- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അതിനിർണായക മത്സരത്തിൽ വിജയം കൈവിട്ടു കേരളം; സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ നിർണായക മത്സരത്തിൽ ഹരിയാനയോട് നാല് റൺസിന് തോറ്റു; സച്ചിൻ ബേബിയുടെയും സഞ്ജുവിന്റെയും അർദ്ധ സെഞ്ച്വറികളും തുണയായില്ല; തോൽവിയോടെ കേരളത്തിന്റെ നോട്ടൗക്ക് പ്രതീക്ഷ പൊലിഞ്ഞു
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ ഹരിയാനക്കെതിരെ കേരളത്തിന് തോൽവി. ഈ തോൽവിയോടെ തുടർച്ചെ മൂന്ന് വിജയം നേടിയ കേരളത്തിന്റെ പോരാട്ടത്തിന് അന്ത്യമാകുകയാണ്. നാലു റൺസിന്റെ തോൽവി വഴങ്ങിയതോടെ കേരളത്തിന്റെ നോക്കൗട്ട് പ്രതീക്ഷകൾ നശിച്ചു. ആദ്യം ബാറ്റുചെയ്ത് ആറു വിക്കറ്റ് നഷ്ടത്തിൽ ഹരിയാന ഉയർത്തിയ 199 റൺസെന്ന വിജയലക്ഷ്യം തേടി കളത്തിലിറങ്ങിയ കേരളത്തിന് ആറു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറുകളിൽ തകർത്തടിക്കാൻ സാധിക്കാതെ പോയതാണ് കേരത്തിന്റെ തോൽവിക്ക് ഇടയാക്കിയത്.
മുൻ ക്യാപ്റ്റൻ സചിൻ ബേബിയും (36 പന്തിൽ 68) ക്യാപ്റ്റൻ സഞ്ജു സാംസണും (31 പന്തിൽ 51) അർധസെഞ്ച്വറി നേടിയെങ്കിലും വിജയത്തിലേക്കെത്താനായില്ല. മുഹമ്മദ് അസ്ഹറുദ്ദീൻ 35 റൺസെടുത്തു. വലിയ റൺസ് ചേസ് ചെയ്യാൻ ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ പിഴക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഹരിയാന ക്യാപ്റ്റൻ മോഹിത് ശർമയുടെ ബൗളിങ്ങിൽ റോബിൻ ഉത്തപ്പയെ വിക്കറ്റ് കീപ്പർ രോഹിത് ശർമ രണ്ടു തവണ കൈവിട്ടു. പിന്നാലെ ആദ്യ ഓവറിൽ രണ്ടു ബൗണ്ടറികൾ പായിച്ച ഉത്തപ്പക്ക് അടുത്ത ഓവറിൽ പുറത്തായി.
പിന്നീട് ഒത്തുചേർന്ന അസ്ഹറുദ്ദീനും സഞ്ജുവും ശ്രദ്ധാപൂർവം ഇന്നിങ്സിനെ മുന്നോട്ടുനയിക്കുകയായിരുന്നു. ഇന്ത്യൻ താരം യൂസ്വേന്ദ്ര ചഹൽ ബൗളിങ് എൻഡിലെത്തിയെങ്കിലും ഇരുവരും പതറിയില്ല. ചഹലിനെ ഒരുതവണ മിഡ്വിക്കറ്റിന് മുകളിലൂടെ അസ്ഹർ സിക്സിന് പറത്തുകയും ചെയ്തു. ചഹലിനെ ലോങ് ഓഫിലൂടെ സിക്സറിന് പായിച്ചാണ് സഞ്ജു അർധശതകം തികച്ചതും. എന്നാൽ, സുമിത് കുമാറിന്റെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച സഞ്ജുവിനെ തകർപ്പൻ ക്യാച്ചിലൂടെ തിരിച്ചയച്ച് ചഹൽ മറുപടി നൽകി. 31 പന്തിൽ അഞ്ചു ഫോറും മൂന്നു സിക്സുമടക്കമാണ് സഞ്ജു 51 റൺസെടുത്തത്. 10.2 ഓവറിൽ സഞ്ജു തിരിച്ചുകയറുമ്പോൾ കേരളം 96 റൺസിലെത്തിയിരുന്നു.
മുംബൈക്കെതിരെ പുറത്താകാതെ 137 റൺസെടുത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ശ്രദ്ധ നേടിയ അസ്ഹറുദ്ദീൻ തുടക്കത്തിൽ ആക്രമണോത്സുക മൂഡിലായിരുന്നില്ല. സഞ്ജു കളം വിട്ടതോടെ അടിച്ചുതകർക്കാൻ ഒരുങ്ങിയ അസ്ഹറിന് അധികം മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. വീണ്ടും സുമിത് കുമാറിന്റെ ഊഴമായിരുന്നു. ഇത്തവണ ജയന്ത് യാദവിന്റെ മികച്ച ക്യാച്ച്. 25 പന്തു നേരിട്ട അസ്ഹർ രണ്ടു വീതം ഫോറും സിക്സുമടക്കമാണ് 35ലെത്തിയത്.
