- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യ പരിഗണന ഉമാ തോമസിന് തന്നെ നൽകണമെന്ന നിലപാടിലേക്ക് ഹൈക്കമാണ്ടും; മത്സര മോഹികൾക്ക് തിരിച്ചടിയായി രാഹുൽ ഗാന്ധിയുടെ മനസ്സും; ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം എപ്പോൾ വേണമെങ്കിലും വരുമെന്നതിനാൽ ഉമയുടെ മനസ്സ് അറിയാൻ അതിവേഗ നടപടികളുണ്ടാകും; കെസിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഇടവേളയ്ക്ക് ശേഷം തൃക്കാക്കരയിൽ ഒരുമിക്കുമ്പോൾ
തിരുവനന്തപുരം: തൃക്കാക്കരയിൽ സ്ഥാനാർത്ഥിയായി ഉമാ തോമസിന് പ്രഥമ പരിഗണന നൽകാൻ ഹൈക്കമാണ്ടിൽ ധാരണ. പിടി തോമസിനുള്ള ജനപിന്തുണ മുഴുവൻ വോട്ടായി മാറാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. ഇക്കാര്യം കെപിസിസിയെ ഹൈക്കമാണ്ട് അറിയിച്ചിട്ടുണ്ട്. എന്നാൽ മത്സരിക്കുന്നതിനോട് ഇതുവരെ ഉമാ തോമസുമായി കോൺഗ്രസ് നേതൃത്വം സംസാരിച്ചിട്ടില്ല. കോൺഗ്രസിലെ പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി ഇക്കാര്യത്തിൽ തുടർ നടപടികളുണ്ടാകും. രാഹുൽ ഗാന്ധിക്കും ഉമാ തോമസ് മത്സരിക്കുന്നതിനോടാണ് കൂടുതൽ താൽപ്പര്യം.
തൃക്കാക്കര സീറ്റ് കോൺഗ്രസിലെ എ ഗ്രൂപ്പിന്റേതാണെന്നാണ് വയ്‌പ്പ്. അതുകൊണ്ട് തന്നെ ഉമാ തോമസ് മതിയെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി. മറ്റു വിധത്തിലേക്ക് ചർച്ചകളെത്തിയാൽ തൃക്കാക്കരയിൽ ഗ്രൂപ്പിന് അതീതരായവർ എത്തും. അത് എ ഗ്രൂപ്പ് ആഗ്രഹിക്കുന്നില്ല. ഉമാ തോമസിന്റെ വിജയം ഉറപ്പിക്കാൻ എ ഗ്രൂപ്പിലെ പ്രധാനികളായ ബെന്നി ബെഹന്നാനും കെ ബാബുവും പ്രവർത്തനവും തുടങ്ങിയിട്ടുണ്ട്. രമേശ് ചെന്നിത്തലയും ഇതിനെ പിന്തുണയ്ക്കുന്നു. വിജയം ഉറപ്പിക്കാൻ കെസി വേണുഗോപാലും ആഗ്രഹിക്കുന്നത് ഉമയുടെ സ്ഥാനാർത്ഥിത്വമാണ്. കേരളത്തിലെ രാഷ്ട്രീയ വിഷയത്തിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കെസി വേണുഗോപും ഒരോ മനസ്സിലേക്ക് എത്തുന്നുവെന്നതും ശ്രദ്ധേയാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതിനെ പിന്തുണയ്ക്കും.
പിടി തോമസിന്റെ മരണത്തെ വൈകാരികമായാണ് ഉമാ തോമസ് കാണുന്നത്. ഇനിയും അവർ ആ ആഘാതത്തിൽ നിന്ന് മുക്തയായിട്ടില്ല. ഈ ഘട്ടത്തിൽ അവരോട് രാഷ്ട്രീയം സംസാരിക്കുന്നത് ശരിയല്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ടാണ് തീരുമാനം വൈകുന്നത്. മത്സരിക്കാൻ ഇല്ലെന്ന് ഉമ തീർത്തു പറഞ്ഞാൽ മാത്രമേ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് ഔദ്യോഗികമായി കോൺഗ്രസ് കടക്കൂ. അങ്ങനെ വരുമ്പോഴും പ്രചരണത്തിൽ ഉമാ തോമസ് ഉണ്ടെന്ന് ഉറപ്പിക്കും. പിടിയുടെ വിയോഗത്തോടെ ഒഴിവുവന്ന മണ്ഡലത്തിൽ ഉമാ തോമസ് നിർണ്ണായക ഘടകമാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം ഒരിക്കൽക്കൂടി പി.ടി. തോമസിനു വികാരനിർഭരമായ വിട. 11 ദിവസമായി പാലാരിവട്ടത്തെ വസതിയിൽ സൂക്ഷിച്ചിരുന്ന ചിതാഭസ്മ കലശം ഇടുക്കി ഉപ്പുതോട് പള്ളിയിൽ പി.ടി.യുടെ അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യാൻ കോൺഗ്രസ് നേതാക്കൾക്കു കൈമാറിയതു ഭാര്യ ഉമ തോമസായിരുന്നു. ചിതാഭസ്മം കൈമാറിയപ്പോൾ വിങ്ങൽ അടക്കാനായില്ല, ഉമയ്ക്ക്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രനും ചേർന്നു കലശം ഏറ്റുവാങ്ങി. സ്മൃതി യാത്രയിൽ ഉമയും മക്കളും ഒപ്പം ചേർന്നു. രാവിലെ നേതാക്കൾ എത്തും മുൻപു തന്നെ പൂമുഖത്തു പി.ടി.യുടെ വലിയ ഛായാചിത്രത്തിനു മുന്നിലേക്കു ചിതാഭസ്മ കലശം മാറ്റിയിരുന്നു. നേതാക്കളും നൂറുകണക്കിനു പ്രവർത്തകരും സ്മരണാഞ്ജലി അർപ്പിച്ചു.
