- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിള്ളയുടെ വിൽപത്രത്തിൽ മൂത്ത മകൾക്ക് തൃപ്തിയില്ല; സ്വത്ത് അനുജൻ തട്ടിയെടുത്തെന്ന് പരാതി; വിരമിച്ച ഐഎഎസുകാരനും ഭാര്യയും പരാതി അറിയിച്ചത് പിണറായിയെ; തെളിവുകൾ പുറത്തു വിടുമെന്നും ഭീഷണി; ഗണേശിന്റെ മന്ത്രിപദം തട്ടിത്തെറിപ്പിച്ചത് കുടുംബ പരാതി?
തിരുവനന്തപുരം: മന്ത്രി സ്ഥാനത്തേക്ക് കെ.ബി ഗണേശ് കുമാറിന് ആദ്യ ടേം നഷ്ടമായതിന് പിന്നിൽ കുടുംബ തർക്കങ്ങളാണെന്ന് സൂചന. കുടംബ സ്വത്ത് ഗണേശ് കുമാർ കൃത്രിമ മാർഗത്തിലൂടെ തട്ടിയെടുത്തു എന്ന സഹോദരിയുടെ പരാതി മുഖ്യമന്ത്രിയുടെ അടുത്തെത്തിയതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ഗണേശ് കുമാറുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയും വിനയായി. ഇതോടെയാണ് ഗണേശിനെ ആദ്യ ടേമിൽ മാറ്റി നിർത്താൻ തീരുമാനമായത്.
ബാലകൃഷ്ണപിള്ളയുടെ വിൽപത്രത്തിൽ ഗണേശിന്റെ സഹോദരി ഉഷാ മോഹൻദാസിന് തൃപ്തിയില്ല എന്നതാണ് വിവാദമായിരിക്കുന്നത്. ഇതിന് പിന്നിൽ ഗണേശ്കുമാറിന് പങ്കുണ്ടെന്ന് സഹോദരിയും ഭർത്താവും സംശയിക്കുന്നു. കഴിഞ്ഞ മെയ് 15 ന് ഉഷയും ഭർത്താവും മോഹൻദാസും മുഖ്യമന്ത്രിയെ കണ്ടതായാണ് വിവരം. വിരമിച്ച ഐഎഎസുകാരനായ മോഹൻദാസിന് പിണറായി അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ഇതുവച്ചായിരുന്നു നീക്കം.
വിൽപത്രത്തിലെ വിഷയം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയ ഇവർ ഗണേശിനെ മന്ത്രിയാക്കിയാൽ നിരവധി തെളിവുകൾ പുറത്തുവിടുമെന്നും അറിയിച്ചു. സോളാർ വിഷയത്തിൽ വിഷയം ഉൾപ്പെടെ ഗണേശിന്റെ നിയമവിരുദ്ധമായ പല ഇടപാടുകളും മാധ്യമങ്ങൾക്ക് നൽകുമെന്ന് ഇവർ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് ഗണേശിനെ മാറ്റി നിർത്തുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. ഈ കുടുംബ പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയ ഇടപെടലുകളും സജീവമാണ്.
ഇതനുസരിച്ച് ഗണേശ് കുമാറിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയാണ് വിവരം. ആദ്യം കുടുംബപ്രശ്നം പരിഹരിക്കാനാണ് നൽകിയ നിർദ്ദേശമെന്നും അറിയുന്നു. കേരള കോൺഗ്രസ് ബി ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് ടേം അടിസ്ഥാനത്തിലാണ് മന്ത്രിസ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ, കോൺഗ്രസ് (എസ്) എന്നിവരാണ് മന്ത്രിസ്ഥാനം പങ്കിടുന്ന മറ്റ് കക്ഷികൾ. ഗണേശ് ആദ്യ ഘട്ടത്തിൽ മന്ത്രിസ്ഥാനം കിട്ടാത്തതിൽ നിരാശനാണ്. മുമ്പ് പലപ്പോഴും കുടുംബ പരമായ കാര്യങ്ങൾ കാരണമായിരുന്നു ഗണേശിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്.
മനോരമയുടെ വാർത്തയ്ക്കുള്ളിലാണ് ഇതിന്റെ സൂചനകളുണ്ടായിരുന്നത്. ന്യൂ ഇന്ത്യൻ എക്സ്പ്രസും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജയ്ഹിന്ദും ആരോപണങ്ങൾ വാർത്തയാക്കി. ഇതിൽ സത്യമുണ്ടെന്ന് മറുനാടന്റെ അന്വേഷണത്തിലും വ്യക്തമായി. മന്ത്രിസ്ഥാനം ചേച്ചി കാരണം നഷ്ടമായതിൽ ഗണേശ് കുമാർ തീർത്തും നിരാശനാണ്.
അച്ഛൻ ബാലകൃഷ്ണപിള്ളയ്ക്ക് എതിരായ കോടതി ഇടപെടലിനെ തുടർന്നാണ് യുഡിഎഫ് കാലത്ത് ഗണേശ് മന്ത്രിയാകുന്നത്. അച്ഛൻ കുറ്റവിമുക്തനായതോടെ മന്ത്രിസ്ഥാനം ഒഴിഞ്ഞു. ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തിയപ്പോഴും മന്ത്രിയായി. എന്നാൽ അച്ഛനും മുൻ ഭാര്യയായിരുന്ന യാമിനിയുടെ പരാതികളും വിനയായി. ഇതോടെ മന്ത്രിസ്ഥാനം നഷ്ടമാവുകയും ചെയ്തു. പിന്നീട് ഇടതു പക്ഷത്തെത്തി. പിണറായിയുടെ ആദ്യ മന്ത്രിസഭയിൽ അംഗത്വം കിട്ടിയില്ല.
എന്നാൽ രണ്ടാം മന്ത്രിസഭയിൽ മുഴുവൻ ടേമും ഗണേശിന് കൊടുക്കണമെന്ന് പിണറായിക്ക് താൽപ്പര്യമുണ്ടായിരുന്നു. ഇതിനിടെയാണ് സഹോദരിയുടെ പരാതി എത്തിയത്. മന്ത്രിസഭയെ തുടക്കത്തിൽ തന്നെ വിവാദത്തിലാക്കാൻ പിണറായി ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് ഗണേശിനെ മാറ്റി നിർത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