കാസയിൽ എത്തിയിട്ട് ഇന്ന് നാലാം നാൾ. അൽപസമയത്തിനകം ഞങ്ങളീ കുഞ്ഞു പട്ടണത്തോടു വിട പറയും. ബസ്സിൽ സീറ്റുകൾ നിറഞ്ഞിരിക്കുന്നു, കുറച്ച് നാട്ടുകാരും കുറെയേറെ സഞ്ചാരികളും. ടികറ്റ് ഉറപ്പു വരുത്തി ബാഗ്‌ സീറ്റിൽ വെച്ച് ഞാൻ പുറത്തേക്കിറങ്ങി. കാവൽ നിൽകുന്ന മലകൾക്കിടയിലൂടെ വെളിച്ചം അരിച്ചിറങ്ങുന്നതെയുള്ളു. തെറിച്ചു വീഴുന്ന പ്രകാശ രശ്മികൾ താഴ്‌വരയിലാകെ നെടുനീളൻ നിഴൽ ചിത്രങ്ങൾ തീർക്കുന്നു.

.

കാസ!. ഹിമാലയൻ മലനിരകൾക്കിടയിൽ ശാന്തമായ ഒരു താഴ്‌വര. ഒരു പകൽ മുഴുവൻ നീണ്ട ദുർഘടമായ യാത്രക്കൊടുവിൽ ഈ പട്ടണത്തിലേക്ക് കയറിയത് ഭയാശങ്കകളോടെയാണ്. കടുത്ത തലവേദന കൊണ്ട് തൊമ്മൻ പുളയുന്നു. ബാദൽ കഴിഞ്ഞപ്പോൾ തുടങ്ങിയതാണ്. രാവിലെ തന്നെ ഞങ്ങൾ രണ്ടാളും ഓരോ DIAMOX കഴിച്ചിരുന്നതാണ്. ഹിമാലയം സ്വപ്നം കാണുന്ന ഏതൊരു ആളിന്റെയും മുന്നിലെ വില്ലനാണ് AMS എന്ന് ചുരുക്കപേരുള്ള ACUTE MOUNTAIN SICKNESS. കുലുങ്ങിയാടുന്ന ബസ്സിന്റെ കമ്പിയിൽ മുഖം അമർത്തി കിടന്ന് ഒരു വിധത്തിലാണ് ചർദ്ദിക്കാതെ അവൻ ഇവിടെ വരെയെത്തിയത്.

ബസ്സിലുണ്ടായിരുന്ന ഒരാൾ കാണിച്ചു തന്ന ഹോംസ്റ്റേയിലേക്ക് ഞങ്ങൾ നടന്നു. വേച്ചു വേച്ചാണ് തൊമ്മൻ പടികൾ കയറിയത്. എവിടേലും ഒന്ന് നീണ്ടു നിവർന്നു കിടക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ച സമയം. ചെന്ന പാടെ വാഷ്‌ ബേസിനിലെക്ക് കമിഴ്ന്നു കിടന്നു വലിയ ശബ്ദത്തോടെ അവൻ ചർദ്ദിച്ചു. മൂന്ന് തവണ. കർമ നിന്ന് ഒരു ഗ്ലാസിൽ എന്തോ മരുന്ന് കലക്കി കുടിക്കാനായി കൊണ്ട് വന്നു കൊടുത്തു. ഗ്ലൂക്കോസും ഉപ്പും പിന്നെ മറ്റൊരു സാധനവും എന്ന് പറഞ്ഞ് അയാൾ കണ്ണിറുക്കി. ആദിത് ബാഗിൽ നിന്ന് ഒരു ഗുളിക എടുത്തുകൊടുത്തു. രണ്ടും കഴിച്ച് വെട്ടിയിട്ട പോലെ തൊമ്മൻ ഒറ്റ കിടപ്പ് കിടന്നു. മൂന്നു കംബളങ്ങൾ ഒന്നിച്ച് തൊമ്മനെ പുതപ്പിച്ചിട്ട് കർമ റൂമിലേക്ക് തിരിച്ച പോയി. അവൻ നല്ല ഉറക്കമായപ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങി.

