തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ മദ്യനയം തിരഞ്ഞെടുപ്പിൽ പൂർണമായി ഗുണംചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിനെതിരെ ഐ ഗ്രൂപ്പിൽ തന്നെ പടയിളക്കം. മദ്യനയം ജനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അത് വേണ്ട രീതിയിൽ ഗുണം ചെയ്തില്ലെന്നും കോൺഗ്രസിന്റെ മദ്യനയത്തിൽ പുനരാലോചന വേണമോയെന്ന് പാർട്ടിയാണ് ആലോചിക്കേണ്ടതെന്നും പറഞ്ഞതോടെ ചെന്നിത്തലയ്ക്ക് കഴിഞ്ഞദിവസങ്ങളിൽ കോൺഗ്രസിനകത്തും യുഡിഎഫ് സഖ്യകക്ഷികൾക്കിടയ്ക്കും വലിയ വിമർശനമാണ് നേരിടേണ്ടിവന്നത്.

ഇതിനു പിന്നാലെ കോൺഗ്രസിലെ സ്വന്തം വിഭാഗമായ ഐ ഗ്രൂപ്പിലും ചെന്നിത്തലയുടെ പുതിയ പ്രസ്താവന അലോസരങ്ങൾ സൃഷ്ടിക്കുന്നുവെന്ന സൂചനകളുമായി കെസി വേണുഗോപാൽ നിശിത വിമർശനവുമായി രംഗത്തെത്തി. പ്രക്ഷോഭങ്ങൾ നടത്തി പാർട്ടിയെ ശക്തമാക്കേണ്ടവർ അതിന് മുതിരാതെ വിവാദ പ്രസ്താവനകൾ നടത്തി പാർട്ടിയെ തളർത്തരുതെന്ന് ചെന്നിത്തലയെ ഉന്നംവച്ച് ഫെയ്‌സ് ബുക്കിലൂടെയാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം.

വിശാല ഐ ഗ്രൂപ്പ് സൃഷ്ടിച്ചശേഷം അതിന്റെ പ്രവർത്തന നേതൃത്വത്തിനായി ചെന്നിത്തലയുൾപ്പെടെ രൂപംകൊടുത്ത അനൗദ്യോഗിക കോർ കമ്മിറ്റിയുടെ നേതാക്കളിലൊരാളാണ് കെസി വേണുഗോപാൽ എന്നതിനാൽ പുതിയ പ്രസ്താവന ഐ ഗ്രൂപ്പിൽ വലിയ ചർച്ചയായേക്കും. ഏറെക്കാലമായി ചെന്നിത്തലയുടെ കൈപ്പിടിയിൽ നിന്നിരുന്ന വിശാല ഐ ഗ്രൂപ്പ് നേതൃപദവിക്ക് പല കാരണങ്ങളാലും അടുത്തകാലത്ത് ഉലച്ചിൽ തട്ടുന്നതായി വാർത്തകൾ സജീവമാണ്. ഇതിന് ആക്കംകൂട്ടുന്നതാണ് കെസിയുടെ ഇപ്പോഴത്തെ പ്രതികരണം.

തിരഞ്ഞെടുപ്പിനുശേഷം അടുത്തിടെ ആറുപേർ അടങ്ങുന്ന കോർ കമ്മിറ്റിയുടെ യോഗം ചെന്നിത്തല വിളിച്ചുചേർത്തെങ്കിലും പിപി തങ്കച്ചൻ മാത്രമാണ് അന്ന് എത്തിയത്. കെ മുരളീധരൻ, കെ സുധാകരൻ, കെ സി വേണുഗോപാൽ, വി ഡി സതീശൻ എന്നിവർ വിട്ടുനിന്നത് വലിയ ചർച്ചയാകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ പരോക്ഷമായെങ്കിലും ശക്തമായ വിമർശനവുമായി കെസി വേണുഗോപാൽ എത്തുന്നത്. മദ്യനയത്തെച്ചൊല്ലി കോൺഗ്രസ്സിലെ അടി തീരുന്നില്ലെന്ന സൂചനകളാണ് ഇതോടെ പുറത്തുവരുന്നത്. മാത്രമല്ല, ഐ ഗ്രൂപ്പിലെ ചെന്നിത്തലയുടെ ആധിപത്യത്തിനും ഇത് വലിയ ഭീഷണിയായി മാറിയേക്കുമെന്നാണ് സൂചനകൾ.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ മദ്യനയം സംബന്ധിച്ച് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ പരസ്യമായി അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിച്ചത് അനൗചിത്യവും അനുചിതവുമായെന്ന വിമർശനമാണ് കെ സി വേണുഗോപാൽ എംപി ഉന്നയിക്കുന്നത്. ഒരു വലിയ തിരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതത്തിൽ നിന്ന് കരകയറാൻ പാർട്ടിയും മുന്നണിയും ശ്രമിക്കുന്നതിനിടെ ഇത്തരം അഭിപ്രായ പ്രകടനം മുതിർന്ന നേതാക്കളിൽ നിന്ന് ഉണ്ടാകുന്നത് ശരിയല്ല.

വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ അത് ചർച്ചചെയ്യേണ്ടത് മാദ്ധ്യമങ്ങളിലല്ല, പാർട്ടി വേദികളിലാണ്. ഇങ്ങനെ ചെയ്തതുകൊണ്ട് എന്തു നേട്ടമാണ് പാർട്ടിക്കുണ്ടാകുകയെന്നും കെസി ചോദിക്കുന്നു. പാർട്ടിയെ കൂടുതൽ ക്ഷീണിപ്പിക്കുന്നതായിപ്പോയി ഈ അനാവശ്യ അഭിപ്രായ പ്രകടനമെന്നും കെസി തുറന്നടിക്കുന്നു.

എ ഗ്രൂപ്പിലെ നേതാക്കൾക്കെതിരെ പരസ്യ പ്രസ്താവനകൾ നടത്തിയിരുന്നെങ്കിലും ഐഗ്രൂപ്പിനകത്തെ കാര്യങ്ങൾ പുറത്തുപറഞ്ഞ് ഏറ്റുമുട്ടുന്ന സ്ഥിതി ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ചെന്നിത്തലയ്‌ക്കെതിരെ തന്നെ പരോക്ഷമായെങ്കിലും ഒരു തുറന്നുപറച്ചിലിന് കെസി വേണുഗോപാൽ തയ്യാറായത് ഐ ഗ്രൂപ്പിലെ മറ്റു നേതാക്കളിൽ ചിലരുടെയെങ്കിലും പിന്തുണയോടെയാണെന്നും ചർച്ചകൾ നടക്കുന്നുണ്ട്. വരുംദിവസങ്ങളിൽ ഐഗ്രൂപ്പിലെ ശീതസമരം മറനീക്കി പുറത്തുവരുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതും.

കെസി വേണുഗോപാലിന്റെ പോസ്റ്റ്: