപ്പര്യങ്ങൾ ഉള്ളവർ ഈ വേഷം കെട്ടി അഴിഞ്ഞാടുകയോ അല്ലെങ്കിൽ തൊട്ടാൽ പൊള്ളുന്ന മത-രാഷ്ട്രീയ വികാരം ഉള്ളവരെ തെറ്റിദ്ധരിപ്പിച്ച് രംഗത്തിറക്കുകയോ ചെയ്യുന്നു. ബ്രിട്ടീഷ് മലയാളി എന്ന എന്റെ ഓൺലൈൻ പത്രത്തിന്റെ അസാധാരണമായ വിജയത്തിൽ അസൂയ പൂണ്ട് ആരംഭിച്ചെങ്കിലും എങ്ങും ആകാൻ പറ്റാത്തതിന്റെ വേദനയുമായി നടക്കുന്ന യുകെയിലെ ചില ഓൺലൈൻ പത്ര മുതലാളിമാരും ബ്രിട്ടീഷ് മലയാളി കുടം തുറന്ന് വിട്ടതുകൊണ്ട് തട്ടിപ്പ് നടത്താൻ പറ്റാതെ പോയ യുകെയിലെ മണി ചെയിൻ ബിസിനസ്സുകാരും റിക്രൂട്ട്‌മെന്റ് ഏജന്റുമാരാണ് ആദ്യം യുദ്ധം തുടങ്ങിയത്. ഇത്തരക്കരുടെ വിമർശനങ്ങൾ വായിച്ച് പോലും സമയം കളയരുതെന്ന എന്റെ അടിയുറച്ച വിശ്വാസം ആ നീർക്കോലികളെ അങ്ങനെ തന്നെ അപ്രസക്തരാക്കി.
[BLURB#3-VL]ബ്രിട്ടീഷ് മലയാളിയിൽ നിന്നും മറുനാടനിലേക്ക് വളർന്നപ്പോൾ ശത്രുവിന്റെ ശക്തിയും സ്വാധീനവും വർദ്ധിച്ചു. മറുനാടനെതിരെ ഗൂഢോലോചന നടത്തുന്ന അനേകം പേരിൽ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരും ഉന്നത സ്ഥാനം വഹിക്കുന്ന രാഷ്ട്രീയക്കാരും തങ്ങളുടെ അഴിമതി കഥകൾ ഒരിക്കലും പുറത്ത് വരില്ലെന്ന് കരുതി കൂട്ടു കച്ചവടം നടത്തിക്കൊണ്ടിരിക്കുന്നവരും കൊള്ളക്കാരായ കഴുത്തറപ്പൻ ബിസിനസ്സുകാരും ഇതിനെല്ലാം മദ്ധ്യസ്ഥത വഹിച്ച കേസ് വീർപ്പിച്ചിരുന്ന ഒരു സംഘം പത്രക്കാരും ഒക്കെ ഉണ്ട്. ആരുടെയും പേരെടുത്ത് പറഞ്ഞ് അവരെ കൂടുതൽ പ്രകോപിപ്പിക്കാൻ ഞാനില്ല. മതത്തിന്റെ ലേബൽ ഒട്ടിച്ച് എന്ത് ചെയ്താലും ആരും എഴുതില്ല എന്ന് മിനിഞ്ഞാന്ന് വരെ തുടർന്ന് വന്ന അഹന്ത കലർന്ന ഒരു സംവിധാനത്തിനെയാണ് മറുനാടൻ സോഷ്യൽ നെറ്റ്‌വർക്ക് സംവിധാനങ്ങളുടെ പിന്തുണയോടെ തകർത്തത്. രാഷ്ട്രപതി മുതൽ മുഖ്യമന്ത്രി വരെ കാലിൽ വണങ്ങുന്നവർ ഉൾപ്പെടെയുള്ള ഇക്കൂട്ടർക്ക് ഭയപ്പെടാൻ മറുനാടൻ ഉണ്ട് എന്ന തോന്നൽ അവരുടെ ഉറക്കം കെടുത്തും എന്നതിൽ അത്ഭുതം ഉണ്ടോ?
