കുവൈത്തിലെ കാസർഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസറഗോഡ് അസോസിയേഷൻ (കെഇഎ) സംഘടിപ്പിക്കുന്ന കാസറഗോഡ് ഉത്സവ് 2017 ഒക്ടോബർ ആറിന് രാവിലെ പത്തു മണി മുതൽ അബ്ബാസിയ ഇന്റർഗ്രേറ്റഡ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ കെഇഎ യോഗം തീരുമാനിച്ചു.

പ്രശസ്ത സിനിമ പിന്നണി ഗായകരായ അൻവർ സാദത്ത്, ബാഹുബലി ഫെയിം നയന നായർ എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേള, പ്രശസ്ത നർത്തകി ദീപ സന്തോഷ് മംഗളൂർ ഒരുക്കുന്ന ഭരതനാട്യം എന്നിവയാണ് പരിപാടിയുടെ മുഖ്യ ആകർഷണം. കൂടാതെ ഒപ്പന, തിരുവാതിര, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, എന്നിവയും അരങ്ങേറും.

രാവിലെ 10 മണിക്ക് പൂക്കള മത്സരത്തോടെ പരിപാടികൾ ആരംഭിക്കും, തുടർന്ന് പുരുഷന്മാർക്കാണ് പായസ മത്സരം, കുട്ടികൾക്ക് കളറിങ് മത്സരം, സ്ത്രീകൾക്ക് മൈലാഞ്ചി മത്സരം തുടങ്ങിയവ നടക്കും. വിഭവ സമൃദ്ധമായ ഓണസദ്യ, മാവേലി, ചെണ്ടമേളം തുടങ്ങിയവ പരിപാടിക്ക് കൊഴുപ്പേകും.

പ്രധാനപ്പെട്ട രണ്ടു ആശയങ്ങളാണ് കാസർറോഗ് ഉത്സവ് 2017 സ്‌പെഷ്യൽ പ്രൊജക്ടുകളായി തിരഞ്ഞെടുത്തിരിക്കുന്നത്. ഞങ്ങൾ വ്യത്യസ്തരല്ല തലക്കെട്ടിൽ തെരഞ്ഞെടുക്കുന്ന നാല് ബഡ്സ് സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, റസ്റ്റ് ഇൻ പീസ് എന്ന തലക്കെട്ടിൽ കാസറഗോഡ് ജില്ലയിലെ സർക്കാർ ആശുപത്രി മോർച്ചറികളിൽ മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള മൊബൈൽ ഫ്രീസർ നൽകുക എന്നിവയാണ് പദ്ധതികൾ.

എൻഡോസൾഫൻ ദുരിതബാധിതർക്കായി നമുക്കും കൈകോർക്കാം, നമുക്കും നൽകാം ഒരു നേരത്തെ ഭക്ഷണം എന്നീ പദ്ധതികൾക്ക് ശേഷമാണ് കെഇഎ പുതിയ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ചു ചേർന്ന യോഗം പ്രെസിഡിറ്റിന് അനിൽ കല്ലാറിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് ചാരിറ്റി കൂപ്പൺ പ്രകാശനം മലബാർ ഗോൾഡ് കുവൈറ്റ് ഹെഡ് അഫ്‌സൽ ഖാൻ നിർവഹിച്ചു.

സലാം കളനാട്, രാമകൃഷ്ണൻ എന്നിവർ വിവിധ പ്രോജക്ടുകളുടെ വിശദീകരണം നൽകി. ഹമീദ് മധൂർ, മുഹമ്മദ് ആറങ്ങാടി, അഷ്റഫ് തൃക്കരിപ്പൂർ, നാസർ ചുള്ളിക്കര, സമദ് കൊട്ടോടി, നളിനാക്ഷൻ, നാസർ പി. എ, സുദൻ ആവിക്കര, നൗഷാദ് തിടിൽ, യൂണിറ്റി ഭാരവാഹികൾ എന്നിവർ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 99609730 എന്ന നമ്പറിൽ ബന്ധപ്പെടുക