ഹൈദരബാദ്: ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റ നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ അധികാരം നിലനിർത്തിയ കെസിആർ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക്. തെലങ്കാന രാഷ്ട്രകാര്യ സമിതി അധ്യക്ഷൻ കെ. ചന്ദ്രശേഖര റാവു വ്യാഴാഴ്‌ച്ച ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചയ്ക്ക് 1.34നാണ് രാജ്ഭവനിൽ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

വിജയം ഉറപ്പായ ശേഷം കെസിആർ ജ്യോതിഷികളെ കണ്ടിരുന്നു. ഇതിന്് ശേഷമാണ് സത്യപ്രതിജ്ഞ ചെയ്യുന്ന സമയം ഉച്ചയ്ക്ക് 1.34 എന്ന് നിശ്ചയിച്ചത്. ഇതേ പോലെ ജ്യോതിഷികളുടെ ഉപദേശത്തെ തുടർന്നാണ് കാലാവധി പൂർത്തിയാക്കാൻ ഒമ്പത് മാസം ബാക്കിനിൽക്കെ കെസിആർ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ഗവർണർ ഇഎസ്എൽ നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ഏതാനും മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ തെലങ്കാന ഭവനിൽ യോഗം ചേർന്ന് ചന്ദ്രശേഖര റാവുവിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും. 119 അംഗ സഭയിൽ 88 സീറ്റിലാണ് ടി.ആർ.എസ് വിജയിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയാകുന്നത്.

ശക്തനായ നേതാവിനെ ലഭിക്കാതായപ്പോൾ കോൺഗ്രസ് വീണു

നിയമസഭാ ഫലം പുറത്ത് വന്നപ്പോൾ അപ്രതീക്ഷിത തിരിച്ചടിയാണ് കോൺഗ്രസിന് തെലങ്കാനയിൽ നേരിട്ടത്. തൊട്ടതെല്ലാം പിഴച്ചു. ടിഡിപി സഖ്യം ബൂമറാങ്ങായി. ചന്ദ്രശേഖര റാവുവിനെതിരെ ശക്തനായ ഒരു നേതാവിനെ അവതരിപ്പിക്കാൻ കോൺഗ്രസിനായില്ല. വരുന്ന ആന്ധ്ര തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സമ്മർദ്ദം ഏറ്റുന്നതാണ് അയൽപക്കത്തെ ഫലം. വോട്ടർ പട്ടികയിലും വോട്ടിങ് യന്ത്രത്തിലും നടന്ന ക്രമക്കേടുകൾ തോൽവിയിലേക്ക് നയിച്ചെന്ന് ആരോപിക്കുകയാണ് തെലങ്കാനയിൽ കോൺഗ്രസ്.

എന്നാൽ അതിനപ്പുറം, പാളിയ തീരുമാനങ്ങളെ പാർട്ടിക്ക് പഴിക്കേണ്ടി വരും. തെലങ്കാന രൂപീകരണ ശേഷം തെലുങ്ക് മണ്ണിൽ നഷ്ടമായ പ്രതാപം വീണ്ടെടുക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷിച്ചത്. ചിരവൈരി ആയിരുന്ന ചന്ദ്രബാബു നായിഡുവിനെ ഒപ്പം കൂട്ടി. മഹാസഖ്യം ഉണ്ടാക്കി. എന്നാൽ തെലങ്കാന കാർഡിറക്കാൻ അത് കെസിആറിന് അവസരമൊരുക്കി. തെലങ്കാനക്കെതിരെ സമരം നയിച്ച നായിഡുവിനെ പ്രചാരണ വേദിയിൽ രാഹുൽ ഗാന്ധി ചേർത്തു നിർത്തിയത് ടി ആർഎസിന് വോട്ട് നേടിക്കോടുത്തു.

തെലങ്കാന സമരം ശക്തമായിരുന്ന വടക്കൻ തെലങ്കാന ടി ആർ എസ് തൂത്തുവാരിയത് ടി ഡി പി വിരോധം കൊണ്ട് കൂടിയാണ്. മഹാകുട്ടമിക്ക് ഒരു നേതാവുണ്ടായിരുന്നില്ല. കെ സി ആറിനെ പോലെ പ്രഭാവം ഉള്ള എതിരാളിയെ നേരിടാൻ പോന്ന മുഖം രാഹുൽ ഗാന്ധിക്ക് അവതരിപ്പിക്കാനുമായില്ല. കെട്ടുറപ്പുള്ള പാർട്ടിക്കും നേതാവിനും തെലങ്കാന വോട്ട് ചെയ്തപ്പോൾ ടി ആർ എസ് ഭരണത്തുടർച്ച ഉറപ്പിച്ചു.

സെപ്റ്റംബർ ആറിനു സഭ പിരിച്ചുവിട്ട് കെ സി ആർ തെരഞ്ഞെടുപ്പിന് ഒരുങ്ങിയെങ്കിലും കോൺഗ്രസ് സഖ്യ ചർച്ചകൾ പൂർത്തിയാക്കിയത് നവംബറിൽ മാത്രമാണ്. സീറ്റ് വീതംവെപ്പിലെ കല്ലുകടി സഖ്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ സംശയം ജനിപ്പിച്ചു. മുസ്ലിം വോട്ടർമാർക്കിടയിലെ ആശയക്കുഴപ്പം മുതലെടുക്കാനായതുമില്ല.

നായിഡുവിനൊപ്പം ആന്ധ്രയിൽ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കോൺഗ്രസ്. അയൽപക്കത്തെ തോറ്റ പരീക്ഷണത്തിന്റെ കയ്‌പ്പ് കൂടെ ഉണ്ടാകും. ശക്തരായ പ്രാദേശിക കക്ഷികൾക്ക് എതിരെ രാഹുലിന് പുതിയ തന്ത്രങ്ങൾ പയറ്റേണ്ടി വരും.