തിരുവനന്തപുരം: ഇന്ത്യ ന്യൂസിലാൻഡ് ട്വന്റി 20 മത്സരം നാളെ വേണമെങ്കിലും നടത്താൻ സ്റ്റേഡിയം സജ്ജമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ജയേഷ് ജോർജ്. മത്സരത്തിന്റെ മുന്നൊരുക്കങ്ങളെ കുറിച്ച് മറുനാടൻ മലയാളിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തിരുവനന്തപുരം സ്റ്റേഡിയം ആധുനിക സൗകര്യങ്ങളുള്ളവയാണെന്നും കൊച്ചിയിൽ രണ്ട് മാസം കൊണ്ട് തീർക്കേണ്ട ജോലികൾ തീർക്കാൻ ഇവിടെ വെറും രണ്ടാഴ്ച കൊണ്ട് തീർക്കാമെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു. ടിസി മാത്യു ഉണ്ടായിരുന്നപ്പഴുള്ള പ്രഫഷണലിസം ഇപ്പോഴും കെസിഎയ്ക്കുള്ളിലുണ്ട്. കേരള ക്രിക്കറ്റിന്റെ ഗ്രാഫ് ഉയർത്തിയ വ്യക്തിയാണ് ടിസി മാത്യു.

മത്സരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നങ്ങൾക്കും ഒരു ഉപദേശിയായി അദ്ദേഹം ഉണ്ടാകുമെന്നും ജയേഷ് ജോർജ് കൂട്ടിച്ചേർത്തു. ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിൽ വലിയ ആവേശത്തോടെയാണ് തിരുവനന്തപുരത്തുകാർ സ്വീകരിച്ചത്. മത്സരം ഹൗസ്ഫുൾ ആയിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിമുഖത്തിന്റെ പൂർണ രൂപത്തിലേക്ക്

ഇന്ത്യ ന്യൂസിലാൻഡ് മത്സരത്തിന്റെ ഒരുക്കങ്ങളെ കുറിച്ച്?

മത്സരത്തിന്റെ ഒരുക്കങ്ങൾ ഒരു രണ്ട് മാസം മുൻപ് തന്നെ ആരംഭിച്ചിരുന്നു. അതിനോടനുബന്ധിച്ചുള്ള പിച്ച് നിർമ്മാണം ഗ്രൗണ്ട് ഒരുക്കം എല്ലാം തന്നെ പൂർത്തിയായി കഴിഞ്ഞു.കേരളത്തിന്റെ ഒരു രഞ്ജി ട്രോഫി മത്സരവും ഇവിടെ നടത്തിയിരുന്നു ബിസിസിഐയുടെ നിരീക്ഷകർ ആ മത്സരം കാണാനെത്തിയിരുന്നു.

പിന്നെ ഐസിസിയുടേയും ബിസിസിഐയുടേയും സംഘവും ന്യൂസിലാൻഡ് ടീമിന്റെ സെക്ക്യൂരിറ്റി ചുമതലയുള്ളവരും മറ്റ് ഒഫീഷ്യലുകളും എത്തി സ്റ്റേഡിയം പരിശോധിക്കുകയും പൂർണ തൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇവിടുത്തെ സ്റ്റേഡിയം ലോകോത്തരമാണ് അത്കൊണ്ട് തന്നെ അധികം തയ്യാറെടുപ്പുകൾ നടത്തേണ്ട ആവശ്യം ഇല്ലായിരുന്നു എന്നതാണ് സത്യം.നവംബർ 5ന് രാത്രി രണ്ട് ടീമുകളും എത്തും. കോവളം ലീല ഹോട്ടലിലാണ് ഇരു ടീമുകൾക്കും താമസത്തിന് സൗകര്യമൊരുക്കുന്നത്.

