- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടി പേരും രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച കമ്മീഷൻ നടപടി ഹൈക്കോടതിയും ശരിവെച്ചതോടെ ഇടിവെട്ടേറ്റത് പി ജെ ജോസഫിന്റെ രാഷ്ട്രീയ സ്വപ്നങ്ങൾക്ക്; ജോസഫിനും മോൻസ് ജോസഫിനും അയോഗ്യതയ്ക്ക് സാധ്യതയേറി; തൊടുപുഴയിൽ മകനെ മത്സരിപ്പിക്കാൻ ജോസഫ്; കടുത്തുരുത്തി കൈവിട്ടു പോകുന്ന മോൻസിന് മുമ്പിലുള്ളത് രാഷ്ട്രീയ വനവാസം മാത്രം; നിയമക്കുരുക്കിൽ ജോസഫ് വിഭാഗം
തിരുവനന്തപുരം: രണ്ടില ചിഹ്നം കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തി അനുവദിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടതോടെ യുഡിഎഫിൽ നിൽക്കുന്ന കേരളാ കോൺഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ്. ഇപ്പോഴത്തെ നിലയിൽ തദ്ദേശ തിരഞ്ഞെടുപ്പിലും രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് കിട്ടിയേക്കും. ഈ വിഷയം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും തലവേദന ആയിട്ടുണ്ട്.
ജോസ്, ജോസഫ് വിഭാഗങ്ങൾ രണ്ടില ചിഹ്നത്തിന് അവകാശം ഉന്നയിച്ചതിനെ തുടർന്ന് നേരത്തെ രണ്ടില ചിഹ്നം മരവിപ്പിച്ചിരുന്നു. നടപടി ഹൈക്കോടതി വിധിക്ക് വിധേയമായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. പിജെ ജോസഫ് വിഭാഗം ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ചെണ്ട ചിഹ്നത്തിൽ തന്നെയെന്ന് ഉറപ്പിക്കുന്നതാണ് ഹൈക്കോടതി ഉത്തരവ്.
കെഎം മാണിയുടെ മരണത്തിന് പിന്നാലെ പാർട്ടിയിൽ പിളർപ്പുണ്ടായതോടെയാണ് ചിഹ്നവും പാർട്ടിയുടെ പേരും സംബന്ധിച്ച അവകാശത്തർക്കം ഉടലെടുത്തത്. ജോസ് വിഭാഗം തന്നെ ചെയർമാനായി അംഗീകരിക്കാൻ തയ്യാറാകാഞ്ഞതിനാൽ പാലാ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കാൻ ജോസഫ് തയ്യാറായിരുന്നില്ല. പിന്നീട് യുഡിഎഫുമായി അകന്ന ജോസ് വിഭാഗം ഇപ്പോൾ എൽഡിഎഫിലാണ്. പാർട്ടി മാറിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ജോസ് വിഭാഗം മത്സരിക്കുന്നത് കേരള കോൺഗ്രസ് എം വിഭാഗത്തിന്റെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയിലായിരിക്കുമെന്നാണ് കോടതി ഉത്തരവ്.
അതേസമയം നേരത്തെ തന്നെ വിപ്പ് ലംഘിച്ചെന്ന പരാതി പി ജെ ജോസഫിനും മോൻസ് ജോസഫിനും എതിരായി നിലനിൽക്കുന്നുണ്ട്. ഇത് പ്രകാരം എംഎൽഎമാരെ അയോഗ്യരാക്കണം എന്നു കാണിച്ചു സ്പീക്കർക്ക് പരാതിയും ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സ്പീക്കർ അയോഗ്യതാ നടപടികളിലേക്ക് കടന്നാൽ അത് ജോസഫിനും മോൻസ് ജോസഫിനും കനത്ത തിരിച്ചടിയാകും. ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവച്ചാൽ കേരളാ കോൺഗ്രസ് പാർട്ടിയുടെ പേരും ചിഹ്നവും ജോസ് കെ മാണിക്ക് ഉപയോഗിക്കാമെന്നിരിക്കേ ഇരുവരേയും സ്പീക്കർ ശ്രീരാമകൃഷ്ണൻ അയോഗ്യരാക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ നിലപാട് മാത്രമേ ഇക്കാര്യത്തിൽ സ്പീക്കർ പരിശോധിക്കൂകയുള്ളൂ. അയോഗ്യത വന്നാൽ ഏറ്റവും നഷ്ടം മോൻസ് ജോസഫിനാകും. തൊടുപുഴയിൽ അടുത്ത തെരഞ്ഞെടുപ്പിൽ മകൻ അപ്പുവാകും സ്ഥാനാർത്ഥിയെന്ന സൂചന പിജെ ജോസഫ് നേരത്തെ നൽകിയിട്ടുണ്ട്. അയോഗ്യത വന്നില്ലെങ്കിൽ അപ്പുവിനെ തൊടുപുഴയിൽ നിർത്തി മറ്റൊരു സീറ്റിൽ പിജെ മത്സരിക്കാനും സാധ്യതയുണ്ട്. ഇതോടെ അയോഗ്യത വന്നാൽ കടുത്തുരുത്തി എംഎൽഎയായ മോൻസ് ജോസഫിന്റെ പ്രതിസന്ധി രൂക്ഷമാകും. ഇങ്ങനെ വന്നാൽ മോൻസിനെ സംബന്ധിച്ചിടത്തോലം അത് രാഷ്ട്രീയ വനവാസം ആയിരിക്കും.
