തിരുവനന്തപുരം: ജെഎസ്എസ് നേതാവും മുന്മന്ത്രിയുമായ കെ ആർ ഗൗരി അമ്മയ്‌ക്കെതിരെ പരാമർശം നടത്തിയതിന് പി.സി. ജോർജിനെ നിയമസഭ താക്കീത് ചെയ്തു. നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്നാണ് ജോർജിനെ താക്കീത് ചെയ്തത്. ഗൗരിയമ്മയ്‌ക്കെതിരെ പരാമർശം നടത്തിയതിന് പിസി ജോർജിനെ താക്കീത് ചെയ്യണമെന്നാണ് കെ മുരളീധരൻ അധ്യക്ഷനായ നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി നേരത്തെ ശുപാർശ ചെയ്തിരുന്നു. എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്നാണ് നിയമസഭ പരിഗണിച്ചത്. ശ്യൂനവേളയിൽ വിഷയം സമിതി അധ്യക്ഷൻ കെ. മുരളീധരൻ സഭയിൽ അവതരിപ്പിച്ചു.

പി സി ജോർജ്ജിനെ താക്കീത് ചെയ്യുന്നതായുള്ള പ്രമേയം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സഭയിൽ അവതരിപ്പിച്ചു. ഇതോടെ സഭയ്ക്ക് പുറത്ത് നടത്തിയ പരാമർശത്തിന്റെ പേരിൽ നിയമസഭ ശാസിക്കുന്ന ആദ്യ എംഎൽഎയായി പി സി ജോർജ്ജ്. തുടർന്ന് സഭയിൽ പി സി ജോർജ്ജിന് വിശദീകരിക്കാൻ സ്പീക്കർ അവസരം നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് സ്പീക്കർ എൻ ശക്തൻ റൂളിങ് നൽകി. തുടർന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച താക്കീത് പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കിയത്. അതേസമയം തന്നെ ശാസിച്ച സഭയുടെ തീരുമാനം ആദരവോടെ അംഗീകരിക്കുന്നതായി പി സി ജോർജ്ജ് പറഞ്ഞു. വീട്ടിലിരുന്നു സംസാരിച്ചപ്പോൾ ഒരു മാദ്ധ്യമപ്രവർത്തകകൻ ഒളിക്യാമറയിൽ പകർത്തിയതാണിത്. ഇക്കാര്യം സഭ ശ്രദ്ധിക്കണമെന്നും ജോർജ് കൂട്ടിച്ചേർത്തു.

എന്റെ വീട്ടിലിരുന്നാണ് ഞാൻ പറഞ്ഞത്. അതിന്റെ പേരിൽ നിയമസഭ എത്തിക്‌സ് കമ്മിറ്റിക്ക് നടപടി എടുക്കാൻ എന്ത് അധികാരം എന്ന് ഞാൻ ചോദിക്കുന്നില്ല. കാരണം, കമ്മിറ്റി കൂടുതൽ ശക്തി നൽകണമെന്ന ആളാണ് ഞാൻ. കമ്മിറ്റിയിൽ കേരള കോൺഗ്രസിലെ രണ്ട് എംഎ‍ൽഎമാരുണ്ട്. നിയമത്തിന്റെ കണ്ണിൽ ഞാൻ കുറ്റക്കാരനല്ല. അസഭ്യ വാക്ക് ഉപയോഗിച്ചു എന്നത് ശരിയാണ്. അതിന് മാപ്പു പറയാൻ തയ്യാറാണ്. മോശമായ പെരുമാറ്റം സഭയിൽ നടത്തിയവർ ഉള്ളപ്പോൾ വീട്ടിലിരുന്ന് ഞാൻ പറഞ്ഞ കാര്യത്തിന്റെ പേരിൽ നടപടി എടുക്കുന്‌പോൾ സ്വയം അപഹാസ്യരായത് ആരാണെന്ന് ജനങ്ങൾ മനസിലാക്കുമെന്നും ജോർജ് പറഞ്ഞു.

