മെൽബൺ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ യുവജന സംഘടനയായ മെൽബൺ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ യുവതിയുവാക്കൾക്കായി നടത്തിയ ഹോളി 2016 വിജയകരമായി പൂർത്തിയായി.

മെൽബണിലെ ക്ലയിറ്റൺ നവചിത്ര പാർക്കിൽ രാവിലെ 10ന് കെസിവൈഎൽ പ്രസിഡന്റ് ജോയൽ ജോസഫ് ഉദ്ഘാടനം ചെയ്തു. തുടർന്നു വിവിധ കലാ-കായിക മത്സരങ്ങളും ഗെയിമുകളും അരങ്ങേറി. വ്യത്യസ്ത നിറങ്ങൾ പരസ്പരം പങ്കുവച്ച് സ്‌നേഹവും ഐക്യവും പങ്കുവച്ചു. സ്വാദിഷ്ഠമായ ബാർ-ബി-ക്യൂ പരിപാടിക്ക് ഊർജം നൽകി. സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ചാപ്ലെയിൻ ഫാ. തോമസ് കുമ്പുക്കൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. മുപ്പതോളം യുവതിയുവാക്കൾ ഹോളി 2016ൽ പങ്കെടുത്തു. പരിപാടികൾക്ക് ജോയൽ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം നേതൃത്വം നൽകി.