കാർഡിഫ്: വിശ്വാസ പൈതൃകത്തിലും ക്‌നാനായ സമുദായ പാരമ്പര്യ പൈതൃകത്തിലും പ്രൗഢഗംഭീരമായ പ്രവർത്തനോദ്ഘാടനമാണ് ബ്രാഹ്മാർ-കാർഡിഫ്-ന്യൂപോർട്ട് (ബിസിഎൻ) ക്‌നാനായ കാത്തലിക് യൂണിറ്റ് അംഗങ്ങൾ നവതലമുറയ്ക്ക് മാതൃകയാകത്തക്കവിധം പ്രദാനം ചെയ്തത്.

യുകെകെസിഎ സ്പിരിച്ച്വൽ അഡൈ്വസറും ഷൂസ്‌ബെറി രൂപതാ ക്‌നാനായ ചാപ്ലിയനുമായ ഫാ. സജി മലയിൽ പുത്തൻപുരയുടെ ദിവ്യബലിയോടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കമായത്. പ്രതിദിനം വിശുദ്ധഗ്രന്ഥം വായിച്ചും സഹോദരരോട് അനുകമ്പ മനോഭാവത്തിലും യേശുവിന്റെ തിരുശരീരരക്തങ്ങൾ സാധിക്കുന്ന ദിവസങ്ങളിൽ ഉൾക്കൊള്ളാനും അനുരഞ്ജന കൂദാശ മുടക്കം കൂടാതെ സ്വീകരിക്കണമെന്നും ഫാ. സജി മലയിൽ പുത്തൻപുര പറഞ്ഞു.

ദിവ്യബലിക്കുശേഷം നടന്ന പൊതുസമ്മേളനം തങ്കച്ചൻ തയ്യിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യു കെ കെ സി എ പ്രസിഡന്റ് സിജു മടക്കക്കുഴി ഉദ്ഘാടനവും, ഫാ. സജി മലയിൽ പുത്തൻപുര അനുഗ്രഹ പ്രഭാഷണവും നടത്തി. യു കെ കെ സി എ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ സാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തൻകളം, ജോയിന്റ് ട്രഷറർ ഫിനിൽ കളത്തിതോട് എന്നിവർ ആശംസയർപ്പിച്ചു.



ജിസിസിഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ ജെൻ ഫിലിപ്പിനെ പൊതു സമ്മേളനത്തിൽ അനുമോദിച്ചു. ആഷ്‌ലി തങ്കച്ചൻ, സെനിൻ കടംതോടി എന്നിവർ അവതാരകരായിരുന്നു.

പരിപാടികൾക്ക് തോമസ് പൊക്കത്തേൽ സ്വാഗതവും ലിസി തോമസ് പുത്തൻപുരയിൽ നന്ദിയും പറഞ്ഞു. തങ്കച്ചൻ തയ്യിൽ, തോമസ് പൊക്കത്തേൽ, ഫിലിപ്പ് പനംന്താനത്ത്, ലിസി പുത്തൻപുരയ്ക്കൽ, അനിൽ കോയിത്തറ, ജോസഫ് കടംതോടി, ബിനു പാരിപ്പള്ളിൽ, ലീലാമ്മ കൊച്ചുചെമ്മാന്ത്ര എന്നിവരും കെസിവൈഎൽ ഭാരവാഹികളും നേതൃത്വം നൽകി. ബിസിഎൻ യുവതലമുറയുടെ ദൃശ്യമനോഹരമായ കലാവിരുന്ന് പ്രശംസയും അഭിനന്ദനവും നേടി.