കൊച്ചി: നേമത്ത് കെ മുരളീധരനെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഈ തീരുമാനത്തിന് പിന്നിൽ. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന പൊതു മാനദണ്ഡത്തിൽ മാറ്റം അനുവദിക്കേണ്ടതില്ലെന്നാണ് വേണുഗോപാലിന്റെ നിർദ്ദേശം. ഇതോടെ നേമത്ത് എംഎം ഹസൻ സ്ഥാനാർത്ഥിയാകാനും സാധ്യത ഏറി. കേരള രാഷ്ട്രീയത്തിൽ കെ മുരളീധരൻ അതിശക്തനാകുന്നത് തടയാനാണ് കെസിയുടെ നീക്കമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.

ദേശീയ തലത്തിൽ കോൺഗ്രസിൽ വിമത ശബ്ദങ്ങളുണ്ട്. ഗുലാംനബി ആസാദും കൂട്ടരുമാണ് ഇതിന് പിന്നിൽ. ഒത്തുതീർപ്പ് ചർച്ചകളിൽ കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് കെസി വേണുഗോപാലിനെ മാറ്റണമെന്ന ആവശ്യമാണ് ഉയർന്നത്. ഇത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചിട്ടുമുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനം ഉണ്ടാകും. അങ്ങനെ വന്നാൽ കേരള രാഷ്ട്രീയത്തിലേക്ക് കെസി മടങ്ങും. കെ മുരളീധരൻ എന്ന കെ എം നേമത്ത് വിജയിച്ചാൽ കോൺഗ്രസിലെ മൂന്നാമനായി മാറും. അത് കെസി വേണുഗോപാലിന് കടുത്ത വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് മുരളിയുടെ നേമം മത്സരത്തിന് കെസി പാരവയ്ക്കുന്നത്.

ഇതിനൊപ്പം തന്റെ എംഎൽഎമാരെ സൃഷ്ടിക്കാനും കെസി ശ്രമം തുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടേതെന്ന് പറഞ്ഞത് ഒരു പട്ടിക കെസി കേരളത്തിലെ നേതൃത്വത്തിന് കൈമാറി. ഇതാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ തീരുമാനം വൈകുന്നത്. കെപിസിസി അധ്യക്ഷനായി കെ സുധാകരൻ എത്തുന്നത് തടയുന്നതും കെസി വേണുഗോപാലാണ്. എകെ ആന്റണിയുടെ പിന്തുണയുള്ളതിനാൽ ഇതിനെ തടയാൻ ചെന്നിത്തലയ്ക്കും ചാണ്ടിക്കും കഴിയുന്നുമില്ല. മുരളീധരനെ നേമത്ത് മത്സരിപ്പിക്കാനുള്ള ചാണ്ടി-ചെന്നിത്തല നീക്കം പൊളിച്ചത് വലിയ പ്രതിഷേധമായി മാറുന്നുണ്ട്. നേമത്ത് എംഎം ഹസൻ നിൽക്കുന്നത് അത്ര ഗുണകരമാകില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഉമ്മൻ ചാണ്ടിയുടേയും ചെന്നിത്തലയുടേയും അതിവിശ്വസ്തരെ വെട്ടാനും കെസി ശ്രമിക്കുന്നുണ്ട്. കെസി ജോസഫ്, കെ ബാബു, ജോസഫ് വാഴക്കൻ, വിഷ്ണുനാഥ് തുടങ്ങിയവർക്കെതിരെ അതിശക്തമായ നീക്കങ്ങൾ നടക്കുന്നത് ഈ സാഹചര്യത്തിലാണ്. കേരളത്തിൽ ഗ്രൂപ്പില്ലാതെ നിന്നിരുന്ന പലരും കെസി ഗ്രൂപ്പിലേക്ക് മാറുകയാണ്. ഈ തിരഞ്ഞെടുപ്പ് കാലത്താണ് അത് സജീവമായത്. കേരളത്തിലെ തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് ഇടപെട്ടാണ് വേണുഗോപാലിന് വഴിത്തിരിവായി മാറിയത്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ എന്ന പേരും അദ്ദേഹത്തിനുണ്ട്. അതാണ് കാര്യങ്ങൾ നിയന്ത്രിക്കാൻ അദ്ദേഹത്തിന് അധികാരം നൽകിയത്. എല്ലാ സ്ഥാനാർത്ഥി പട്ടികയും വേണുഗോപാൽ അംഗീകരിക്കാതെ മുന്നോട്ട് പോകില്ല.

സ്ഥാനാർത്ഥി നിർണയ ചർച്ചയ്ക്കിടെ ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ ചേരിതിരിഞ്ഞ് വാഗ്വാദം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം രാത്രി നടന്ന ചർച്ചയിലാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലിനോടും മുല്ലപ്പള്ളിയോടും പൊട്ടിത്തെറിച്ചത്. കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് നേതാക്കൾ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായത്. സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലും കേരളാ ഹൗസ് കേന്ദ്രീകരിച്ച് നടന്ന ചർച്ചയിലുമാണ് നേതാക്കൾ ചേരിതിരിഞ്ഞ് വാഗ്വാദത്തിൽ ഏർപ്പെട്ടത്. ഗ്രൂപ്പ് നിർദ്ദേശങ്ങൾ സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഹൈക്കമാൻഡ് വെട്ടുന്നതിലെ അതൃപ്തിയാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രകടിപ്പിച്ചത്.

എന്നാൽ സർവേയിൽ ഇല്ലാത്ത പേര് ഒഴിവാക്കണമെന്ന് കെ.സി വേണുഗോപാലും മുല്ലപ്പള്ളിയും നിലപാടെടുത്തു. ഹൈക്കമാൻഡിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ കഴിയൂ എന്ന നിലപാടാണ് മുല്ലപ്പള്ളിയും കെ.സി വേണു?ഗോപാലും സ്വീകരിച്ചത്. ഗ്രൂപ്പുകളുടെ സമ്മർദത്തിന് വഴങ്ങേണ്ട എന്ന കടുത്ത നിലപാടും ഹൈക്കമാൻഡ് നേതാക്കൾ പങ്കുവെയ്ക്കുകയും ചെയ്തു. എ.ഐ.സി.സിയുടെ സർവേ ആധാരമാക്കിക്കൊണ്ടുതന്നെയാണ് സ്ഥാനാർത്ഥി നിർണയം നടക്കേണ്ടത്.

ഗ്രൂപ്പുകൾ മുന്നോട്ടുവെയ്ക്കുന്ന പേരുകൾ മാത്രം പരിഗണിക്കാനാവില്ല എന്ന നിലപാടാണ് ചർച്ചയിലുടനീളം മുല്ലപ്പള്ളിയും വേണുഗോപാലും സ്വീകരിച്ചത്. ഇതേ തുടർന്ന് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോരാൻ ശ്രമിച്ചെങ്കിലും ഇരുവരേയും അനുനനയിപ്പിക്കുകയായിരുന്നു.