വാഷിങ്ടൺ: കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിങ്ടണിന്റെ മലയാള ഭാഷാപഠന പദ്ധതിയായ 'കളരിക്ക് പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കേരള സർക്കാരിന്റെ പദ്ധതിയായ മലയാളം മിഷന്റെ അംഗീകാരമുള്ള 'കളരി', വാഷിങ്ടൺ മെട്രോ പ്രദേശത്ത് വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു.

ജനുവരി 21-നു ശനിയാഴ്ച നടന്ന ചടങ്ങിൽ കെ.സി.എസ്.എം.ഡബ്ല്യു പ്രസിഡന്റ് സന്ദീപ് പണിക്കർ ഭദ്രദീപം കൊളുത്തി പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുമാരി നിവേദിത അരുൺകുമാർ ആലപിച്ച ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങിൽ കെ.സി.എസ്.എം.ഡബ്ല്യു സെക്രട്ടറി സന്തോഷ് ജോർജ്, സംഘാടകരായ സുലേഖ സജീവ്, അർച്ചന നായർ, ബീന ടോമി എന്നിവർ സംസാരിച്ചു. കളരി അദ്ധ്യാപകരായ ജ്യോതി വിനീത് സ്വാഗതവും, ധന്യ അരുൺകുമാർ നന്ദിയും പറഞ്ഞു. വർഷാരംഭത്തിൽ തന്നെ പുതിയ ക്ലാസുകൾ തുടങ്ങാൻ കഴിഞ്ഞതിൽ കെ.സി.എസ്.എം.ഡബ്ല്യു ഭാരവാഹികളും, കളരി പരിശീലകരും സംതൃപ്തി പ്രകടിപ്പിച്ചു.

മേരിലാന്റിലെ ജർമൻ ടൗണിലും, കൊളംബിയയിലും നിലവിൽ രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിർജീനിയയിലെ ഫെയർഫാക്‌സിലാണ് മൂന്നാമതായി തുറന്ന 'കളരി' പഠന കേന്ദ്രം.

അഞ്ചുവയസ്സിനു മുകളിൽ പ്രായമുള്ള ഏവർക്കും കളരിയിൽ പ്രവേശനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് കെ.സി.എസ്.എം.ഡബ്ല്യു കമ്മിറ്റി അംഗങ്ങളിൽ ആരുമായും ബന്ധപ്പെടാവുന്നതാണ്. കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ടൺ വെബ്‌സൈറ്റ്: http://www.kcsmw.org/