നിലയുറപ്പിച്ച ബാറ്റ്സ്മാന്മാർ മടങ്ങിയതോടെ സചിൻ ബേബിയും വിഷ്ണു വിനോദും ക്രീസിലൊന്നിച്ചു. കൂറ്റനടികൾക്ക് മുതിരാതെ തുടക്കത്തിൽ ക്രീസിൽ പിടിച്ചുനിൽക്കാനായിരുന്നു ഇരുവരുടെയും ശ്രമം. 16ാം ഓവറിൽ ചഹലിന്റെ ആദ്യ രണ്ടു പന്തുകളെ ലോങ് ഓഫിലേക്ക് സിക്സിനു പറത്തി സചിൻ ബേബി വിജയലക്ഷ്യത്തിലേക്ക് പൊരുതാനിറങ്ങി. എന്നാൽ, അതേ ഓവറിലെ നാലാം പന്തിൽ പന്ത് അതിർത്തി കടത്താനൊരുങ്ങിയ വിഷ്ണുവിനെ (10 പന്തിൽ 10) അതിർവരക്കരികെ സുമിത് കുമാർ പിടികൂടി പുറത്താക്കി.
മറുവശത്ത് സൽമാൻ നിസാറിനെ കാഴ്ചക്കാരനാക്കി നിർത്തി സചിൻ തകർത്തടിച്ചെങ്കിലും സൽമാന് പിന്തുണ നൽകാൻ സാധിച്ചില്ല. നേരിട്ട ആദ്യനാലു പന്തുകളിൽനിന്ന് സൽമാൻ ഒരു റൺ പോലും എടുക്കാൻ കഴിയാത്തത് പിന്നീട് മത്സരത്തിൽ തിരിച്ചടിയായി മാറുകയായിരുന്നു.
അവസാന ഘട്ടത്തിൽ റൺസ് കണ്ടെത്താൻ കഴിയാതെ കുഴങ്ങിയ സൽമാൻ ഏഴു പന്തു നേരിട്ട് എടുത്തത് അഞ്ചു റൺസ് മാത്രമായിരുന്നു. അവസാന ഓവറിൽ പുറത്തായി മടങ്ങുകയും ചെയ്തു. 36 പന്തിൽ മൂന്നു ഫോറും ആറു സിക്സുമുതിർത്ത സചിൻ രണ്ടു പന്തു മാത്രം ശേഷിക്കേ റണ്ണൗട്ടായി മടങ്ങി. അവസാന ഓവറിൽ 12 റൺസ് വേണ്ടിയിരിക്കേ, വിജയത്തിന് നാലു റൺസിപ്പുറം കേരളത്തിന് നിരാശരായി തിരിച്ചുകയറേണ്ടിവന്നു.
നേരത്തേ, ശിവം ചൗഹാൻ (34 പന്തിൽ 59), ചൈതന്യ ബിഷ്ണോയി (29 പന്തിൽ 45), രാഹുൽ തെവാത്തിയ (26 പന്തിൽ 41 നോട്ടൗട്ട്) എന്നിവർ മികവു കാട്ടിയപ്പോൾ ഹരിയാന മികച്ച ടോട്ടൽ എത്തിപ്പിടിക്കുകയായിരുന്നു. അരുൺ ചപ്രാന (10), ഹിമാൻഷു റാണ (ആറ്) എന്നിവരെ കേരളം എളുപ്പം പുറത്താക്കിയപ്പോൾ ഹരിയാന രണ്ടിന് 43 റൺസെന്ന നിലയിലായിരുന്നു. പിന്നീട് യാഷു ശർമ പൂജ്യത്തിനും രോഹിത് ശർമ നാലു റൺസിനും പുറത്തായതോടെ 12ാം ഓവറിൽ അഞ്ചിന് 102 റൺസെന്ന നിലയിലായി അവർ. എന്നാൽ, ചൗഹാനും തെവാത്തിയയും അവസാനഘട്ടത്തിൽ അടിച്ചു തകർത്തതോടെ മികച്ച സ്കോർ കണ്ടെത്തുകയായിരുന്നു. ചൗഹാൻ ആറു ഫോറും ഒരു സിക്സുമുതിർത്തപ്പോൾ ഐ.പി.എല്ലിൽ കൂറ്റനടികളിൽ താരമായ തെവാത്തിയ നാലു ഫോറും രണ്ടു സിക്സുമടിച്ചു. കേരള നിരയിൽ സചിൻ ബേബിയും ജലജ് സക്സേനയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
എലീറ്റ് ഗ്രൂപ് 'ഇ'യിൽ കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച ഹരിയാന 20 പോയന്റുമായി ഒന്നാം സ്ഥാനക്കാരാണ്. കേരളത്തിന് അഞ്ചു കളികളിൽ മൂന്നു ജയവുമായി 12 പോയന്റ് മാത്രമാണുള്ളത്.
മറുനാടന് ഡെസ്ക്