മിക്കവാറും എല്ലാവരും നമ്മുടെ ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യവും കാത്ത് സൂക്ഷിക്കുന്നതിനുള്ള ഭക്ഷണത്തിനും വ്യായാമത്തിനുമാണ് പ്രാധാന്യം കൊടുക്കാറുള്ളത്. തലച്ചോറിന്റെ ആരോഗ്യം നിലനിർത്താനുള്ള ഭക്ഷണം കഴിക്കുകയോ മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കുന്ന വ്യായാമത്തിലേർപ്പെടാനോ ഭൂരിഭാഗം പേരും ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല അതിനെക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ലെന്നതാണ് ദുഃഖകരമായ സത്യം. നിങ്ങളുടെ മസ്തിഷ്‌കത്തിന് എത്രത്തോളം ആരോഗ്യമുണ്ടെന്ന് നിങ്ങൾക്കറിയാമോ...? ഇത് കണക്കാക്കാൻ ഇപ്പോൾ ഒരു പുതിയ ടെസ്റ്റ് നടത്തുകയാണ് ആരോഗ്യ വിദഗ്ദ്ധർ ചെയ്തിരിക്കുന്നത്. ഇതിനായി 19 ചോദ്യങ്ങളടങ്ങിയ ഒരു ക്വിസാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓർമശക്തി, ചിന്ത, മസ്തിഷ്‌കത്തിന്റെ പ്രായമാകൽ എന്നിവയെ നേരിട്ട് ബാധിക്കുന്ന ജീവിതശൈലികളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണിതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നേടുന്ന പോയിന്റിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ഡയറ്റിലും വ്യായാമത്തിലും മാറ്റങ്ങൾ വരുത്തി മസ്തിഷ്‌കത്തിന്റെ ആരോഗ്യം എങ്ങനെ വർധിപ്പിക്കാമെന്നാണ് തുടർന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. പച്ചക്കറികളും മീനും കഴിക്കുക, പഞ്ചസാര ഒഴിവാക്കുക, സുഡോക്കു കളിക്കുകയും നന്മ ചെയ്യുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളിലൂടെ നിങ്ങളുടെ തലച്ചോറിനെ കാര്യക്ഷമമാക്കാനാകുമെന്നാണ് ഇതിലെ പ്രധാനപ്പെട്ട നിർദ്ദേശം. സപ്ലിമെന്റ് സ്ഥാപനമായ ഇക്വാസെൻ ആണ് ഈ ക്വിസിന്റെ ഉപജ്ഞാതാക്കൾ. നമ്മുടെ മസ്തിഷ്‌കം എത്ര മാത്രം ആരോഗ്യകരമാണെന്ന് ഇതിലൂടെ കണ്ടെത്താൻ സാധിക്കും.

നിങ്ങൾക്കെത്ര വയസായെന്നതാണ് ആദ്യ ചോദ്യം. 15നും 20നും ഇടയിൽ പ്രായമുള്ളവർക്ക് ഒരു പോയിന്റാണ് ലഭിക്കുക. 21 നും 30നും ഇടയിൽ പ്രായമുള്ളവർക്ക് രണ്ട് പോയിന്റ് ലഭിക്കും. 31നും 40നും ഇടയിലുള്ളവർക്ക് മൂന്ന് പോയിന്റും 41നും 50നും ഇടയിലുള്ളവർക്ക് നാല് പോയിന്റും ലഭിക്കും. 51ന് മുകളിലുള്ളവർക്ക് അഞ്ച് പോയിന്റാണ് കരഗതമാകുന്നത്. ഒരു ശരാശരി ആഴ്ചയിൽ എത്ര യൂണിറ്റ് ആൽക്കഹോൾ കഴിക്കുന്നുവെന്നതാണ് രണ്ടാമത്തെ ചോദ്യം. ഒന്നു മുതൽ ആറ് വരെ യൂണിറ്റുകൾ കഴിക്കുന്നവർക്ക് ഒരു പോയിന്റും ഏഴിനും 14നും ഇടയിലുള്ളവർക്ക് രണ്ട് പോയിന്റും 15 മുതൽ 21 വരെ യൂണിറ്റ് കഴിക്കുന്നവർക്ക് മൂന്ന് പോയിന്റുകളും 22നും 28 നും ഇടയിലുള്ള യൂണിറ്റ് അകത്താക്കുന്നവർക്ക് നാല് പോയിന്റും 29ന് മുകളിലുള്ള യൂണിറ്റ് ആൽക്കഹോൾ കഴിക്കുന്നവർക്ക് അഞ്ച് പോയിന്റുകളുമാണ് നിശ്ചയിച്ചിരിക്കുന്നത്.