2013 മാർച്ച് 14നാണ് ഗൗരിയമ്മക്കെതിരെ മോശം പരാമർശം പി.സി ജോർജ് നടത്തിയത്. കെ.ബി. ഗണേശ് കുമാർ മന്ത്രിയായിരിക്കുമ്പോൾ അന്ന് സർക്കാർ ചീഫ് വിപ്പായിരുന്ന പി.സി. ജോർജുമായി ഇടഞ്ഞിരുന്നു. കെ ബി ഗണേശ് കുമാർ എംഎൽഎയ്‌ക്കെതിരായി പി സി ജോർജ് പരാമർശങ്ങൾ നടത്തിയ സമയത്ത് ഗൗരിയമ്മ നടത്തിയ പരാമർശത്തിന് മറുപടിയായാണ് പി സി ജോർജ്ജ് പ്രസ്താവന നടത്തിയത്. ജോർജിനെ കാണാൻ ഒരു സ്ത്രീ കുഞ്ഞുമായി നിയമസഭയിൽ വന്നപ്പോൾ പണം നൽകി മടക്കിയത് താനാണെന്നായിരുന്നു ഗൗരിയമ്മയുടെ പരാമർശം. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് ജോർജ്ജ് പ്രതികരിച്ചത്. 'അവർക്ക് വയസ് തൊണ്ണൂറായി. സ്ത്രീയാണെന്ന ബഹുമാനം കൊടുത്തേക്കാം. പക്ഷേ, അവരുടെ കൈയിലിരിപ്പ് മോശമാണ്. വീട്ടിലിരിക്കേണ്ട സമയത്ത് ആംബുലൻസുമായി വോട്ടുപിടിക്കാൻ ഇറങ്ങുകയാണ്.' - ഇതായിരുന്നു ജോർജ്ജിന്റെ പരാമർശം. ഈ പ്രസ്താവന റിപ്പോർട്ടർ ചാനലാണ് അന്ന് പുറത്തുവിട്ടത്.

പി സി ജോർജ്ജിന്റെ പ്രസ്താവനയിൽ കടുത്ത പ്രതിഷേധമാണ് ഭരണ-പ്രതിഷേധ അംഗങ്ങളിൽ നിന്നും ഉയർന്നുവന്നത്. പരാമർശത്തിനെതിരെ കോടിയേരി ബാലകൃഷ്ണൻ അന്ന് സ്പീക്കറായിരുന്ന ജി. കാർത്തികേയന് പരാതി നൽകി. ഈ പരാതി സ്പീക്കർ പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമിറ്റിക്ക് കൈമാറുകയായിരുന്നു. ജോർജ് നടത്തിയ വാക്പ്രയോഗങ്ങൾ ഫലത്തിൽ അന്തരിച്ച ടി.വി. തോമസിനെ മോശപ്പെടുത്തുന്നതായിരുന്നെന്നാണ് സമിതിയുടെ നിഗമനം. എന്നാൽ, സമിതിയിലെ പ്രതിപക്ഷ അംഗങ്ങളുടെ വിയോജന കുറിപ്പോടെയാണ് കെ. മുരളീധരൻ അധ്യക്ഷനായ സമിതി സ്പീക്കർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

മോശം പരാമർശത്തിന്റെ പേരിൽ കേരളാ നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരംഗത്തെ താക്കീത് ചെയ്യുന്നത്. പി സി ജോർജ്ജിന്റെ എംഎൽഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കാൻ കേരളാ കോൺഗ്രസ് നീക്കം നടത്തുന്നതിന് ഇടയാണ് ഇതുവരെ പരിഗണിക്കാതിരുന്ന പ്രിവിലേജ് കമ്മിറ്റി റിപ്പോർട്ട് പൊടിതട്ടിയെടുത്തത് എന്നതും ശ്രദ്ധമായ കാര്യമാണ്.