ന്യൂഡൽഹി: കൊങ്കുനാടിന്റെ പേരിൽ തമിഴ്‌നാടിനെ വിഭജിക്കാനുള്ള കേന്ദ്രസർക്കാറിന്റെയും ബിജെപിയുടെയും അപകടകരമായ രാഷ്ട്രീയത്തിനെതിരെ എല്ലാ പ്രതിപക്ഷ കക്ഷികളെയും അണിനിരത്തി പാർലമെന്റിന് അകത്തും പുറത്തും കോൺഗ്രസ് ശക്തമായ് പോരാടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ.

കൊങ്കുനാട് വാദത്തിനെതിരെ കോൺഗ്രസ് തമിഴ്‌നാട് ഘടകം വളരെ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. അവിടെ ഡിഎംകെ ഉൾപ്പെടെയുള്ള സഖ്യകക്ഷികളും ഇതിനെതിരെ രൂക്ഷമായ് പ്രതികരിച്ചിട്ടുണ്ട്. ഒരു കാരണവശാലും ഇത്തരം നീക്കങ്ങൾ അനുവദിക്കാൻ പാടില്ല, മുളയിലേ നുള്ളിക്കളയണം എന്നാണ് പാർട്ടിയുടെ നിലപാട്.

രാജ്യത്തെ പിന്നോട്ട് നയിക്കുന്ന വിചിത്രമായ തീരുമാനത്തിലൂടെയാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. നമുക്കെല്ലാം അറിയാം, സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യയിൽ ഒരുപാട് നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. ആ നാട്ടുരാജ്യങ്ങളെയെല്ലാം സംയോജിപ്പിച്ച് ഒറ്റ രാജ്യമാക്കി ഇന്ത്യയുടെ അഖണ്ഡത നിലനിർത്തുക എന്നതായിരുന്നു അന്ന് കേന്ദ്രസർക്കാറിന്റെ ലക്ഷ്യം.

എന്നാൽ മോദി സർക്കാർ പഴയ വിഭജന രാഷ്ട്രീയത്തിലേക്ക് തിരിച്ചു പോകുകയാണ്. ബ്രിട്ടീഷുകാരുടെ അതേ രീതിയിൽ തന്നെ രാജ്യത്തെ സാമുദായികമായ് വിഭജിച്ച് ഭരിക്കുകയെന്ന സിദ്ധാന്തമാണത്. ജമ്മുകാശ്മീരിൽ അത് നമ്മൾ കണ്ടു. ലക്ഷദ്വീപിൽ കാണുന്നതും മറ്റൊന്നല്ല. തമിഴ്‌നാട്ടിലും കണ്ടുകൊണ്ടിരിക്കുന്നത് അതാണ്. തങ്ങൾക്ക് രാഷ്ട്രീയ സ്വാധീനമില്ലാത്ത മേഖലകൾ ഏതെല്ലാമുണ്ടോ ആ ജനതയെ ശത്രുക്കളായി കണ്ട്, ആ മേഖലകളെയെല്ലാം വിഭജിച്ച് അപ്രസക്തരാക്കി മാറ്റി നേട്ടം കൊയ്യുകയെന്ന സങ്കുചിത തന്ത്രമാണിത്.

കാശ്മീരിൽ ഇപ്പോൾ ഡിലിമിറ്റേഷൻ പ്രക്രിയ നടക്കുകയാണ്. വിചിത്രമായ കാര്യമാണ്. ഒരു സംസ്ഥാനം അനുവദിച്ചിട്ടാവണം അവിടെ അതിർത്തി നിർണയം നടപ്പാക്കേണ്ടത്. ഇവിടെ സംസ്ഥാനം അനുവദിക്കും മുമ്പേ ഡീലിമിറ്റേഷൻ നടപ്പാക്കുന്നു!

2024 ലെ തെരഞ്ഞെടുപ്പിലെ ഗെയിംപ്ലാനാണ് ഈ കാണുന്നത്. അതിന്റെ അനന്തരഫലം രാജ്യത്തെ അസ്ഥിരപ്പെടുത്തലാവും. രാജ്യത്ത് കോവിഡുണ്ടാക്കിയ ദുരിതം പരിഹരിക്കുന്നതിനോ, ജനങ്ങളിലുണ്ടാക്കിയ പ്രയാസങ്ങൾ ദൂരീകരിക്കുന്നതിനോ, പെട്രോളിന്റെയും ഡീസലിന്റെയും വിലകൊണ്ട് നട്ടം തിരിയുന്നവർക്ക് ആശ്വാസമേകുന്നതിനോ മാസങ്ങളോളം സമരം ചെയ്യുന്ന കർഷകരുടെ പ്രശ്നം ചർച്ച ചെയ്യുന്നതിനോ കേന്ദ്രം താത്പര്യമെടുക്കുന്നില്ല. അവരുടെ ഒറ്റ ലക്ഷ്യം ധ്രുവീകരണ രാഷ്ട്രീയം മാത്രമാണ്. ദുരിതങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധമാറ്റി, വിഭജിച്ച് എങ്ങനെ വോട്ട് നേടാൻ പറ്റുമെന്നാണ് നോട്ടം. ഇത് ഫാസിസ്റ്റ് ശൈലിയാണ്. അഭിപ്രായ ഭിന്നതകളെല്ലാം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി എതിർക്കണം-കെസി വിശദീകരിച്ചു