മൂന്നാമത്തെ ചോദ്യം ബോഡി മാസ് ഇന്റക്‌സി (ബിഎംഐ)നെക്കുറിച്ചുള്ളതാണ്. ബിഎംഐ കണക്കാക്കുന്നതിനായി നിങ്ങളുടെ ഭാരത്തെ നിങ്ങളുടെ ഉയരമുപയോഗിച്ച് ഡിവൈഡ് ചെയ്യുകയും തുടർന്ന് ലഭിക്കുന്ന ഉത്തരത്തെ ഉയരമുപയോഗിച്ച് വീണ്ടും ഡിവൈഡ് ചെയ്യുകയും വേണം. ബിഎംഐ 18.5ൽ താഴെ ലഭിക്കുന്നവർക്ക് ഒരു പോയിന്റും 30നും 34.9നും ഇടയിലുള്ളവർക്ക് രണ്ട് പോയിന്റുകളും 35നും 39.9നും ഇടയിൽ ബിഎംഐ ഉള്ളവർക്ക് മൂന്ന് പോയിന്റുകളും 40ന് മുകളിൽ ബിഎംഐ ഉള്ളവർക്ക് അഞ്ച് പോയിന്റുകളുമാണ് ലഭിക്കുന്നത്. ശരാശരി ആഴ്ചയിൽ നിങ്ങൾ എത്ര ശാരീരിക വ്യായാമങ്ങൾ ചെയ്യുന്നുവെന്നാണ് മറ്റൊരു ചോദ്യം അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വ്യായാമത്തിൽ ഏർപ്പെടുന്നവർക്ക് നാല് പോയിന്റാണ് ഈ ക്വിസിൽ ലഭിക്കുന്നത്. ഒന്നര മണിക്കൂർ മുതൽ മൂന്ന് മണിക്കൂർ വരെ വ്യായാമത്തിലേർപ്പെടുന്നവർക്ക് മൂന്ന് പോയിന്റും മൂന്നര മുതൽ അഞ്ച് മണിക്കൂർ വരെ വ്യായാമം ചെയ്യുന്നവർക്ക് രണ്ട് പോയിന്റും അഞ്ചര മുതൽ എട്ട് മണിക്കൂർ വരെ യുള്ളവർക്ക് ഒരു പോയിന്റും എട്ട് മണിക്കൂർ മുകളിലുള്ളവർക്ക് പൂജ്യം പോയിന്റുമാണീ ക്വിസിൽ ലഭിക്കുന്നത്.

ഓരോ മാസവും എണ്ണയുള്ള മത്സ്യം എത്ര മാത്രം കഴിക്കുന്നുണ്ടെന്നാണ് മറ്റൊരു ചോദ്യം. ഒരിക്കലും ഇത്തരം മത്സ്യം കഴിക്കാത്തവർക്ക് അഞ്ച് പോയിന്റുകളും ഒന്ന് കഴിക്കുന്നവർക്ക് നാല് പോയിന്റുകളും ഒന്നോ രണ്ടോ കഴിക്കുന്നവർക്ക് മൂന്ന് പോയിന്റും രണ്ടെണ്ണം കഴിക്കുന്നവർക്ക് രണ്ട് പോയിൻരും മൂന്നെണ്ണം അകത്താക്കുന്നവർക്ക് ഒരു പോയിന്റും നാലോ അതിലധികമോ കഴിക്കുന്നവർക്ക് പൂജ്യം പോയിന്റുമാണ് ക്വിസസിൽ ലഭിക്കുക. പരമാവധി ഒരാഴ്ചയിൽ ഓയിലി ഫിഷിന്റെ നാല് പോർഷനുകളെങ്കിലും കഴിക്കാനാണ് ആരോഗ്യ വിഗദ്ധർ നിർദ്ദേശിക്കുന്നത്.

പുകവലി, ഡയറ്ററി സപ്ലിമെന്റിന്റെ ഉപയോഗം, രണ്ടാഴ്ചയിലൊരിക്കൽ കഴിക്കുന്ന വാൾനട്ടുകൾ, സോയ ബീൻസ്, ഫ്‌ലാക്‌സ്, തുടങ്ങിയ ആഹാരങ്ങൾ, ഉറങ്ങുന്ന സമയം, നിങ്ങൾക്കുള്ള രോഗങ്ങൾ, ഓർമയെക്കുറിച്ചുള്ള ചോദ്യം, ഏർപ്പെടുന്ന ബുദ്ധിപരമായ കളികൾ, കുടുംബക്കാർ, സുഹൃത്തുക്കൾ, അയൽക്കാർ തുടങ്ങിയവരുമായി സല്ലപിക്കുന്ന സമയം, തുടങ്ങിയവയുമായി ബന്ധപ്പെട്ടചോദ്യങ്ങളും ഈ ക്വിസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവയ്ക്കനുസൃതമായി നിങ്ങൾക്ക് പോയിന്റുകളും ഇതിൽ ലഭിക്കും.