മോൻസിന് അയോഗ്യത വന്നാൽ കടുത്തുരുത്തിയിൽ മത്സരിക്കാൻ ജോസഫിന്റെ വിശ്വസ്തൻ ഫ്രാൻസിസ് ജോർജാകും മത്സരിക്കുക. റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നിവരാണ് ജോസ് കെ മാണിക്കൊപ്പമുള്ള എംഎൽഎമാർ. റോഷി അഗസ്റ്റിന്റെ പരാതിയിൽ പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നിവരോടു നേരത്തേ വിശദീകരണം ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് പക്ഷത്തെ അംഗീകരിച്ചതു കൊണ്ട് റോഷിക്കും ജയരാജനും പ്രശ്നങ്ങളുണ്ടാകില്ല.
നേരത്തെ രാജ്യസഭാ വോട്ടെടുപ്പ്, അവിശ്വാസപ്രമേയ ചർച്ച എന്നിവയിൽ നിന്നു വിട്ടുനിൽക്കാൻ ജോസ് വിഭാഗവും യുഡിഎഫിന് വോട്ടു ചെയ്യാൻ ജോസഫ് വിഭാഗവും പരസ്പരം വിപ് നൽകിയിരുന്നു. വിപ് ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി ഇരുകൂട്ടരും നൽകിയ പരാതികളിലാണു നടപടി. ആരോപണം തെളിഞ്ഞാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം സഭാംഗത്വത്തിൽ നിന്നു പുറത്താക്കാം. യുഡിഎഫിനുള്ള രാഷ്ട്രീയ തിരിച്ചടി എന്ന നിലയിൽ ഈ തീരുമാനത്തിലേക്ക് സിപിഎം കടക്കാനും സാധ്യതയുണ്ട്.
കേരളത്തിൽ ഇതിന് മുമ്പ് രണ്ട് പേർക്ക് അയോഗ്യത വന്നിട്ടുണ്ട്. കേരള കോൺഗ്രസിലെ കലഹവും പിളർപ്പും തന്നെയാണു മുൻപു നിയമസഭയിലെ 2 പേരുടെ അയോഗ്യതയ്ക്കു വഴിതുറന്നത്. ആർ ബാലകൃഷ്ണപിള്ളയും പി.സി. ജോർജുമാണ് സ്പീക്കർ അയോഗ്യത കൽപിച്ചവർ. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ 1990 ജനുവരി 15നു പിള്ളയെ അയോഗ്യനാക്കിയതു സ്പീക്കർ വർക്കല രാധാകൃഷ്ണനാണ്. കേരള കോൺഗ്രസ് (ജെ) യുഡിഎഫ് വിട്ടപ്പോൾ കൂടെ പോകാതിരുന്ന പിള്ള കേരള കോൺഗ്രസ് (ബി) പുനരുജ്ജീവിപ്പിച്ചുവെന്നു പ്രസ്താവന നടത്തിയതോടെ ജോസഫ് ഗ്രൂപ്പ് വിപ് ഡോ. കെ.സി. ജോസഫ് സ്പീക്കറെ സമീപിച്ചു.
കേരള കോൺഗ്രസ് (എം) വിട്ടു കേരള കോൺഗ്രസ് (സെക്കുലർ) പുനരുജ്ജീവിപ്പിച്ചുവെന്ന് ആരോപിച്ചാണു മാണി ഗ്രൂപ്പിന്റെ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ജോർജിനെതിരെ പരാതി നൽകിയത്. 2015 നവംബർ 14നു ജോർജിനെ സ്പീക്കർ എൻ.ശക്തൻ അയോഗ്യനാക്കിയെങ്കിലും അതിനു മുൻപ് അദ്ദേഹം രാജിക്കത്തു നൽകി. രാജിക്കത്തു കണക്കിലെടുക്കാതെ അയോഗ്യത കൽപിച്ച സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