തിരുവനന്തപുരം: യുവ ക്രിക്കറ്റ് താരം സഞ്ജു വി സാംസന്റെ അച്ഛൻ അധിക്ഷേപിച്ചതു കേരള ക്രിക്കറ്റ് അസോസിഷേയൻ പ്രസിഡന്റ് ടി സി മാത്യുവിനെ. കഴിഞ്ഞ ദിവസമാണു സഞ്ജു സാംസന്റെ അച്ഛൻ സാംസൺ വിശ്വനാഥ് കെസിഎ ഭാരവാഹിയെ അസഭ്യം പറഞ്ഞ വാർത്ത മറുനാടൻ മലയാളി പുറത്തുവിട്ടത്. ഇന്നലെ പുറത്തുവിട്ട ഈ വാർത്ത ഇന്ന് മലയാളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളെല്ലാം ഏറ്റെടുത്തു. വിഷയത്തിൽ കൂടുതൽ പേർ പ്രതികരികരണങ്ങളം ഇന്നുണ്ടായി. സംഭവത്തിൽ പരസ്യമായി മാപ്പു പറയാതെ സഞ്ജുവിനെ കേരള ടീമിൽ കളിപ്പിക്കേണ്ടെന്ന നിലപാടിലാണു കെസിഎ. അതിനായി അന്വേഷണം കമ്മീഷനെയും കെസിഎ നിയോഗിച്ചു.

ഡ്രസിങ് റൂമിലുണ്ടായ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയമിക്കാൻ കെസിഎ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഉയർന്ന ആരോപണങ്ങൾ നിഷേധിച്ചു സഞ്ജുവിന്റെ പിതാവും രംഗത്തെത്തി. ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങളിൽ മോശം പ്രകടനം തുടരുന്ന സാഹചര്യത്തിൽ സഞ്ജുവിനെ ഒഴിവാക്കി ത്രിപുരയ്‌ക്കെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചതോടെയാണു പ്രശ്‌നങ്ങൾ ഉടലെടുത്തത്. രഞ്ജി സീസണിൽ മികച്ച തുടക്കമാണ് സഞ്ജുവിന് ലഭിച്ചത്. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടുകയും ചെയ്തിരുന്നു. എന്നാൽ തുടർന്നിങ്ങോട്ട് തീർത്തും പരാജയമായിരുന്നു സഞ്ജു.

7 മത്സരത്തിൽ നിന്ന് 11 ഇന്നിങ്‌സുകളിലായി 334 റൺസ് മാത്രമാണ് നേടിയത്. അതിൽ ആദ്യ കളിയിൽ നേടിയ 154 റൺസുമുണ്ട്. അവസാന ആറു മത്സരത്തിൽ തീർത്തും നിരാശപ്പെടുത്തി. ഇതോടെയാണ് സഞ്ജുവിന് വിശ്രമം അനുവദിക്കാൻ കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ ധാരണയുണ്ടായത്. ത്രിപുരയ്‌ക്കെതിരായ മത്സരത്തിൽ നിന്നും ഒഴിവാക്കി. എന്നാൽ, ഡ്രസിങ് റൂമിലുണ്ടായ ചില സംഭവങ്ങളും സഞ്ജുവിനെ ടീമിൽ നിന്നു പുറത്താക്കാൻ കാരണമായി.

മുംബൈയിൽ നടന്ന ഗോവയ്ക്ക് എതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിൽ സഞ്ജു റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു. തുടർന്ന് ഡ്രസിങ് റൂമിലെത്തിയ താരം ബാറ്റ് തറയിലടിച്ചു രോഷം പ്രകടിപ്പിച്ചു. മത്സര ശേഷം ഹോട്ടലിൽ നിന്ന് അപ്രത്യക്ഷനാകുകയും ചെയ്തു. സഞ്ജുവിനെ കാണാതെ ടീം മാനേജ്‌മെന്റ് പരിഭ്രാന്തിയിലാവുകയും ചെയ്തു. ഇത് കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ പരാതി ആയി എത്തി.

പക്ഷേ, ഇന്ത്യൻ താരമെന്ന പരിഗണന നൽകി സഞ്ജുവിന് അടുത്ത മത്സരത്തിലും അവസരം നൽകി. ആന്ധ്രയ്ക്ക് എതിരെ ആദ്യ ഇന്നിങ്‌സിൽ വീണ്ടും പൂജ്യനായി പുറത്തായി. അടുത്ത ഇന്നിങ്‌സിൽ 7 റൺസാണ് എടുത്തത്. ഇതോടെ സഞ്ജുവിനെ ഒഴിവാക്കാൻ സെലക്ടർമാർ തീരുമാനിക്കുകയായിരുന്നു. ത്രിപുരയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് ഒഴിവാക്കിയതോടെ താരം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ഇതിനു പിന്നാലെയാണു സഞ്ജുവിന്റെ അച്ഛൻ ടി സി മാത്യുവിനെ ഫോണിൽ വിൽച്ചു മോശം ഭാഷയിൽ സംസാരിച്ചത്. ഇക്കാര്യങ്ങൾ കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. സഞ്ജുവിനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സഞ്ജു രേഖാമൂലം മാപ്പെഴുതി നൽകാതെ ടീമിലേക്കു മടക്കിവിളിക്കില്ലെന്നും സൂചനയുണ്ട്.

ബിസിസിഐയുടെ കീഴിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിനിടെയാണു സംഭവമെന്നതിനാൽ ബിസിസിഐയും ഇക്കാര്യത്തിൽ ഇടപെടുമെന്നാണു സൂചന. അതുകൊണ്ടു തന്നെ സഞ്ജുവിന്റെ കരിയറിൽ നിർണായകമായ സംഭവമാകും ഇത്. വിവാദം പൊട്ടിപ്പുറപ്പെട്ടതോടെയാണു വിശദീകരണവുമായി സഞ്ജുവിന്റെ പിതാവ് രംഗത്തെത്തിയത്. സഞ്ജു ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നാണു പിതാവു പറയുന്നത്. ഡ്രസിങ് റൂമിൽ നടന്നുവെന്നു പറയുന്ന സംഭവം സാധാരണ ഗതിയിൽ ഉള്ളതു മാത്രമാണെന്നും മോശം ഫോമിലെ നിരാശ പ്രകടിപ്പിച്ചതാണെന്നുമാണു സഞ്ജുവിന്റെ അച്ഛൻ പറഞ്ഞത്. കളിസ്ഥലത്തു നിന്ന് അപ്രത്യക്ഷനായിട്ടില്ലെന്നും തൊട്ടടുത്തു ടീമംഗങ്ങൾ താമസിക്കുന്ന ഹോട്ടൽ മുറിയിലേക്കാണു സഞ്ജു പോയതെന്നും സാംസൺ വിശ്വനാഥ് പറഞ്ഞു.