പോയിന്റുകളുടെ അടിസ്ഥാനത്തിൽ ജീവിതശൈലിയിൽ മാറ്റം വരുത്താം

മേൽപറഞ്ഞ ക്വിസിൽ ലഭിക്കുന്ന പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഓരോരുത്തരും അവരുടെ ജീവിതശൈലികൾ പുനക്രമീകരിച്ച് മസിത്ഷ്‌കത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തണമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്.

പത്ത് പോയിന്റിൽ താഴെ ലഭിച്ചവർ

ക്വിസിൽ പത്ത് പോയിന്റിൽ താഴെ ലഭിച്ചവർക്ക് നല്ല മസിത്ഷ്‌കാരോഗ്യമാണുണ്ടായിരിക്കുകയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ പ്രായമാകുന്തോറും ഇവരും മസ്തിഷ്‌കത്തിന്റെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണമെന്നും നിർദ്ദേശമുണ്ട്. ഇത്തരക്കാർ തങ്ങളുടെ പ്രായത്തിനനുസൃതമായി തങ്ങളുടെ ആഹാരകാര്യത്തിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും നിർദ്ദേശമുണ്ട്. ഇത്തരക്കാരും ശാരീരികവും മാനസികവുമായ വ്യായാമങ്ങളിലേർപ്പെട്ട് തലച്ചോറിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടതുണ്ട്. നിങ്ങൾക്കിപ്പോൾ തന്നെ ഒരു ഡയറ്ററി സപ്ലിമെന്റുണ്ടെങ്കിലും നിലവാരമുള്ള ഇപിഎ, ഡിഎച്ച്എ ഒമേഗ 3 ഫാറ്റി ആസിഡുകളുള്ള സപ്ലിമെന്റ് കൂടി ശീലമാക്കുന്നത് നന്നായിരിക്കും.

11നും 30നും ഇടയിൽ പോയിന്റുകൾ നേടിയവർ

ഇത്തരക്കാരുടെ മസ്തിഷ്‌കം വേഗത്തിൽ പ്രായമാകുന്നുണ്ടെന്നറിയുക. ഇപ്പോൾ ഇതിന്റെ ലക്ഷണങ്ങൾ കാണുന്നില്ലെങ്കിലും തങ്ങളുടെ മസ്തിഷ്‌കത്തിന്റെകാര്യത്തിൽ ഇവർ കൂടുതൽ ശ്രദ്ധാലുക്കളാകണമെന്നാണ് വിദഗ്ദർ നിർദ്ദേശിക്കുന്നത്.ആഹാരകാര്യത്തിലും ബുദ്ധിപരമായ വ്യായാമങ്ങളുടെ കാര്യത്തിലും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണ്. ഒമേഗ 3 ഫാറ്റി ആസിഡുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ആഴ്ചയിലൊരിക്കലെങ്കിലും എണ്ണയുള്ള മത്സ്യം കഴിക്കേണ്ടതാണ്. ഒരു മണിക്കൂറെങ്കിലും ശാരീരിക വ്യായാമത്തിലേർപ്പെടണം. പുതിയ പുസ്തകങ്ങൾ വായിച്ച് ബുദ്ധി വികസിപ്പിക്കുകയും വേണം.

31 പോയിന്റിന് മുകളിൽ നേടിയവർ

ഇത്തരക്കാർ മസ്തിഷ്‌കത്തിന്റെ കാര്യത്തിൽ ബദ്ധ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. എണ്ണയുള്ള മത്സ്യവും പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കേണ്ടതാണ്. ഒമേഗ3 ഫാറ്റി ആസിഡുകൾ അടങ്ങിയ സപ്ലിമെന്റുകളും ശീലമാക്കണം. ഇത് മസ്തിഷ്‌കത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്. ബുദ്ധിപരമായ വ്യായാമങ്ങളും നല്ല സാമൂഹിക ബന്ധങ്ങളും കെട്ടിപ്പടുക്കേണ്ടതാണ്. ചിന്തയാണ് ഏറ്റവും വലിയ ബുദ്ധിപരമായ വ്യായാമം. അരമണിക്കൂറെങ്കിലും ശാരീരികമായ വ്യായാമത്തിനായി നീക്കി വയ്‌ക്കേണ്ടതാണ്. മസ്തിഷ്‌കത്തെ പരമാവധി ഉപയയോഗിച്ച് അതിന്റെ ആരോഗ്യം വർധിപ്പിക്കണം.