റാസൽ ഖൈമ: കേരളത്തിലെ എക്യൂമിനിക്കൽ സഭകളുടെ ഐക്യ വേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി ) U.A.E. മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാസൽ ഖൈമ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തിൽ ഒരുക്കിയ 'ബോണാ ഖ്യംതാ' (Happy Easter) എന്ന സമൂഹ സംഗീത ഗാനോപഹാരം വിശ്വാസികൾക്ക് വേറിട്ട അനുഭവമായി.

കെ.സി.സി റാസൽ ഖൈമ യൂണിറ്റ് ഉൽഘാടനത്തോടനുബന്ധിച്ചാണ് സമൂഹ സംഗീത ഗാനോപഹാരം അരങ്ങേറിയത്.യു.എ.യി ലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാനൂറോളം ഗായകർ ഒരേ വേദിയിൽ രാഗ താള ലയ ഭംഗിയോടെ ചിട്ടയായി ഗാനങ്ങൾ ആലപിച്ചപ്പോൾ കെ.സി.സി യുടെ ചരിത്രത്തിൽ പുതിയ അധ്യായമായി.

അരമായ സുറിയാനിയിൽ 'ഖോം' (ഉയർത്തെഴുന്നേറ്റു) എന്ന് പേരിട്ട ഗാന ശില്പത്തിന് ആഗോള ക്രൈസ്തവ മലയാള സമൂഹത്തിന്റെ ശ്രദ്ധ ആകർഷിച്ച പ്രശസ്ത ആരാധനാ സംഗീതജ്ഞനും, സംവിധായകനും ആയ ഫാ. ജോൺ സാമുവേലാണ് നേതൃത്വം നൽകിയത്.

വിവിധ എമിറേറ്റുകളിലെ വിവിധ സഭകളിൽ പെട്ട നാനൂറോളം ഗായകർക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ പരിശീലനം നൽകിയതും സംവിധാനം നിര്വഹിച്ചതും ഫാ. ജോൺ സാമുവേലാണ്.

പ്രത്യകം തയ്യാറാക്കിയ വേദിയിൽ പത്തിലധികം സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്ന വിദഗ്ദ്ദരുടെ പിന്തുണയോടെ തന്റെ മാന്ത്രിക വിരലുകൾ കീ ബോർഡിൽ അമരുമ്പോഴുതിരുന്ന സ്വര വീചികൾക്ക് അനുസൃതമായും അംഗ വിക്ഷേപങ്ങളോടെയും ഫാ. ജോൺ സാമുവേൽ ഗായക വൃന്ദത്തെ സംഗീത ലോകത്തിന്റെ കൊടുമുടികളിലേക്കുയർത്തുന്നത് തിങ്ങിക്കൂടിയ നൂറു കണക്കിന് ശ്രോതാക്കളിൽ സ്വർഗീയാനുഭൂതി നൽകി.

കെ.സി.സി മേഖലാ സംഗീതവിഭാഗമായ കാന്റിക്കിൾസ് ഉദ്ഘാടനവും ഇതേ വേദിയിൽ നിർവ്വഹിച്ചു. സൺഡേ സ്‌കൂൾ വിദ്ദ്യാർത്ഥികൾക്കായി ഈസ്റ്റർ എഗ്ഗ് പെയിന്റിങ് മത്സരവും നടന്നു.കെ.സി.സി റാസൽ ഖൈമ യുണിറ്റ് പ്രസിഡന്റ് ഫാ. ഐപ്പ് പി. അലക്‌സ് അധ്യക്ഷനായി.

കെ.സി.സി ഗൾഫ് സോൺ പ്രസിഡന്റ് റവ. ജോ മാത്യു, വൈസ് പ്രസിഡന്റ് ഫാ. ജോർജ്ജ് പെരുമ്പട്ടേത്ത്, ഫാ. ജോൺ സാമുവേൽ എന്നിവർ സംയുക്തമായി ഉദ്ഘാടനം നിർവ്വഹിച്ചു.ഫാ. അബിൻ എബ്രഹാം, റവ. ടി. സി. ചെറിയാൻ, ജോബ് ഐ. ചാക്കോ, ഡെജി പൗലോസ്, അലക്‌സ് തരകൻ, എബി ആനിക്കാട്, ബാബു കുര്യൻ പുളിയേരിൽ, ഷാജൻ തോമസ്, സുനിൽ മാത്യു എന്നിവർ പ്രസംഗിച്ചു.

U.A.E. യിൽ നിന്ന് സ്ഥലം മാറിപ്പോകുന്ന വൈദികർക്ക് മോനി ചാക്കോ, ജോബി ജോഷ്വ, ബിജു പാപ്പച്ചൻ എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു.രാജേഷ് ഫിലിപ്പ് തോമസ് , മേഴ്സി ബേബി, സനിൽ കല്ലറക്കൽ, സജി വർഗീസ്, രാജു പി. എ., ബിനു വർഗീസ്, ഗീവർഗീസ് സാം, സുജാ ഷാജി എന്നിവർ നേതൃത്വം നൽകി.