തെലുങ്ക് സിനിമയിലെ താരറാണിയും ദേശിയ പുരസ്‌ക്കാര ജേതാവുമായ സാവിത്രിയുടെ ജീവിത കഥ വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് മഹാനടി. സാവിത്രിയും ജെമിനി ഗണേശനും തമ്മിലുള്ള പ്രണയമാണ് ഈ ചിത്രം പ്രധാനമായും പറയുന്നത്. സാവിത്രിയായി കീർത്തി സുരേഷും ജമിനി ഗണേശനായി ദുൽഖർ സൽമാനുമാണ് വേഷമിടുന്നത്. സാവിത്രിയായുള്ള കീർത്തിയുടെ വേഷ പകർച്ച ദിവസം തോറും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയാണ്.

ഇപ്പോൾ ചിത്രത്തിലെ കീർത്തിയുടെ അഭിനയത്തിന് പ്രശംസയുമായി വന്നിരിക്കുകയാണ് സാവിത്രിയുടെ മകൾ വിജയ ചാമുണ്ഡേശ്വരി. ചിത്രം കണ്ടിറങ്ങിയ ശേഷമായിരുന്നു വിജയയുടെ പ്രതികരണം. 'ഞാൻ രണ്ടു തവണ ചിത്രീകരണം നടക്കുന്നിടത്ത് പോയിരുന്നു. ഷോട്ട് എടുത്തു കഴിഞ്ഞു കീർത്തി എന്റെ നേർക്ക് നടന്നു വരുന്നത് കാണുമ്പോൾ അമ്മ എന്റടുത്തേക്ക് വരുന്നത് പോലെയാണ് എനിക്ക് തോന്നിയിരുന്നത്.

എന്റെ അമ്മയെ അഭിനയിക്കാൻ കീർത്തിക്കുള്ളിൽ പ്രകൃത്യാ കിട്ടിയ അഭിനയ പാടവമുണ്ട്. ഞാൻ അവർക്ക് പത്തിരുപത്തഞ്ച് ടിപ്‌സുകൾ പറഞ്ഞു കൊടുത്തിരുന്നു. അതിൽ പത്തു പന്ത്രണ്ടെണ്ണമാണ് അവർ ഉപയോഗിച്ചത്. അത് അവരിൽ താനേ വന്നുചേർന്നതാണ്. ഷൂട്ടിങ്ങിന്റെ സമയത്തു കീർത്തി എന്നോട് ധാരാളം സംസാരിക്കുമായിരുന്നു. അമ്മയുടെ സ്വഭാവവും ചേഷ്ടകളും പ്രത്യേകിച്ച് ഭക്ഷണരീതികളെ കുറിച്ചുമെല്ലാം കൂടുതൽ അറിയാൻ അവരെന്നെ വിളിച്ചിരുന്നു.'

എല്ലാവരും വളരെ നന്നായി തന്നെ അഭിനയിച്ചു. ഞാൻ ഈ സിനിമയെക്കുറിച്ച് വളരെ സന്തോഷവതിയാണ്. ഞാനൽപം വൈകാരികമായി പോകുന്നുണ്ട്. കാരണം ആദ്യമായാണ് എന്റെ അമ്മയുടെ യഥാർത്ഥ കഥ പുറത്തുവരുന്നതെന്നും വിജയ പറഞ്ഞു.