- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴക്കൂട്ടത്ത് ശോഭയെ ഇറക്കാൻ അമിത് ഷാ; മത്സരിക്കാൻ അനുവദിക്കണമെന്ന വി മുരളീധരന്റെ അപേക്ഷ വീണ്ടും തള്ളി കേന്ദ്ര നേതൃത്വം; ശോഭാ സുരേന്ദ്രനുമായി ആശയ വിനിമയം അവസാന ഘട്ടത്തിൽ; സ്ഥാനാർത്ഥിത്വത്തിൽ സ്ഥിരീകരണവുമായി കെ സുരേന്ദ്രനും; കഴക്കൂട്ടത്ത് ത്രികോണം

തിരുവനന്തപുരം: കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ശോഭാ സുരേന്ദ്രനുമായി ദേശീയ നേതൃത്വം ചർച്ച നടത്തുന്നുവെന്നാണ് സൂചന. കേന്ദ്രമന്ത്രി വി മുരളീധരന് പകരം കഴക്കൂട്ടത്തെ സ്ഥാനാർത്ഥിയാരെന്ന് ബിജെപി അണികൾക്കിടയിൽ ഉദ്വേഗം നിറയുന്നതിനിടെയാണ് ചർച്ച നടന്നത്. മത്സരിക്കാൻ വേണ്ടി മുരളീധരന് നടത്തിയ നീക്കം എല്ലാം പൊളിഞ്ഞുവെന്നാണ് സൂചന.
കഴക്കൂട്ടവും കൊല്ലവും കരുനാഗപ്പള്ളിയുമാണ് ബിജെപി പട്ടികയിൽ ഒഴിച്ചിട്ടത്. ഇതിൽ കഴക്കൂട്ടം ശോഭയ്ക്ക് തന്നെ നൽകിയേക്കും. കൊല്ലത്തും കരുനാഗപ്പള്ളിയിലും സ്ഥാനാർത്ഥിയെ തേടുകയാണെന്ന് പറയാമെങ്കിലും ബിജെപിയെ സംബന്ധിച്ച് കഴക്കൂട്ടം അങ്ങനെയല്ല. കഴിഞ്ഞ തവണ വി മുരളീധരൻ രണ്ടാം സ്ഥാനത്ത് വന്ന കഴക്കൂട്ടം ബിജെപിയുടെ എ പ്ലസ് മണ്ഡലമാണ്. ശോഭാ സുരേന്ദ്രൻ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.
കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ പേര് കേന്ദ്രനേതൃത്വം നിർദ്ദേശിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ലാത്തതു കൊണ്ടാണ് പട്ടികയിൽ ഉൾപ്പെടുത്താതെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. സാദ്ധ്യത പട്ടികയിൽ ചാത്തന്നൂരിൽ ശോഭയുടെ പേര് നിർദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടികയിൽ പേരുണ്ടായിരുന്നില്ല. കെ സുരേന്ദ്രൻ രാജിഭീഷണി മുഴക്കിയാണ് പേര് ഒഴിവാക്കിച്ചതെന്ന് ശോഭാ സുരേന്ദ്രനുമായി ബന്ധമുള്ളവർ ആക്ഷേപിച്ചു. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം ഇടപെട്ടത്.
നേരത്തെ ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളെ കണ്ട ശോഭ, കേന്ദ്ര നേതൃത്വം തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് തന്റെ സ്ഥാനാർത്ഥിത്വത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം വീണ്ടും ശോഭയുമായി ബന്ധപ്പെട്ടതെന്നാണ് വിവരം. ബിജെപിയുടെ വനിത മുഖമായ ശോഭ സുരേന്ദ്രനെ എന്തുകൊണ്ട് സ്ഥാനാർത്ഥിയാക്കുന്നില്ലെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സംസ്ഥാന നേതാക്കളോട് ആരാഞ്ഞിരുന്നു. ശോഭ സുരേന്ദ്രൻ മത്സരിക്കാനില്ല എന്ന് അറിയിച്ചു എന്നായിരുന്നു അതിന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ മറുപടി.
