പത്തനാപുരം: ആദ്യം മരണപാച്ചിൽ അവസാനിപ്പിക്കൂ .....എന്നിട്ട് വാ..നോക്കാം... പറയുന്നത് ടിപ്പർ ലോറി മുതലാളിമാരോടാണ്. എണ്ണി എണ്ണി തന്നെ പരാതിയുടെ കെട്ടഴിച്ചു പത്താനപുരത്തെ കെബി ഗണേശ് കുമാർ എംഎൽഎ. അങ്ങനെ പത്തനംത്തിട്ടയിലെ ക്വാറികളിൽ നിന്നും പാറയും മറ്റും ലഭിക്കുന്നില്ലന്ന പരാതിയുമായെത്തിയ ടിപ്പർ മുതലാളിമാരോട് കെ.ബി ഗണേശ് കുമാർ കാര്യങ്ങൾ വ്യക്തമായി തന്നെ പറഞ്ഞു. എംഎൽഎയുടെ സിനിമാ സ്റ്റൈലിലെ പഞ്ച് ഡയലോഗ് കേട്ട് മുതലാളിമാർ വാപൊളിച്ചു. ഞാൻ പറയുന്ന പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് തീരുമാനം ഉണ്ടാക്കാമെന്നും പറഞ്ഞു.

ടിപ്പർ ,ടോറസ് ഉടമകളോടും, ഡ്രൈവർമാരോടും രോഷാകുലനായിട്ടാണ് പത്തനാപുരം എംഎൽഎ കാര്യങ്ങൾ വിശദീകരിച്ചത്. റോഡിലൂടെയുള്ള മരണപ്പാച്ചിൽ അവസാനിപ്പിച്ചാൽ മാത്രമേ ലോറിക്കാരുടെ പ്രശ്‌നത്തിൽ ഇടപെടുകയുള്ളൂവെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി. ക്വാറികളിൽ നിന്നും പാറ ലഭിക്കുന്നില്ലന്ന പരാതിയുമായെത്തിയവരോടാണ് ഗണേശ് കുമാർ പൊട്ടിത്തെറിച്ചത്. സ്വാഭാവികമായുള്ള എംഎൽഎയുടെ പ്രതികരണത്തിന് മറുപടി നൽകാൻ ഉടമകൾക്ക് കഴിഞ്ഞുമില്ല. എന്തുകൊണ്ടാണ് പത്തനാപുരത്തുകാരുടെ ഹീറോയായി ഗണേശ് മാറുന്നത് എന്തുകൊണ്ടാണ് എന്നതിന് ഉത്തരമാണ് ഗണേശിന്റെ ഇടപെടൽ.

കൊല്ലം, തിരുവനന്തപുരം,ആലപ്പുഴ ജില്ലകളിലേക്ക് പ്രധാനമായും ക്വാറി ഉൽപന്നങ്ങൾ എത്തുന്നത് പത്തനംതിട്ട ജില്ലയിലെ കോന്നി, കൂടൽ ,പാടം മേഖലകളിൽ നിന്നാണ്. ഇവിടെ ഖനനം നടക്കുന്നുണ്ടെങ്കിലും അന്യ ജില്ലകളിൽ നിന്നുള്ള വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. അമിത വിലയാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്. മണിക്കൂറുകൾ കാത്ത് നിന്നാൽ പോലും പാറയും മറ്റും കൊടുക്കില്ലത്രേ. മുൻപും ഇത്തരം സാഹചര്യം നിലനിന്നപ്പോൾ ഗണേശ് കുമാർ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത് . അതാണ് വീണ്ടും ഇദ്ദേഹത്തെ തന്നെ കാണാൻ ടിപ്പർ ഉടമകൾ നേരിട്ടെത്തിയത്.

എന്നാൽ പാറയുമായി പോകുന്ന ടോറസ്, ടിപ്പർ വാഹനങ്ങളുടെ അമിതവേഗത മൂലം ഇവിടെ അപകടങ്ങളും പതിവാണ് . ആഴ്ചയിൽ മൂന്ന് അപകടമെങ്കിലും കിഴക്കൻ മേഖലയിൽ നടക്കാറുണ്ട്. ടിപ്പറുകളുടെ അമിത വേഗത നിയന്ത്രിക്കാൻ താലൂക്ക് സഭയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്ധ്യോഗസ്ഥരെ ചുമതലപെടുത്തുകയും ചെയ്തിരുന്നു . ഇത്തരത്തിലുള്ള പ്രശ്‌നം നിലനിൽക്കുമ്പോഴാണ് ടിപ്പർ മുതലാളിമാർ നേരിട്ടെത്തിയതും ഗണേശ് കുമാർ രോഷാകുലനായതും. എംഎൽഎയുടെ പേര് പോലും എഴുതാതെ അപൂർണമായി കൊണ്ടു വന്ന നിവേദനവും അദ്ദേഹം വാങ്ങാതെ ടിപ്പർ ഉടമകൾക്ക് തിരികെ നൽകി.

40 കിലോമീറ്റർ വേഗതയിലേ പത്തനാപുരത്ത് കൂടി വാഹനം ഓടിക്കാനാകൂ. ഞാൻ എംഎൽഎയുടെ ബോർഡ് വച്ച് പോയിട്ട് നിങ്ങൾ സൈഡ് തരുന്നില്ല. കുട്ടികൾക്ക് നടക്കാനാകുന്നില്ല. സ്‌കൂൾ സമയത്ത് ടിപ്പറുകൾ ഓടിക്കാനാകില്ല. ഇക്കാര്യത്തിൽ ഉറപ്പു നൽകൂ എന്നിട്ടാകാം നിങ്ങളുടെ കാര്യത്തിൽ ഇടപെടുന്നതെന്നായിരുന്നു എംഎൽഎ പറഞ്ഞത്. ഡ്രൈവർമാരുടെ വിശദീകരണമൊന്നും എംഎൽഎ ഉൾക്കൊണ്ടില്ല. പാവപ്പെട്ട കുട്ടികളുടെ കാര്യമാണ് തനിക്ക് വലുതെന്നും മരണപാച്ചിൽ അനുവദിക്കില്ലെന്നും എംഎൽഎ പറഞ്ഞു.

സംഭവത്തിന് ശേഷം കുന്നിക്കോട്ടെ ഒരു സ്‌കൂളിലെ ചടങ്ങിന് ശേഷം കൊട്ടാരക്കര-പത്തനാപുരം മിനി ഹൈവേയിലൂടെ തന്റെ വാഹനത്തിൽ പത്തനാപുരത്തെ വീട്ടിലേക്ക് വരവെ അപകടമുണ്ടാക്കുന്ന തരത്തിൽ അമിത വേഗതയിൽ കടന്നു പോയ ടിപ്പർ ലോറിപൊലീസിനെ വിവരമറിപ്പിച്ച് കസ്റ്റഡിയിലെടുപ്പിച്ചു. ഡ്രൈവർ മദ്യപിച്ചിരുന്നതായും സൂചനയുണ്ട്.