പാലാ: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന തിന്മകളോടും അനീതിയോടും അഴിമതികളോടും പ്രതികരിക്കുന്നവരായിരിക്കണം യുവജനങ്ങളെന്ന് പാലാ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.വൈ.എം പാലാ രൂപതാ യുവജന മഹാസമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. യുവജനങ്ങൾ ഒരു ഖജനാവാണെന്ന സത്യം അവർ തിരിച്ചറിയണം. കുട്ടികളെ ദുരുപയോഗം ചെയ്യുന്നവർക്ക് രാഷ്ട്രമോ, സഭയോ അഭയസ്ഥാനം നൽകില്ലെന്നത് മനസിലാക്കണമെന്നും ബിഷപ്പ് പറഞ്ഞു.

യുവജനങ്ങൾക്ക് മതപരമായ വിഷയങ്ങളിൽ അറിവും നേതൃത്വ പരിശീലനവും നൽകുന്നതിനായി രൂപീകരിച്ച കെ.സി.വൈ.എമ്മിന്റെ ലക്ഷ്യം വിസ്മരിക്കരുതെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ദേശീയ മനുഷ്യാവകാശ കമ്മിഷനംഗം ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. യുവാക്കൾ നല്ല വാർത്തകളുടെ പ്രചാരകരാകണമെന്ന് കെ.സി.ബി.സി യൂത്ത് കമ്മിഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പറഞ്ഞു.

ദേശീയ ന്യൂനപക്ഷ കമ്മിഷൻ മുൻ അംഗം ഡോ. സിറിയക് തോമസ്, എം.ജി. സർവകലാശാല വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ, ളാലം പഴയ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ എന്നിവർ അനുഗ്രഹപ്രഭാഷണങ്ങൾ നടത്തി. കെ.സി.വൈ.എം രൂപതാ പ്രസിഡന്റ് ജിനു മാത്യു മുട്ടപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ. ജോസഫ് ആലഞ്ചേരിൽ സ്വാഗതവും രൂപത എക്സിക്യൂട്ടീവ് അംഗം നീതു കെ. ജോസഫ്് നന്ദിയും പറഞ്ഞു. ളാലം പുത്തൻ പള്ളി അങ്കണത്തിൽ തയാറാക്കിയ വേദിയിൽ പ്ലാശനാൽ കെ.സി.വൈ.എം പ്രവർത്തകർ അവതരിപ്പിച്ച ശ്രുതിതരംഗത്തോടെയാണ് യുവജനസംഗമത്തിന് തുടക്കമായത്.

സമ്മേളനാനന്തരം നടന്ന കാരുണ്യ സന്ദേശറാലി പാലാ സി.ഐ: ടോമി സെബാസ്റ്റ്യൻ ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് സമാധാനത്തിന്റെ പ്രതീകമായി വെള്ളരി പ്രാവുകളെ പറത്തി റാലിക്ക് സമാപനം കുറിച്ചു. കെ.സി.ബി.സി ഒൗേദ്യാഗിക വക്താവ് ഫാ. മാത്യു ചന്ദ്രൻകുന്നേൽ സമാപന സന്ദേശം നൽകി. രൂപതയിലെ 170 ഇടവകകളിൽനിന്നായി ആയിരക്കണക്കിന് പ്രവർത്തകരാണ് റാലിയിൽ പങ്കെടുത്തത്.