കൊച്ചി: മലയാള സിനിമകളുടെ റിലീസ് അടക്കമുള്ളവ നിർത്തിവച്ച സിനിമ പ്രതിസന്ധിയിൽ സംഘടനകൾക്കെതിരെ രൂക്ഷ വിമർശനവുമായി നടനും എംഎൽഎയുമായ ഗണേശ്‌കുമാർ. സിനിമാക്കാർ തന്നെയാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്. വട്ടീൽ ഇട്ട ഞണ്ടിന്റെ സ്വഭാവമാണ് സിനിമാക്കാർക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിനിമ വ്യവസായത്തിൽ സർക്കാർ ഇടപെടണം.

തമിഴ്‌നാട്ടിലെ പോലെ ഇവിടെയും ഇതിനായി നിയമം കൊണ്ടുവരണം. ടിക്കറ്റ് നിരക്കുകൾ 350 മുതൽ 500 വരെ ചുമത്തുന്നത് അന്യായമാണ്. പുലിമുരുകൻ 100 കോടിയെന്ന റെക്കോഡ് കളക്ഷൻ നേടാൻ കാരണം ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ പ്രതിസന്ധിയിൽ ഇന്ന് മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയിൽ ചർച്ച നടക്കാനിരിക്കെയാണ് സർക്കാർ സിനിമ വ്യവസായത്തിൽ ഇടപെടണമെന്ന ഗണേശ്‌കുമാറിന്റെ പ്രസ്താവന ശ്രദ്ധേയമാകുന്നത്.

പാലക്കാട് വടക്കഞ്ചേരി ഗസ്റ്റ്ഹൗസിൽ നടക്കുന്ന ചർച്ചയിൽ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ, കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ എന്നീ സംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.