കണ്ണൂർ: കണ്ണൂർ ജില്ലയിൽ ജീവിക്കാൻ സിപിഐ.(എം) ഉം ബിജെപി.യും ചെയ്യുന്നതു പോലെ ഞങ്ങൾക്കും ബോംബും വടിവാളും എടുക്കേണ്ടി വരുമോ? കോൺഗ്രസ്സ് നേതാവും എം. എൽ.എ യുമായ കെ.സി. ജോസഫിന്റേതാണ് ഈ ചോദ്യം.

ജില്ലയിൽ മൂുഖ്യമന്ത്രി പിണറായി വിജയൻ ഉള്ളപ്പോഴെല്ലാം സിപിഐ.(എം). ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. യു.ഡി.എഫ് ഭരണത്തിലുള്ള ഏരുവേശി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടി മറിച്ച് സിപിഐ.(എം). നിയന്ത്രണത്തിലാക്കിയത് മുഖ്യമന്ത്രി കണ്ണൂരിൽ ഇരിക്കുമ്പോഴാണെന്ന് ജോസഫ് പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ ജില്ലക്കാരനായ മുഖ്യമന്ത്രി സിപിഐ.(എം). ക്രിമിനലുകളുടെ ഇത്തരം അക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. ജോസഫ് ആരോപിച്ചു. പൊലീസിന്റെ കൺമുന്നിൽ വെച്ച് കോൺഗ്രസ്സിന്റേയും മുസ്ലിം ലീഗിന്റേയും പ്രവർത്തകരെ സിപിഐ.(എം). കാർ ആക്രമിക്കുകയാണ്. ജാമ്യമില്ലാ വകുപ്പ് ചേർത്ത് കോൺഗ്രസ്സ്-ലീഗ് പ്രവർത്തകരെ ജയിലിടക്കുമ്പോൾ അതേ വകുപ്പു പ്രകാരം കേസുള്ള സിപിഐ.(എം) കാർ സ്വൈര്യവിഹാരം നടത്തുന്നു. പൊലീസ് വാഹനത്തിൽ അവരെ വീടുകളിലേക്ക് കൊണ്ടു പോകുന്നു. എന്നാൽ കള്ള കേസിൽ പെടുത്തിയ യു.ഡി.എഫ്. പ്രവർത്തകർക്ക് ജയിലിനകത്ത് പോലും രക്ഷയില്ലാതായിരിക്കുകയാണ്.

വ്യാജ കേസിൽ കുടുക്കി ജയിലടച്ച മുഹമ്മദ് കുഞ്ഞി എന്ന മുസ്ലിം ലീഗ് പ്രവർത്തകന് ജയിലിനകത്തെ സെല്ലിൽ പോലും അതി ക്രൂരമായ മർദ്ദനമേൽക്കേണ്ടി വന്നു.സിപിഐ.(എം). കാരുടെ മർദ്ദനമേറ്റ വിവരം അറിഞ്ഞ് ജയിലിൽ പോയപ്പോൾ അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഞങ്ങൾ നേരിട്ട് കണ്ടെന്നും കെ.സി. ജോസഫ് പറഞ്ഞു.

തുടർന്ന് ജയിൽ ഡി.ജി.പി. ശ്രീലേഖയെ കണ്ട് പരാതിപെട്ടപ്പോഴാണ് മുഹമ്മദ് കുഞ്ഞിയെ മറ്റൊരു സെല്ലിൽ മാറ്റിയത്. സിപിഐ.(എം). ക്രിമിനലുകളുടെ പ്രവർത്തനവും അവർക്ക് പൊലീസിൽ നിന്നും ലഭിക്കുന്ന പിൻതുണയും കണ്ണൂർ ജില്ലയിൽ യു.ഡി.എഫ് പ്രവർത്തകർക്ക് സ്വാതന്ത്രം ഇല്ലാതായിരിക്കയാണ്.

ജില്ലാ പൊലീസ് മേധാവിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും നിയമവാഴ്ചയെ വെല്ലു വിളിക്കുന്ന സമീപനമാണ് സിപിഐ.(എം). ന്റെ ആഞ്ജാനുവർത്തികളായ പൊലീസിൽ നിന്നും ഉണ്ടാവുന്നത്. ജില്ലയിലെ പൊലീസ് അസോസിയേഷൻ സിപിഐ.(എം). ന്റെ ചട്ടുകമായി തരം താണിരിക്കുകയാണെന്നും കെ.സി. ജോസഫ് ആരോപിക്കുന്നു.