 

ശാർദുൽ, ആദിത് രണ്ടു പേരെയും ബസ്സിൽ വെച്ച് പരിചയപ്പെട്ടതാണ്.. ശാർദുൽ പർവതാരോഹകൻ. ആദിത് ഡോക്റ്ററും. ഒരേ വികാരങ്ങൾ ഉള്ളവരെ ഭൂമിയുടെ ഏതെങ്കിലും കോണിൽ വെച്ച് അദൃശ്യനായ ആരോ കൂട്ടിയിണക്കുന്നു. അവർക്കായി കാത്തിരിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ മാത്രം.പഞ്ചാബി ധാബയിലെ അന്നത്തെ അവസാന അതിഥികൾ ഞങ്ങളായിരുന്നു. തന്തൂരി അടുപ്പിലെ അവസാനത്തെ റൊട്ടിയും വെജിറ്റബിൾ കറിയും തീരുവോളം ഞങ്ങൾ യാത്രകളുടെ കഥകൾ പറഞ്ഞിരുന്നു. സോക്സിന്റെ ഉള്ളിലേക്ക് ഇരച്ച് കയറുന്ന തണുപ്പിനെ പോലും ചൂട് പിടിപ്പിക്കുന്ന കഥകൾ. തീരാത്ത വിശേഷങ്ങൾ, അടുക്കി പെറുക്കി വെച്ചിരിക്കുന്ന സ്വപ്നങ്ങൾ. കാണാനുള്ള കാഴ്‌ച്ച്ചക്ളുടെയും സ്ഥലങ്ങളുടെയും ലിസ്റ്റ് ഇരുട്ടിൽ ഒളിച്ചിരിക്കുന്ന മലകളെ പോലെ നീണ്ടു നീണ്ടു പോയി.

ആകാശത്ത് നക്ഷത്രങ്ങൾ നിറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് ഉപ്പുകാറ്റേറ്റ് കിടക്കുമ്പോൾ കാണാറുള്ള മുഴുവൻ നക്ഷത്രങ്ങളും ഇവിടെയും ഉണ്ട്. സഞ്ചരിക്കുമ്പോൾ നമ്മളുടെ ആകാശവും നമ്മളോടൊപ്പം വരുന്നു. ശരീരം മുഴുവൻ നീണ്ട രോമങ്ങൾ ഉള്ള സുന്ദരന്മാരായ നായ്ക്കൾ തെരുവോരത്തും കടത്തിണ്ണയിലുമായി ഉറങ്ങാൻ കിടക്കുന്നു.ഒന്നിനു മീതെ ഒന്നായി മൂന്നു കംബളങ്ങൾ പുതച്ച് ഞാൻ കിടന്നു. ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ആട്ടവും കുലുക്കവും കിടക്കയിലും ഉണ്ടെന്നു തോന്നി. ഒന്ന് ചെവിയോർത്താൽ കുറച്ച് അപ്പുറത്തായി ഒഴുകുന്ന സ്പിടിയുടെ പാട്ട് കേൾക്കാം. പുഴകളുടെ പാട്ടിന് ഭൂമിയുടെ താളം. തട്ടിയും തടവിയും ഇക്കിളിപ്പെടുത്തി വിടുന്ന വെള്ളാരം കല്ലുകളുടെയും ഏറ്റകുറച്ചിലുകളിൽ ഒഴുകിയിറങ്ങുന്ന മൺതരികളുടെയും താളം. എല്ലാ പാട്ടിന്റെയും ഉച്ചസ്ഥായിയിൽ നിശബ്ദതയാണ്. ആഴമേറിയ നദികളുടെ പാട്ടും അങ്ങനെ തന്നെ.