ദേശീയ നേതാക്കൾ നേരിട്ട് നടത്തിയ ചർച്ചയിൽ കഴക്കൂട്ട് മത്സരിക്കാമെന്നാണ് ശോഭാ സുരേന്ദ്രൻ അറിയിച്ചിരുന്നത്. ഇത് ചർച്ചയായതോടെ കഴക്കൂട്ടം നൽകാനാകില്ല എന്ന ഉറച്ച നിലപാട് കെ സുരേന്ദ്രനും വി മുരളീധരനും ഉൾപ്പടെയുള്ള കേരളത്തിൽ നിന്നുള്ള നേതാക്കൾ സ്വീകരിച്ചു. കഴക്കൂട്ടത്ത് അപ്രതീക്ഷിത സ്ഥാനാർത്ഥിയെത്തുമെന്നും കോൺഗ്രസ് വിട്ടുവരുന്ന ഒരു പ്രധാന നേതാവിനെ കഴക്കൂട്ടത്ത് പരിഗണിക്കേണ്ടിവരുമെന്നുമായിരുന്നു സംസ്ഥാനനേതൃത്വം നൽകുന്ന വിശദീകരണം. ബോധപൂർവ്വം സംസ്ഥാന നേതൃത്വം ഒഴിവാക്കി എന്നാണ് ശോഭാ സുരേന്ദ്രനെ പിന്തുണക്കുന്ന ചിലരുടെ അഭിപ്രായം. ഇതെല്ലാം തിരിച്ചറിഞ്ഞാണ് കഴക്കൂട്ടം ശോഭയ്ക്ക് നൽകുന്നത്.
തിരുവനന്തപുരം കോർപറേഷനിലെ 22 വാർഡുകൾ ചേർന്നതാണ് കഴക്കൂട്ടം മണ്ഡലം. നഗരത്തിന്റെയും ഗ്രാമത്തിന്റെയും സവിശേഷതകൾ ചേർന്ന കഴക്കൂട്ടം മണ്ഡലം മാറിമാറി ഇടതുവലത് മുന്നണികൾക്ക് ഒപ്പം നിന്നിട്ടുണ്ട്. കഴിഞ്ഞ തവണ കടകംപള്ളി സുരേന്ദ്രൻ 7347 വോട്ടിനാണ് വി.മുരളീധരനെ തോൽപിച്ചത്. സിറ്റിങ് എംഎൽഎയായിരുന്ന കോൺഗ്രസിന്റെ എം.എ വാഹിദ് മൂന്നാമതായി. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായത് യുഡിഎഫ് മുന്നേറ്റം, എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തദ്ദേശതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ലീഡ് തിരിച്ചുപിടിച്ചു, യുഡിഎഫ് മൂന്നാമതുമായി. അതായത് എല്ലാ തെരഞ്ഞെടുപ്പിലും കഴക്കൂട്ട് വോട്ട് നിലനിർത്താൻ ബിജെപിക്ക് കഴിയുന്നു.
തദ്ദേശതിരഞ്ഞെടുപ്പ് ഫലം നോക്കിയാൽ മണ്ഡലത്തിലെ 22ൽ 14 ഇടത്തും ഇടതുമുന്നണി മുന്നേറ്റമുണ്ട്. ആരാകും സ്ഥാനാർത്ഥിയെന്ന ചോദ്യത്തിന് ഇത്തവണ കോൺഗ്രസിൽ വലിയ സംശയങ്ങളില്ല. ലോകാരോഗ്യസംഘടനയുടെ ക്ഷയരോഗവുമായി ബന്ധപ്പെട്ട ആഗോളസമിതിയുടെ വൈസ് ചെയർമാനും പ്രഫഷണൽ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ ഡോ.എസ്.എസ്.ലാൽ കളത്തിലിറങ്ങിക്കഴിഞ്ഞു മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീണ്ടും മൽസരിക്കുന്നു. അതിശക്തനായ സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ വോട്ട് കുറയുമെന്ന് ബിജെപിയുടെ പ്രാദേശിക നേതാക്കൾ ഭയക്കുന്നു. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കഴക്കൂട്ടത്ത് ശോഭയെ പരിഗണിക്കുന്നത്.
ഈഴവ സമുദായത്തിന് സ്വാധീനമുള്ള കഴക്കൂട്ടത്ത് വി.മുരളീധരൻ ഇല്ലെങ്കിൽ കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, ടി.പി.സെൻകുമാർ എന്നിവരുടെ പേരുകാണ് ബിജെപി പരിഗണിച്ചിരുന്നത്. ടെക്‌നോപാർക്ക്, നാലുവരി ദേശീയപാത, ഫ്‌ളൈഓവറുകൾ എന്നിങ്ങനെ അനുദിനം വളരുന്ന കഴക്കൂട്ടം നിയോജകമണ്ഡലത്തിൽ വികസനം മുഖ്യ ചർച്ചാ വിഷയം ആകും. ഇതിൽ പലതും മോദി സർക്കാരിന്റെ മികവാണെന്നാണ് ബിജെപിയുടെ അവകാശ വാദം.