കളമശേരി മുതൽ ഇടുക്കി ജില്ലാതിർത്തിയായ നേര്യമംഗലം വരെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നൂറുകണക്കിനു പ്രവർത്തകരാണു സ്മൃതിയാത്രയിൽ ആദരം അർപ്പിച്ചത്. നേര്യമംഗലത്ത് ഇടുക്കി ഡിസിസി നേതാക്കൾ സ്മൃതി യാത്രയെ സ്വീകരിച്ചു. പിടിയോടുള്ള ആദരവ് ഈ സ്മൃതി യാത്രയിലും നിറഞ്ഞു. അപ്പോഴും ആരും ഉമയോടും കുട്ടികളോടും രാഷ്ട്രീയം സംസാരിച്ചില്ല. അത്രയും വികാരപരമായിട്ടാണ് അവർ യാത്രയെ അനുഗമിച്ചത്. പി ടി തോമസ് എംഎൽഎയുടെ വിയോഗത്തെത്തുടർന്ന് തൃക്കാക്കര മണ്ഡലത്തിൽ ആറ് മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. ഡിസംബർ 22 മുതൽ മണ്ഡലത്തിൽ ഒഴിവ് വന്നതായി നിയമസഭാ സെക്രട്ടറിയേറ്റിന്റെ പേരിൽ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ആറ് മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് വ്യക്തമായി. ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കും.
പി ടി തോമസിന്റെ ഭാര്യ ഉമ തൃക്കാക്കരയിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ചിന്തിക്കാനേ സാധിക്കില്ലെന്നും അത്തരമൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാനുള്ള സമയമല്ല ഇതെന്നുമായിരുന്നു ഉമ നേരത്തെ പ്രതികരിച്ചത്. എന്നാൽ സ്ഥാനാർത്ഥിത്വത്തിനായി മറ്റ് നേതാക്കൾ ചരടുവലി ആരംഭിച്ചിട്ടുണ്ട്. 'പി ടിയുടെ വികസന സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ വി ടി' എന്ന പേരിലുള്ള പോസ്റ്ററുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ കോൺഗ്രസ് അണികൾ പ്രചരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. യുവത്വം ആഗ്രഹിക്കുന്നത് പി ടിയെ പോലെ നിലപാടുകളിൽ ആർജ്ജവമുള്ള നേതൃത്വത്തെയാണെന്നാണ് ഐവൈസി സൈബർ വിങ് എന്ന പേരിൽ ഇറക്കിയ പോസ്റ്ററിൽ പറയുന്നത്.
എറണാകുളത്ത് നിന്നുള്ള ഒരു നേതാവിനെ തന്നെയാണ് യുഡിഎഫ് പി ടി തോമസിന്റെ പിൻഗാമിയായി പരിഗണിക്കുന്നതെങ്കിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ദീപ്തി മേരി വർഗ്ഗീസിനും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിനുമാകും കൂടുതൽ സാധ്യത. നിലവിൽ നിയമസഭയിൽ കോൺഗ്രസിന് വനിതാ അംഗങ്ങൾ ആരും ഇല്ല. യുഡിഎഫ് പിന്തുണയോടെ വിജയിച്ച കെ കെ രമ മാത്രമാണ് പ്രതിപക്ഷ നിരയിലെ ഏക വനിതാ അംഗം. അതുകൊണ്ട് തന്നെ ആലുവ നഗരസഭ വൈസ് ചെയർപേഴ്‌സണായ ജെബി മേത്തറിനെ നിയമസഭയിലെത്തിച്ച് ആ കുറവ് നികത്താൻ നേതൃത്വം ശ്രമിച്ചേക്കും.
മറുനാടന് മലയാളി ബ്യൂറോ