- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടനാട്ടെ പ്രളയം തകർത്തത് ഉത്തമന്റെ കുടിൽ; ആരോരുമില്ലാത്ത പാവത്തിന് തുണയായി കോൺഗ്രസ് നേതാവ്; സിപിഎം അനുഭാവിക്ക് തണലേകി കെസി വേണുഗോപാൽ
അലപ്പുഴ: രാഷ്ട്രീയത്തിന് അപ്പുറത്തേക്കാണ് ഈ ചിന്ത. സിപിഎം അനുഭാവിയായ ആലപ്പുഴ പള്ളത്തുരുത്തി സ്വദേശി ഉത്തമന് ആശ്വാസമാകുന്നത് കെസി വേണുഗോപാൽ. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗമാണെങ്കിലും ആലപ്പുഴയെ നിയമസഭയിലും ലോക്‌സഭയിലും പ്രതിനിധീകരിച്ച നേതാവ്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിയുടെ ആലപ്പുഴയിലെ വീടിന് ഒരു കിലോമീറ്റർ ചുറ്റളവിലാണ് ഉത്തമന്റെ വീട് നിൽക്കുന്നത്. ബുദ്ധിമുട്ടുകൾ മനസ്സിലാക്കി കെസി വേണുഗോപാൽ സഹായവും ആയി എത്തുകയായിരുന്നു.
പാടശേഖരത്തോട് ചേർന്നുള്ള ഭൂമി, കുട്ടനാട് പ്രളയത്തിലാകുമ്പോഴൊക്കെ മുങ്ങുകയാണ് പതിവ്. തുടർച്ചയായ പ്രളയങ്ങൾ കാലുകൾക്ക് വൈകല്യം കൂടിയുള്ള ഉത്തമന്റെ കുടിലിനെ ശോചനീയമാക്കി. കാലപ്പഴക്കത്താൽ കുടിൽ ക്ഷയിച്ചു. അതു നന്നാക്കാനുള്ള സാമ്പത്തിക സ്ഥിതിയോ ആരോഗ്യമോ ഉത്തമനില്ല. സാമ്പത്തികമായി സഹായിക്കാനുള്ള അവസ്ഥയിലല്ലായിരുന്നു ദിവസ വരുമാനക്കാരായ ബന്ധുക്കളും.
ഇത് മനസ്സിലാക്കി ഒറ്റത്തടിയായി ജീവിക്കുന്ന ഉത്തമന്റെ ദുരിതത്തിന് പരിഹാരമായി അടച്ചുറപ്പുള്ള ഒരു വീട് നിർമ്മിച്ചുനൽകാൻ കെ.സി തീരുമാനിച്ചു. സുമനസ്സുകളുടെ സഹായം കൂടി കെ.സി തേടി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൈസൽ & ഷബാന ഫൗണ്ടേഷനുമായി സഹകരിച്ച് വീട്ട് വച്ചു നൽകി. പള്ളത്തുരുത്തിയിലെ കായലരികത്ത് വെച്ച് നടത്തിയ ചടങ്ങിൽ ഉത്തമന് കെസി വേണുഗോപാൽ എംപി താക്കോൽ കൈമാറി.
'രാഷ്ട്രീയത്തിനപ്പുറം എല്ലാവരും എന്റെ നാട്ടുകാരാണ്. ഇപ്പോൾ ഇവിടെ നിന്നുള്ള ജനപ്രതിനിധി അല്ലെങ്കിൽ പോലും ആലപ്പുഴയിലെ ജനങ്ങളോട് എന്നും കടപ്പാടും സ്നേഹവുമുണ്ട്. തിരഞ്ഞെടുപ്പുകളിലും നിലപാടുകളിലും വിശ്വസിക്കുന്ന ആശയങ്ങളിലും മാത്രമാണ് രാഷ്ട്രീയമുള്ളത്, പ്രവർത്തനങ്ങളിലും ജനസേവനത്തിലും മനുഷ്യസ്നേഹത്തിന്റെ രാഷ്ട്രീയമായിരിക്കണം പ്രതിഫലിക്കേണ്ടത്',-വേണുഗോപാൽ വിശദീകരിച്ചു.
ഒരു മാസം മുമ്പ് മാരാരിക്കുളത്തുകൊല്ലംചിറയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് കെസി ഇടപെട്ട് വീട് വെച്ച് നൽകിയിരുന്നു. ആലപ്പുഴയിലെ രാഷ്ട്രീയ സാമൂഹിക ഇടപെടലുകൾ തുടരാനാണ് കെസിയുടെ തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