- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് പതിറ്റാണ്ടോളം കാത്തുസൂക്ഷിച്ച മണ്ഡലം വിടാനൊരുങ്ങി കെ സി ജോസഫ്; ഇക്കുറി ഇരിക്കൂർ വേണ്ടെന്ന് പരസ്യനിലപാട്; പുതുമുഖങ്ങൾക്കായി ഒഴിയുന്നു എന്നും വിശദീകരണം; കെസി ഒരുങ്ങുന്നത് ചങ്ങനാശ്ശേരിയിൽ ഒരുകൈ നോക്കാൻ എന്നും സൂചന
കണ്ണൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കകത്ത് നിന്നും ഒരുപാട് പഴികൾ കേട്ടാണ് കെ സി ജോസഫ് ഇരിക്കൂറിൽ ജയിച്ച് വന്നത്. പാർട്ടിക്കുള്ളിലെ കലാപം തെരുവിലേക്ക് പടർന്നിട്ടും കഴിഞ്ഞ തവണ 9647 വോട്ടുകൾക്ക് ഇരിക്കൂർ കെ.സിയെ നിയമസഭയിലേക്കയച്ചു. എന്നാൽ, ഇരിക്കൂറിൽ ഇനിയും ഒരങ്കത്തിന് ബാല്യമില്ല എന്ന നിലപാടിലാണ് കെ സി ജോസഫ്. നാല് പതിറ്റാണ്ടോളം വിജയം മാത്രമറിഞ്ഞ താൻ ഇക്കുറി ഇരിക്കൂറിൽ പരാജയപ്പെട്ടാൽ അത് തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പൂർണവിരാമം ആയിരിക്കുമെന്ന് കെസി ജോസഫിനറിയാം. അതുകൊണ്ട് തന്നെ ഇക്കുറി ഇരിക്കൂർ വേണ്ടെന്ന് പര്സയമായി നിലപാടെടുത്തിരിക്കുകയാണ് കെ സി ജോസഫ്.
എട്ടു തവണയാണ് കെ സി ജോസഫ് ഇരിക്കൂറിൽ വെന്നിക്കൊടി പാറിച്ചത്. നിലവിലുള്ള സഭാംഗങ്ങളിൽ ഉമ്മൻ ചാണ്ടിക്കു ശേഷം ഏറ്റവുമധികം കാലം ഒരേ മണ്ഡലത്തിൽനിന്നു ജയിച്ചയാളാണ് കെസി – 38 വർഷം. ഇത്തവണ ഇരിക്കൂറിൽ പുതിയ മുഖം വരണമെന്നാണ് ആഗ്രഹമെന്നും തന്റെ ഭാവിചുമതല പാർട്ടി തീരുമാനിക്കുമെന്നുമാണ് കെ സി ജോസഫിന്റെ നിലപാട്. പാർട്ടിക്കുള്ളിൽ മാത്രമല്ല സ്വന്തം ഗ്രൂപ്പിനുള്ളിലും കെ.സിക്കെതിരെ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലും ആടിയുലയാതെ നിന്ന ഇരിക്കൂറിനെ വിട്ട് കോട്ടയത്തേക്ക് മടങ്ങാൻ കെ.സി തയ്യാറെടുക്കുന്നത്.
കേരള കോൺഗ്രസിന്റെ ശക്തിദുർഗമായ ചങ്ങനാശേരിയാണ് കോൺഗ്രസ് കെ.സി ജോസഫിനായി കണ്ടുവെച്ചിരിക്കുന്നതെന്നാണ് സൂചന. 1980 മുതൽ സി.എഫ് തോമസായിരുന്നു ഇവിടുത്തെ നിയമസഭാംഗം. ജോസ് വിഭാഗം മുന്നണി മാറിയതോടെ ഈ സീറ്റ് ഏറ്റെടുക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. മണ്ഡലം മാറിയാലും കെ.സി ജോസഫ് നിർദ്ദേശിക്കുന്ന ഒരാൾക്ക് തന്നെയാവും ഇരിക്കൂറിൽ സ്ഥാനാർത്ഥി സാധ്യത. കെ.സിയുടെ വിശ്വസ്തനും കെപിസിസി ജനറൽ സെക്രട്ടറിയുമായ സോണി സെബാസ്റ്റ്യനാണ് പ്രഥമ പരിഗണന. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു. യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ് ജോഷി കണ്ടത്തിൽ തുടങ്ങിയവരുടെ പേരുകളും അണിയറയിൽ ഉയർന്നുകേൾക്കുന്നുണ്ട്.
19 57ൽ രൂപീകരിച്ച ഇരിക്കൂർ മണ്ഡലത്തിൽ 1970ൽ വിജയിച്ച സിപിഎമ്മിന്റെ എ.കുഞ്ഞിക്കണ്ണന്റെ നിര്യാണത്തെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ ഇ.കെ.നായനാർ എംഎൽഎയായി. 1977ൽ കോൺഗ്രസിന്റെ സി.പി.ഗോവിന്ദൻ നമ്പ്യാരും 1980ൽ രാമചന്ദ്രൻ കടന്നപ്പള്ളിയും എംഎൽഎമാരായി. ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്ന കോൺഗ്രസ് (യു) പ്രതിനിധിയായിരുന്നു അന്നു കടന്നപ്പള്ളി.
ആന്റണി വിഭാഗത്തിന്റെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോഴാണു 1982ൽ കെ.സി.ജോസഫ് സ്ഥാനാർത്ഥിയായി ഇരിക്കൂറിൽ എത്തുന്നത്. കോട്ടയത്തു നിന്നെത്തിയ കെസിക്ക് ആദ്യ മത്സരത്തിൽ ഭൂരിപക്ഷം 9224 വോട്ട്. ഇടതു തരംഗമുണ്ടായ 2006ൽ മാത്രമാണു ഭൂരിപക്ഷം രണ്ടായിരത്തിനു താഴെപ്പോയത് (1831വോട്ട്). മറ്റെല്ലാ തിരഞ്ഞെടുപ്പിലും ഏഴായിരത്തിനും പതിനേഴായിരത്തിനും ഇടയിൽ. 2011–2016 കാലത്ത് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയുമായി.
ഇത്തവണ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, മറ്റൊരു ജനറൽ സെക്രട്ടറി സജീവ് ജോസഫ്, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു, ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന എന്നിവരുടെ പേരുകൾ പറഞ്ഞുകേൾക്കുന്നു.
മറുനാടന് ഡെസ്ക്