ഈ മത വ്യാപാരികളെക്കാൾ അപകടകാരികളായ ഒരു കൂട്ടർ മറുനാടനെ ഭയക്കുന്നുണ്ട്. മാദ്ധ്യമങ്ങൾക്ക് കൈ നിറയെ പരസ്യവും മാദ്ധ്യമ പ്രവർത്തകർക്ക് കുംഭ നിറയെ സമ്മാനങ്ങളും നൽകിയാൽ ആരെയും കൊല്ലാം, എന്തു തട്ടിപ്പും നടത്താം, ഇതെല്ലാം ചെയ്താലും വിശുദ്ധന്റെ വേഷം കെട്ടണമെങ്കിൽ അതുമാകാം എന്ന് ചിന്തിക്കുന്ന നേരും നെറിയും കെട്ട ഒരു വിഭാഗം കച്ചവടക്കാരാണ് ഇക്കൂട്ടർ. അവർക്ക് ആരെയെങ്കിലും ഭയപ്പെടാൻ ഉണ്ടെങ്കിൽ അത് മറുനാടനെ മാത്രമാണ്. ബോബി ചെമ്മണ്ണൂർ എന്ന വിശുദ്ധ പശുവിന്റെ തനി നിറം മറുനാടൻ ആദ്യം തുറന്ന് കാണിക്കുന്നത് അയാളുടെ പരസ്യം ഉണ്ടായിരുന്ന സമയത്ത് തന്നെ ആയിരുന്നു. അതിൽ ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന ലേഖനം വായിച്ച് നോക്കുകയും ഇത് പ്രസിദ്ധീകരിച്ച സമയം നോക്കുകയും ചെയ്യുക. ബോബിയുടെ മാരത്തോണിന്റെ പരസ്യം പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു ബോബി ചെമ്മണ്ണൂരാണോ രക്ത ബാങ്ക് നടത്തേണ്ടത് എന്ന അതിനിശിതമായ സാമൂഹിക അവലോകനം പ്രസിദ്ധീകരിച്ചത്.
കേരളത്തിലെ സർവ്വ മാദ്ധ്യമങ്ങൾക്കും മലബാർ ഗോൾഡ് എന്ന സ്ഥാപനം വാരിക്കോരി ഇപ്പോൾ പരസ്യം കൊടുക്കുമ്പോഴും മറുനാടനെ ഒഴിവാക്കി നിർത്തുന്നത് മലബാർ ഗോൾഡിന്റെ പരസ്യം സ്വീകരിക്കാനുള്ള ചർച്ചകൾ മറുനാടന്റെ മാർക്കറ്റിങ് വിഭാഗം ഏതാണ്ട് പൂർത്തിയായ സമയത്തായിരുന്നു ഫയാസ് ബന്ധം സംബന്ധിച്ച റിപ്പോർട്ട് ഞങ്ങൾ പ്രസിദ്ധീകരിച്ചത് എന്നതുകൊണ്ടാണ്. മാർക്കറ്റിംഗും വാർത്തയും തമ്മിൽ ഒരു ബന്ധവും പാടില്ല എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞങ്ങൾ. ഒരാൾ നിയമപരമായി ബിസിനസ്സ് ചെയ്താൽ അയാളുടെ പരസ്യം സ്വീകരിക്കാം. എന്നാൽ അയാൾ നിയമ വിരുദ്ധ പ്രവർത്തി ചെയ്താൽ അതേക്കുറിച്ച് എഴുതാനുള്ള പൂർണ്ണ സ്വാതന്ത്ര്യം എഡിറ്റോറിയൽ വിഭാഗത്തിന് ഉണ്ടായിരിക്കും എന്ന ന്യായമാണ് മറുനാടന്റേത്. ഈ ന്യായം ബ്രിട്ടീഷ് മലയാളി വിജയകരമായി തന്നെ നടത്തി വരുന്നുണ്ട്. മാർക്കറ്റിങ് ഫീച്ചറുകൾ ബിസിനസ്സുകൾക്ക് കൊടുക്കുന്നതിനും ഞങ്ങൾ എതിരല്ല. എന്നാൽ അവർ ചെയ്യുന്ന ക്രിമിനൽ നടപടികൾ അതിന്റെ പേരിൽ മറച്ച് വയ്ക്കാൻ മാത്രം അനുവദിക്കുകയില്ല എന്ന് മാത്രം. ഈ വിട്ടു വീഴ്ചയില്ലാത്ത നിലപാടുള്ള മറുനാടനെ ഭയന്നേ മതിയാവൂ എന്ന് ആലോചിക്കാനുള്ള വിവേകം എന്തായും ഈ ബുദ്ധി രാക്ഷസന്മാർക്ക് ഉണ്ടാവുമെന്ന് തീർച്ചയല്ലേ?