ഇനി സ്റ്റേഡിയത്തിലെ സൗകര്യങ്ങളിൽ വേണ്ടത് ഒരു ഓഫീസ് റൂമും റെക്കോർഡിങ്ങ് സൗകര്യം ഒരുക്കുകയുമാണ്. ഇപ്പോൾ അതിന്റെ പണി പുരോഗമിക്കുകയാണ്.പിന്നെ മത്സരത്തിന്റെ സുരക്ഷയുടെ കാര്യങ്ങൾ റെയ്ഞ്ച് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്. 23ന് അദ്ദേഹം മാധ്യമങ്ങളോട് ഇത് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കും. പിന്നെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മേയർ എംഎൽഎ എന്നിവരെ ഉൾപ്പെടുത്തിയുള്ള യോഗം 23ന് നടക്കും. മുഖ്യമന്ത്രി പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. പി്നനെ എംരിമാരും എംഎൽമാരും എല്ലാവരും ചേർന്നുള്ള ഒരു കമ്മിറ്റിയും ഇതിന് പുറമെ കെസിഎയുടെ സംഘാടക സമിതിയും സജീവമായി രംഗത്തുണ്ട്.

മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റ് വിൽപ്പനയെക്കുറിച്ച്

തിങ്കളാഴ്ച മുതലാണ് ഓൺലൈൻ വിൽപ്പന ആരംഭിച്ചത് അന്ന് രാവിലെ ചില പ്രശ്നങ്ങളുണ്ടായചത് കാരണം സൈറ്റ് കിട്ടാത്ത അവസ്ഥ വന്നു. പിന്നീട് അത് പരിഹരിച്ചിരുന്നു. പ്രതീക്ഷിച്ചതിലും വലിയ എണ്ണത്തിലാണ് ഓൺലൈൻ ടിക്കറ്റുകൾക്ക് ഡിമാൻഡുണ്ടായിരുന്നത്. ഒരേ സമയം പരമാവധി പതിനായിരം പേർ ടിക്കറ്റിന് വേണ്ടി സൈറ്റ് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും പലപ്പോഴും ഇത് പതിനയ്യായിരം കവിയുന്ന അവസ്ഥയുണ്ടായി. ആദ്യ ദിവസം തന്നെ 70 ശതമാനത്തോളം ടിക്കറ്റ ഓൺലൈനിൽ വിറ്റ് കഴിഞ്ഞു. പതിനായിരം ടിക്കറ്റ് മാത്രമാണ് ഓൺലൈനിൽ വെച്ചിരുന്നത്. ഇത് ഇപ്പോൾ കൂട്ടേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

നേരിട്ടുള്ള ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്യുന്നത് മോഹൻലാൽ

പിന്നെ മത്സരത്തിന്റെ നേരിട്ടുള്ള ടിക്കറ്റെടുക്കാനുള്ള സൗകര്യം 27 മുതലാണ് ആരംഭിക്കുക. ഇത് ഉദ്ഘാടനം ചെയ്യുന്നത് മലയാളികളുടെ സ്വന്തം ലാലേട്ടനാണ്. 27ന് അദ്ദേഹം ഒരു വിവാഹത്തിൽ പങ്കെടുക്കാനായി തിരുവന്നതപുരത്തെത്തുന്നുണ്ട് അപ്പോൾ ഇതിന്റെ ഉദ്ഘാടനം നടത്താം എന്നാണ് സമ്മതിച്ചിട്ടുള്ളത്. എന്തായാലും മത്സരം ഒരു ഫുൾഹൗസായിരിക്കും എന്ന് തന്നെയാണ് ഇപ്പോഴത്തെ സൂചന്. ഓൺലൈനിൽ 14 ദിവസം കൊണ്ട് ടിക്കറ്റ് വിൽപ്പന നടത്താൻ തീരുമാനിച്ചിരുന്നിട്ടും സൈറ്റിന് പ്രശ്നങ്ങളുണ്ടായിട്ട് പോലും ആദ്യ ദിവസം തന്നെ 70 ശതമാനം ടിക്കറ്റുകൾ വിറ്റ് പോയത് വലിയ കാര്യമാണ്.ഫെഡറൽ ബാങ്കിന്റെ തിരുവനന്തപുരത്തെയും മറ്റ് ജില്ലകളിലെയും തിരഞ്ഞെടുത്ത ശാഖകളിലൂടെ 27 മുതൽ ടിക്കറ്റ് ലഭിക്കും.

കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ക്രിക്കറ്റ് മത്സരങ്ങളെത്തുമ്പോഴുള്ള വ്യത്യാസം

കൊച്ചി സ്റ്റേഡിയം 1996ൽ നിർമ്മിച്ച ഒന്നാണ്. കുറച്ച് പഴയ മോഡലാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ഒരുപാട് സൗകര്യങ്ങളൊരുക്കേണ്ടി വന്നിരുന്നു. മത്സരത്തിന് മുൻപ് തന്നെ ഒരുപാട് പണം ചിലവഴിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. എന്നാൽ തിരുവനന്തപുരം നഗരത്തിലെ ഈ ക്രിക്കറ്റ് സ്റ്റേഡിയം വളരെ മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഒരു ആധുനിക മൈദാനമാണ് അതുകൊണ്ട് തന്നെ ഇവിടെ എപ്പോൾ വേണമെങ്കിലും അധികം ഒരുക്കങ്ങളില്ലാതെ മത്സരം നടത്താൻ കഴിയും. കൊച്ചിയിൽ ഒരു മത്സരത്തിന്റെ മുന്നൊരുക്കങ്ങൾ 2 മാസം മുൻപ് തുടങ്ങണം എന്നാൽ ഇവിടെ വെറും രണ്ടാഴ്ച മതി. എല്ലാം റെഡിമെയ്ഡാണ്.

ടിസി മാത്യുവിന്റെ അസ്സാന്നിധ്യം കെസിഎയിലെ പ്രൊഫഷണലിസവും

കേരള ക്രിക്കറ്റിന് മികച്ച സൗകര്യങ്ങളും ഇൻഫ്രാസ്ട്രക്ചറും ഒക്കെ തന്നെ കൊണ്ട് വരികയും, മികച്ച സ്റ്റേഡിയങ്ങളും, നല്ല കളിക്കാരെ വാർത്തെടുക്കുകയും അതോടൊപ്പം തന്നെ എല്ലാ അർഥത്തിലും കേരള ക്രിക്കറ്റിന്റെ ഗ്രാഫ് ഉയർത്തിയ വ്യക്തിയാണ് ടിസി മാത്യു എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. അതിൽ ആർക്കും ഒരു തർക്കവും ഇല്ല. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഒപ്പം ഉണ്ടായിരുന്ന നിരവധിപേർ ഇപ്പോഴത്തെ ടീമിനൊപ്പം ഉണ്ട്. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ തന്നെയാണ് ഞാനൊക്കെ വളർന്ന് വന്നത്. കൊച്ചിയിൽ അന്താരാഷ്ട്ര മത്സരങ്ങൾ നടന്നപ്പോഴും ഐപിഎൽ മത്സരങ്ങൾ നടന്നപ്പോഴുമെല്ലാം വെന്യു ഡയറക്ടറായ് പ്രവർത്തിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും തന്നെയാണ് ഞാനൊക്കെ വളർന്ന് വന്നത്. എപ്പോ ഒരു സംശയമുണ്ടെങ്കിലും മാത്യു സാറിനെ എപ്പോഴും ബന്ധപ്പെടുവാൻ സാധിക്കും. അദ്ദേഹത്തിനെപ്പോലെയുള്ള നിരവധി സീനിയേഴ്സ് ആയിട്ടുള്ള എസ്‌കെ നായർ സാർ ഉൾപ്പടെയുള്ള പ്രമുഖർ ഇപ്പോഴും ഉപദേശക സമിതിയിലുണ്ട്. ഈ പറഞ്ഞത്് പോലെ ആരെയും പുകച്ച് പുറത്ത് ചാടിച്ചിട്ടില്ല. എപ്പോഴും സമീപിക്കാവുന്നവരാണ് ടിസി മാത്യു സാർ ഉൾപ്പടെയുള്ളവർ-ജയേഷ് ജോർജ് പറയുന്നു.