[BLURB#4-VR]പരസ്യം നൽകിയും കൂട്ടു കച്ചവടം നടത്തിയും മുഖംമൂടി അണിഞ്ഞ് ജീവിക്കുന്ന, മറുനാടൻ ഇതുവരെ തൊട്ടിട്ടില്ലാത്ത അനേകം പേരുണ്ട്. അവരൊക്കെ നാളെ മറുനാടനാൽ മുഖം മൂടി മാറ്റപ്പെടും എന്ന ഭയാശങ്കയിലാണ് കഴിയുന്നത്. ബ്ലാക്ക്‌മെയിലിങ്ങ് ജേർണലിസത്തിന് ഞങ്ങൾ വഴങ്ങുകയില്ല എന്ന് അറിയാവുന്നതുകൊണ്ട് ഇടനിലക്കാരുമായി എത്താൻ ഇവർക്ക് ഭയവുമാണ്. ഇങ്ങനെ വന്നിട്ടുള്ളവർ വാസ്തവത്തിൽ ഞങ്ങൾക്ക് നല്ലൊരു വാർത്തയുടെ സോഴ്‌സ് ആകുകയാണ് ചെയ്തിട്ടുള്ളതെന്ന് അവർക്കൊക്കെ അറിയാം. ഇത്തരക്കാരാണ് ഈ ഗൂഢോലോചനയുടെ മുൻ നിരയിൽ നിൽക്കുന്നത്. ഒരു മത സംഘടനയുടെ പേരിൽ കോടാനുകോടി രൂപ വിദേശത്ത് നിന്നും കൊണ്ട് വരുന്ന ഒരു സംഘത്തിന്റെ പ്രതിനിധികൾ, വ്യംഗ്യാർത്ഥത്തിൽ തങ്ങൾക്കെതിരെ എന്തെങ്കിലും എഴുതിയാൽ കേസ് കൊടുക്കുന്നത് കേരളത്തിൽ ആയിരിക്കില്ല കാശ്മീരിലും ഡൽഹിയിലും ഒക്കെ ആയിരിക്കുമെന്ന് ചിലർവഴി സന്ദേശം നൽകുന്നത് ഇതിന് ഒരു ഉദാഹരണം മാത്രമാണ്.
ഇത്തരക്കാരെ സഹായിക്കാൻ തലസ്ഥാനത്തെ പത്രക്കാരും കൂടി ചേർന്നതോടെ ആ ഗൂഢാലോചന ഏതാണ്ട് പൂർത്തിയായിരിക്കുകയാണ്. പ്രസ്സ് ക്ലബിലെ ബാറിനെതിരെ എഴുതിയ മാദ്ധ്യമം ലേഖികയെ പുകച്ച് പുറത്ത് ചാടിച്ച ശേഷം കൈ വയ്ക്കുന്നത് മറുനാടനെതിരെ ആയിരിക്കുമെന്നാണ് ഇവർ അനേകം പേരോട് മുന്നറിയിപ്പ് നൽകി. മത സൗഹൃദം തകർക്കാൻ ശ്രമിക്കുന്നു എന്ന പേരിൽ കേസ് കൊടുപ്പിച്ച് മറുനാടനെ ഒറ്റപ്പെടുത്താനും നിയമക്കുരുക്കിൽ പെടുത്താനും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി ഇതിനോടകം ഗൂഢോലോചന നടന്നു കഴിഞ്ഞു എന്ന് ഞങ്ങൾക്ക് പൊലീസ് വൃത്തങ്ങളിൽ നിന്നും തന്നെ സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരക്കാർക്ക് അതിന് മുൻപ് മറുനാടൻ മുസ്ലിം വിരുദ്ധം ആണ് എന്ന് സ്ഥാപിച്ചേ പറ്റൂ. അങ്ങനെയെങ്കിലേ അവരുടെ ഗൂഢാലോചന നടപ്പിലാക്കുമ്പോൾ മറുനാടന് ജനപിന്തുണ ലഭിക്കാതിരിക്കൂ. ഇപ്പോൾ കേൾക്കുന്ന ഈ കഥകളുടെ പിന്നണിയിൽ ഇങ്ങനെയും ഒരു കാരണമുണ്ട്. മറുനാടന്റെ അഭ്യുദയകാംക്ഷികളും പ്രസ് ക്ലബ്ബ് അംഗങ്ങളുമായ അനേകം മാദ്ധ്യമ പ്രവർത്തകർ ഭയാശങ്കയോടെ ഇത് ഓർമ്മിപ്പിക്കാറുണ്ട്.
[BLURB#5-VL] ഇതിൽ കൂടുതൽ ഒന്നും ഈ ആരോപണങ്ങളെക്കുറിച്ച് വിശദീകരിക്കാൻ എനിക്കു വയ്യ. ആദർശാത്മക പത്രപ്രവർത്തനം നടത്തുന്ന സ്വാത്വിക മാദ്ധ്യമ പ്രവർത്തകൻ ആണ് എന്ന് ഞാൻ ഇന്നേ വരെ അവകാശപ്പെട്ടിട്ടില്ല. സാധാരണ ജനങ്ങൾക്ക് വേണ്ടി സാധാരണമായി നടത്തുന്ന സാധാരണ വാർത്തകൾ മാത്രമുള്ള മാദ്ധ്യമം മാത്രമാണ് മറുനാടൻ. എന്നാൽ ആരുടെ എങ്കിലും ഭീഷണിയുടെ മുൻപിൽ മുട്ടു വളക്കുകയോ അധികാരികളുടെ മുൻപിൽ ആനുകൂല്യങ്ങൾക്ക് വേണ്ടി കൈ നീട്ടി നിൽക്കുകയോ ഒരു പരസ്യത്തിനോ അൽപ്പം പണത്തിനോ വേണ്ടി ഒരു വാർത്തയെ മുക്കുകയോ ചെയ്യുന്ന രീതി മറുനാടൻ ടീമിലെ ആരും പഠിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ ഞങ്ങൾക്ക് ധൈര്യവും ഉണ്ട്. ഈ സത്യം വായനക്കാർ മനസ്സിലാക്കുമെന്നും ദേശീയ വാദികളും സമൂഹത്തിൽ നല്ലത് സംഭവിക്കാൻ ആഗ്രഹിക്കുന്നവരുമായ ഭൂരിപക്ഷം രുന്ന മുസ്ലിം സഹോദരങ്ങൾ അംഗീകരിക്കുമെന്നുമാണ് എന്റെ വിശ്വാസം. ആ വിശ്വസത്തിന് വേണ്ടി മാത്രമാണ് ഇത്രയും സമയം കളഞ്ഞ് ഞാൻ ഈ കുറിപ്പ് എഴുതിത്തീർത്തത്.
(ഈ പരമ്പര അവസാനിച്ചു)